Skip to main content

ഇ-മുറ്റത്തിലൂടെ സ്മാര്‍ട്ടായി കല്‍പ്പറ്റ നഗരസഭ ഡിജിറ്റല്‍ സാക്ഷരതാ പദ്ധതി പൂര്‍ത്തീകരിച്ചു

ഇ-മുറ്റം ഡിജിറ്റല്‍ സാക്ഷരതാ പദ്ധതി പൂര്‍ത്തീകരിക്കുന്ന ജില്ലയിലെ ആദ്യ തദ്ദേശ സ്വയംഭരണ സ്ഥാപനമായി കല്‍പ്പറ്റ നഗരസഭ. സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മ പരിപാടിയില്‍ ഉള്‍പ്പെടുത്തി സാക്ഷരതാ മിഷനിലൂടെയാണ് കല്‍പ്പറ്റ നഗരസഭയില്‍  ഇ-മുറ്റം ഡിജിറ്റല്‍ സാക്ഷരതാ പദ്ധതി നടപ്പിലാക്കിയത്. ഇ- മുറ്റം ഡിജിറ്റല്‍ സാക്ഷരതാ പദ്ധതി പൂര്‍ത്തീകരണ പ്രഖ്യാപനം അഡ്വ ടി.സിദ്ധീഖ് എം.എല്‍.എ  നിര്‍വ്വഹിച്ചു. സാക്ഷരതാ പ്രവര്‍ത്തനങ്ങളുടെ അതിനിര്‍ണ്ണായക ഘടകമാണ് ഇ-സാക്ഷരതയെന്ന് എം എല്‍ എ പറഞ്ഞു. ബസിന്റെ ബോര്‍ഡ്, വര്‍ത്തമാന പത്രങ്ങള്‍ തുടങ്ങിയവ വായിക്കാനും ഡിജിറ്റല്‍ പേയ്‌മെന്റ് നടത്താനുമെല്ലാം ആളുകളെ പഠിപ്പിക്കാന്‍ ആത്മാര്‍ത്ഥമായി പ്രയത്‌നിനിച്ചവരെ അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കല്‍പ്പറ്റ നഗരസഭ കൗണ്‍സില്‍ ഹാളില്‍ നടന്ന ചടങ്ങില്‍ കല്‍പ്പറ്റ നഗരസഭ ചെയര്‍മാന്‍ കേയംതൊടി മുജീബ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ മുഖ്യപ്രഭാഷണം നടത്തി. സന്നദ്ധ പ്രവര്‍ത്തകര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍വ്വഹിച്ചു.

ഡിജിറ്റല്‍ നിരക്ഷരത ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സാക്ഷരതാ മിഷന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നടപ്പാക്കുന്ന പദ്ധതിയാണ് ഇ-മുറ്റം. കംപ്യൂട്ടര്‍, ഇന്റര്‍നെറ്റ്, സ്മാര്‍ട്ട് ഫോണ്‍, സാമൂഹ്യ മാധ്യമങ്ങള്‍ തുടങ്ങിയവ കൈകാര്യം ചെയ്യാന്‍ പ്രാപ്തരാക്കുക എന്നതാണ് ഇ - മുറ്റം ഡിജിറ്റല്‍ സാക്ഷരതാ പദ്ധതിയുടെ ലക്ഷ്യം. പദ്ധതിയുടെ ഭാഗമായി കല്‍പ്പറ്റ ഗവ. എന്‍.എം.എസ്.എം.കോളേജിലെ എന്‍ എസ് എസ്, എന്‍ സി സി വളണ്ടിയര്‍മാര്‍ക്ക് പരിശീലനം നല്‍കി യിരുന്നു. അവര്‍ മുഖേന രജിസ്റ്റര്‍ ചെയ്ത പഠിതാക്കള്‍ക്ക് സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിച്ച് 10 മണിക്കൂര്‍ ക്ലാസ്സ് നല്‍കി. നഗരസഭയിലെ 28 വാര്‍ഡുകളിലേക്ക് 2 പേര്‍ വീതം 56 വിദ്യാര്‍ത്ഥികളുടെ  സേവനം ലഭ്യമാക്കി. സാക്ഷരതാ മിഷന്റെ മേപ്പാടി, കല്‍പ്പറ്റ ഹയര്‍ സെക്കന്‍ഡറി തുല്യതാ പഠന കേന്ദ്രങ്ങളിലെ പഠിതാക്കളും പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായി.

നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ കെ. അജിത, സ്ഥിരം സമിതി അധ്യക്ഷന്‍മാരായ അഡ്വ. എ.പി മുസ്തഫ, അഡ്വ.ടി.ജെ ഐസക്, സാക്ഷരതാ മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ പി.വി ശാസ്ത പ്രസാദ്, കല്‍പ്പറ്റ നഗരസഭ അസിസ്റ്റന്റ് സെക്രട്ടറി പി.ടി ദേവദാസ് തുടങ്ങിയവര്‍ സംസാരിച്ചു. കൗണ്‍സിലര്‍മാര്‍, ഉദ്യോഗസ്ഥര്‍, സാക്ഷരതാ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date