Skip to main content

വർക്കല മിനി സിവിൽ സ്റ്റേഷന്റെ രണ്ടാം ഘട്ടം തുറന്നു : നാല് വില്ലേജ് ഓഫീസുകൾ കൂടി സ്മാർട്ടായി

*ഏഴ് സർക്കാർ ഓഫീസുകൾ കൂടി മിനി സിവിൽ സ്റ്റേഷനിലേക്ക്

 വർക്കല മിനി സിവിൽ സ്റ്റേഷനിൽ നിർമാണം പൂർത്തിയായ ബഹുനില മന്ദിരത്തിന്റെയും വർക്കല നിയോജക മണ്ഡലത്തിലെ നാല് സ്മാർട്ട് വില്ലേജ് ഓഫീസുകളുടെയും  ഉദ്ഘാടനം റവന്യൂ വകുപ്പ് മന്ത്രി കെ.രാജന്‍ നിര്‍വഹിച്ചു. കേരളത്തിലെ എല്ലാ വില്ലേജ് ഓഫീസുകളെയും ഘട്ടം ഘട്ടമായി സ്മാർട്ടാക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് മന്ത്രി പറഞ്ഞു. എല്ലാവർക്കും ഭൂമിയെന്ന ആശയം പ്രാവർത്തികമാക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും ഓരോ കുടുംബങ്ങൾക്കും റവന്യൂ കാർഡ്  സംവിധാനം നിലവിൽ വരുന്നതോടെ റവന്യൂ വകുപ്പ് സമ്പൂർണ്ണമായും സ്മാർട്ടാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

നാല് കോടി 42 ലക്ഷം രൂപ വിനിയോഗിച്ച് 674 ചതുരശ്ര മീറ്റർ വിസ്തൃതിയിലാണ് മിനി സിവിൽ സ്റ്റേഷന്റെ രണ്ടാം ഘട്ട നിർമ്മാണ പ്രവർത്തികൾ പൂർത്തിയാക്കിയത്.
 രണ്ടാം ഘട്ടമായി നിർമിച്ച രണ്ടും മൂന്നും നിലകളിലായി സബ് ആര്‍.ടി.ഒ, അസിസ്റ്റന്റ് രജിസ്ട്രാര്‍ ഓഫ് കോ- ഓപ്പറേറ്റീവ് സൊസൈറ്റീസ്, ചൈല്‍ഡ് ഡെവലപ്‌മെന്റ് പ്രൊജക്ട് ഓഫീസ്, ജി.എസ്.ടി ഓഡിറ്റിംഗ്, കയര്‍ ഇന്‍സ്‌പെക്ഷന്‍, ഫുഡ് ആന്‍ഡ് സേഫ്റ്റി, അസിസ്റ്റന്റ് ലേബര്‍ ഓഫീസ് തുടങ്ങി ഏഴ് സര്‍ക്കാര്‍ ഓഫീസുകളാണ് പ്രവര്‍ത്തനം ആരംഭിച്ചത് . താഴത്തെ നിലയില്‍ വര്‍ക്കല താലൂക്ക് ഓഫീസും തെരഞ്ഞെടുപ്പ് വിഭാഗവുമാണ് പ്രവര്‍ത്തിക്കുന്നത്.

വര്‍ക്കല താലൂക്കിലെ അയിരൂര്‍, ചെമ്മരുതി, വര്‍ക്കല, വെട്ടൂര്‍ വില്ലേജ് ഓഫീസുകളെയാണ് സ്മാര്‍ട്ട് വില്ലേജ് ഓഫീസ് പദവിയിലേക്ക് ഉയർത്തിയത്.2020-21 പ്ലാൻ ഫണ്ടിൽ നിന്നും 44 ലക്ഷം രൂപ വീതം മുടക്കി  അയിരൂര്‍ വില്ലേജ് ഓഫീസും , റീ ബിൽഡ് കേരള ഇനിഷ്യേറ്റീവ്  സ്കീമിൽ ഉൾപ്പെടുത്തി 44 ലക്ഷം രൂപ വിനിയോഗിച്ച് വെട്ടൂര്‍ വില്ലേജ് ഓഫീസും, 42,25,000 രൂപ വീതം  ചെലവഴിച്ച് ചെമ്മരുതി, വര്‍ക്കല വില്ലേജ് ഓഫീസുകളുമാണ് സ്മാർട്ടാക്കിയത്. വിവിധ ആവശ്യങ്ങള്‍ക്കായി എത്തുന്നവര്‍ക്ക് മികച്ച സേവനം ലഭ്യമാക്കാനായി ഫ്രണ്ട് ഓഫീസ്, കാത്തിരിപ്പു കേന്ദ്രം, ഇരിപ്പിട-കുടിവെള്ള സൗകര്യം, ഭിന്നശേഷി സൗഹൃദ ടോയ്ലറ്റ് തുടങ്ങിയ സൗകര്യങ്ങളും സ്മാര്‍ട്ട് വില്ലേജ് ഓഫീസുകളില്‍ ഒരുക്കിയിട്ടുണ്ട്.

വി.ജോയ് എം.എല്‍.എയുടെ അധ്യക്ഷതയില്‍ ചേർന്ന ഉദ്ഘാടന സമ്മേളനത്തില്‍ അടൂർ പ്രകാശ് എം.പി മുഖ്യാതിഥിയായി.വര്‍ക്കല നഗരസഭ ചെയര്‍മാന്‍ കെ.എം ലാജി, വർക്കല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്മിത സുന്ദരേശന്‍, ജില്ലാ കളക്ടർ ജെറോമിക് ജോർജ്, അഡിഷണൽ ജില്ലാ മജിസ്ട്രേറ്റ് അനിൽ ജോസ്.ജെ, രാഷ്ട്രീയ - സാംസ്‌കാരിക രംഗത്തെ പ്രമുഖർ എന്നിവരും ചടങ്ങിൽ സന്നിഹിതരായി.

date