Skip to main content

മൈ ഭാരത് വോളണ്ടിയർമാർക്ക് പരിശീലനം നൽകി

ദേശീയ റോഡ് സുരക്ഷ വാരാചരണത്തിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലയിലെ മൈ ഭാരത് വോളണ്ടിയർമാർക്ക് റോഡ് സുരക്ഷ ബോധവത്കരണത്തിൽ പരിശീലനം നൽകി. സംസ്ഥാന കായിക-യുവജനകാര്യ സെക്രട്ടറി പ്രണബ് ജ്യോതി നാഥ് പരിപാടി ഉദ്ഘാടനം ചെയ്തു. സുരക്ഷിതമായ റോഡ് യാത്ര ഉറപ്പാക്കുന്നതിൽ രാജ്യത്തെ യുവാക്കൾക്ക് പ്രധാന പങ്കുവഹിക്കാനാകുമെന്നും വിദ്യാർത്ഥികൾ സ്വയം മാതൃക സൃഷ്ടിക്കണമെന്നും അദ്ദേഹം പറഞ്ഞു.  

മോട്ടോർ വാഹന വകുപ്പ്, ട്രാഫിക് പോലീസ് എന്നിവരുടെ സഹകരണത്തോടെ നെഹ്‌റു യുവ കേന്ദ്രയാണ് പരിപാടി സംഘടിപ്പിച്ചത്. കുടപ്പനക്കുന്ന് സിവിൽ സ്റ്റേഷനിൽ സംഘടിപ്പിച്ച പരിശീലന പരിപാടിയിൽ ജില്ലയിൽ നിന്ന് നൂറോളം വോളണ്ടിയർമാരാണ് പങ്കെടുത്തത്. പരിശീലനം നേടിയ വോളണ്ടിയർമാരെ ജനുവരി 17 വരെ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ റോഡ് സുരക്ഷാ ബോധവത്കരണത്തിനായി നിയോഗിക്കും. അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ർ വിജേഷ്.വി റോഡ്‌സുരക്ഷയും ട്രാഫിക് നിയമങ്ങൾ സംബന്ധിച്ചും ക്ലാസെടുത്തു. എൻ.എസ്.എസ്, എൻ.സി.സി, സ്‌കൗട്ട്‌സ് ആൻഡ് ഗൈഡ്‌സ്, യുവജനക്ഷേമ ബോർഡ് വോളണ്ടിയർമാർ എന്നിവരാണ് മൈ ഭാരത് വോളണ്ടിയർമാരായി രജിസ്റ്റർ ചെയ്തിട്ടുള്ളത്.

ജനുവരി 11 മുതൽ 17 വരെയാണ് ദേശീയ റോഡ് സുരക്ഷാ വാരാചരണം. സംസ്ഥാനത്തൊട്ടാകെ രണ്ടായിരം വോളണ്ടിയർമാർക്കാണ് പരിശീലനം നൽകിയത്.

നെഹ്‌റു യുവ കേന്ദ്ര ഡയറക്ടർ എം.അനിൽ കുമാർ, ആർ.ടി.ഒ അജിത് കുമാർ.കെ എന്നിവരും പങ്കെടുത്തു.

date