Skip to main content

തീരദേശ മത്സ്യത്തൊഴിലാളികൾക്കുളള വിവിധ പദ്ധതികൾക്ക് തുടക്കമായി

 

കാലപ്പഴക്കം വന്ന മത്സ്യബന്ധന യാനങ്ങൾ സ്റ്റീൽ ബോട്ട് ആയി മാറ്റുന്നതിന് സർക്കാർ നടപ്പിലാക്കുന്ന പദ്ധതികൾ ഉൾപ്പെടെ തീരദേശ മത്സ്യത്തൊഴിലാളികൾക്കുളള വിവിധ പദ്ധതികൾ നടപ്പിലാക്കുന്നതിനുളള കരാർ സ്വീകരിക്കലും, ഗുണഭോക്തൃ സംഗമവും സംഘടിപ്പിച്ചു. കൊയിലാണ്ടി മിനി സിവിൽ സ്റ്റേഷൻ കോൺഫറൻസ് ഹാളിൽ നടന്ന പരിപാടിയുടെ ഉദ്ഘാടനം മത്സ്യത്തൊഴിലാളി ക്ഷേമം സംബന്ധിച്ച നിയമസഭാ സമിതി അംഗവുമായ  കാനത്തിൽ ജമീല എംഎൽഎ നിർവഹിച്ചു.

ജില്ലയിൽ സ്റ്റീൽ ബോട്ട് നിർമ്മിക്കുന്നതിന് തെരഞ്ഞെടുക്കപ്പെട്ട 13 വ്യക്തിഗത ഗുണഭോക്താക്കൾക്ക് 15 ലക്ഷം രൂപ വീതം നൽകും. ഇതിനായി 4.5 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ചടങ്ങിൽ ബോട്ടുടമകളിൽ നിന്നും കരാർ പത്രിക എം.എൽ.എയും ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറും ചേർന്ന് ഏറ്റുവാങ്ങി. പരമ്പരാഗത വളളങ്ങൾ ഫൈബർ വളളങ്ങളുമായി മാറ്റുന്ന പദ്ധതി പ്രകാരം തെരെഞ്ഞെടുക്കപ്പെട്ട ഗുണഭോക്താക്കൾക്ക് അംഗീകാരം നൽകിയ ഉത്തരവും ചടങ്ങിൽ വിതരണം ചെയ്തു. 

പരമ്പരാഗത വളളങ്ങൾ ഫൈബർ നിർമ്മിതമാക്കുന്ന പദ്ധതി, ജി.പി.എസ് വിതരണം, ട്രോളിംഗിൽ ചെറുമത്സ്യങ്ങളെ ഒഴിവാക്കുന്നതിനുള്ള ഫിഷ്/ ഷ്രിംപ് കോഡൻ്റെകൾ വിതരണ പദ്ധതി, ശുദ്ധജലം ശേഖരിക്കന്നതിനുള്ള കുടിവെളള ടാങ്കുകൾ വിതരണം തുടങ്ങിയ പദ്ധതികളുടെ വിതരണോദ്ഘാടനവും ചടങ്ങിൽ നടന്നു. വിതരണം പൂർത്തിയാക്കാനുളള ഉപകരണങ്ങൾ അടുത്ത ദിവസങ്ങളിൽ ജില്ലാ ഓഫീസിൽ നിന്നും നൽകുന്നതാണെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു.

കൊയിലാണ്ടി നഗരസഭാ മെമ്പർമാരായ രത്നവല്ലി, സിന്ധു സുരേഷ്, വൈശാഖ്, സുധാകരൻ, ട്രേഡ് യൂണിയൻ പ്രവർത്തകരായ ഉദയഘോഷ്. പി.പി, സുനിലേശൻ. സി.എം, പി. ബാലകൃഷ്ണൻ, അസീസ് എന്നിവർ പരിപാടിയിൽ സംബന്ധിച്ചു

date