Skip to main content

ദേശീയ യുവജന വാരാഘോഷം

 

ലഹരിക്കെതിരേ പോരാടാന്‍ യുവജനങ്ങള്‍ മുന്നിട്ടിറങ്ങണം: എം കെ രാഘവന്‍ എംപി

കോളേജുകളിലും സ്‌കൂളുകളിലുമടക്കം അതിവേഗം വ്യാപിച്ചുകൊണ്ടിരിക്കുന്ന ലഹരിക്കെതിരേ പോരാടാന്‍ യുവജനങ്ങള്‍ മുന്നിട്ടിറങ്ങണമെന്ന് എം കെ രാഘവന്‍ എം.പി. നെഹ്‌റു യുവകേന്ദ്രയുടെ ആഭിമുഖ്യത്തില്‍ പ്രോവിഡന്‍സ് വിമൻസ് കോളേജില്‍ നടന്ന ദേശീയ യുവജന വാരാഘോഷത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

യുവജനശക്തിയെ തകര്‍ത്തുകളയുന്ന സിന്തറ്റിക് മയക്കുമരുന്നുകള്‍ ഉള്‍പ്പെടെയുള്ളവയുമായി ലഹരിമാഫിയ സമൂഹത്തില്‍ സജീവമാണ്. ഇതിന് തടയിടുന്ന കാര്യത്തില്‍ വലിയ പങ്കുവഹിക്കാന്‍ യുവാക്കള്‍ക്കും യുവതികൾക്കും കഴിയുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യയുടെ പൈതൃകം ലോകത്തിന് മുന്നില്‍ പരിചയപ്പെടുത്തിയ മഹാനാണ് സ്വാമി വിവേകാന്ദനെന്നും അദ്ദേഹത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊള്ളാന്‍ യുവജനത മുന്നോട്ടുവരണമെന്നും എം.പി പറഞ്ഞു. എ.ഡി.എം സി മുഹമ്മദ് റഫീഖ് അധ്യക്ഷത വഹിച്ചു.

പ്രിന്‍സിപ്പാള്‍ ഡോ. സിസ്റ്റര്‍ ജസീന ജോസഫ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി പി അബ്ദുല്‍ കരീം, നെഹ്‌റു യുവകേന്ദ്ര ജില്ലാ യൂത്ത് ഓഫീസര്‍ സി സനൂപ്, എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ ഡോ. സംഗീത ജി കൈമള്‍, അജയ് ദാസ് തുടങ്ങിയവര്‍ സംസാരിച്ചു.

സ്വാമി വിവേകാനന്ദന്റെ വര്‍ത്തമാനകാല പ്രസക്തിയെ കുറിച്ച് ടി ബാലകൃഷ്ണന്‍ ക്ലാസ്സെടുത്തു. സ്പിക്മക്കെയുടെ തോല്‍പ്പാവക്കൂത്ത് അവതരണവുമുണ്ടായി.

date