Skip to main content

ഡിജിറ്റൽ റീസർവേ നടപടികൾ വേഗത്തിൽ പൂർത്തിയാക്കും: മന്ത്രി കെ രാജൻ

ജില്ലയിലെ ഡിജിറ്റൽ റീ സർവേ നടപടികൾ വേഗത്തിൽ പൂർത്തിയാക്കാനുള്ള ശ്രമങ്ങൾ നടത്തുമെന്ന് റവന്യു-ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി കെ.രാജന്‍. ഭൂമി തരം മാറ്റൽ സംസ്ഥാന അദാലത്ത് ഉദ്ഘാടനത്തിന് ശേഷം പനമരത്ത് വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്ത് ഭൂമി തരം മാറ്റൽ അദാലത്തുകൾ വേഗത്തിൽ പൂർത്തിയാക്കും. തരം മാറ്റത്തിനുള്ള ഓൺലൈൻ അപേക്ഷകളുടെ ബാഹുല്യം കണക്കിലെടുത്ത് നടപടികൾ വേഗത്തിലാക്കാൻ പല വിധങ്ങളായ ഭേദഗതികളും ഉത്തരവുകളും സർക്കാർ പുറപ്പെടുവിച്ചിട്ടുണ്ട്. നിലവിൽ 3,74,218 ഓൺലൈൻ തരംമാറ്റം പേക്ഷകളിൽ 1,16,432 അപേക്ഷകളിൽ തീർപ്പാക്കി. 2,57,786 അപേക്ഷകളിൽ നടപടി പൂർത്തീകരിക്കാനുണ്ട്. അദാലത്തുകൾ വിജയകരമായി നടത്തുന്നതിന് ജില്ലകളിൽ എല്ലാ ക്രമീകരണങ്ങളും ചെയ്തിട്ടുണ്ട്. എല്ലാ ആഴ്ച്ചകളിലും നടത്തുന്ന റവന്യു സെക്രട്ടറിയേറ്റിൽ അദാലത്ത് സംബന്ധിച്ച അവലോകനം നടത്തുമെന്നും മന്ത്രി പറഞ്ഞു. ഡിജിറ്റൽ റീസർവേ നടപടികൾ ജില്ലയിൽ വേഗത്തിൽ പൂർത്തീകരിക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നത്. അതിന് ആവശ്യമായ എല്ലാ സംവിധാനങ്ങളും വകുപ്പ് ഒരുക്കും. ഫെയർ വാല്യുവിൻ്റെ പുനർനിർണ്ണയം നടത്തുക എന്നത് നാളുകളായിട്ടുള്ള ആവശ്യമാണ്. സ്ഥലങ്ങളുടെ നേരിടുള്ള പരിശോധനയും തരവും കണക്കിലെടുത്ത് സമാന ആധാരങ്ങൾ പരിശോധിച്ച് വില നിർണ്ണയിക്കേണ്ടതുണ്ട്. തരം മാറ്റ അപേക്ഷകളിലും സ്ഥലപരിശോധന നടത്തിയാണ് വില്ലേജ് ഓഫീസർമാർ റിപ്പോർട്ട് തയാറാക്കുന്നത്. ഇതോടൊപ്പം വില പുനർനിർണ്ണയ സ്റ്റേറ്റ്മെൻ്റ് കൂടി തയ്യാറാക്കുന്ന പക്ഷം ഭൂമിയുടെ ഫെയർ വാല്യു കൂടി പുനർ നിർണ്ണയിച്ച് നൽകാവുന്നതാണെന്നും ഇതിനാവശ്യമായ ഭേദഗതി തരം മാറ്റ പോർട്ടലിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. പട്ടയ മിഷൻ്റെ പ്രവർത്തനങ്ങളും ദ്രുതഗതിയിലാണ്. എല്ലാ റവന്യു രേഖകളും എ.ടി.എം കാർഡ് രൂപത്തിൽ സൂക്ഷിക്കാൻ കഴിയുന്ന റവന്യു കാർഡ് എന്ന ആശയവുമായി സർക്കാർ മുന്നോട്ട് പോകുകയാണ്. നവകേരള സദസ്സിൽ ലഭിച്ച പരാതികളെല്ലാം വേഗത്തിൽ തീർപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കി. വാർത്താ സമ്മേളനത്തിൽ ഒ.ആർ കേളു എം.എൽ.എ, പനമരം പഞ്ചായത്ത് പ്രസിഡന്റ് പി.എം ആസ്യ, ജില്ലാ കളക്ടർ ഡോ രേണു രാജ്, എ.ഡി.എം എൻ.ഐ ഷാജു, സബ് കളക്ടർ മിസാൽ സാഗർ ഭരത്, തുടങ്ങിയവർ പങ്കെടുത്തു.

ഭൂമി തരംമാറ്റ അദാലത്ത്: 251 അപേക്ഷകൾ തീർപ്പാക്കി

ജില്ലയിൽ 251 അപേക്ഷകൾ തീർപ്പാക്കി തരം മാറ്റത്തിനുള്ള ഉത്തരവുകൾ കൈമാറി. മൂന്ന് താലൂക്കുകളിൽ നിന്നായി 378 അപേക്ഷകളാണ് ലഭിച്ചത്. നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമപ്രകാരം സൗജന്യ ഭൂമി തരം മാറ്റുന്നതിന് അർഹതയുള്ള 25 സെൻ്റ് വരെ വിസ്തൃതിയുള്ള ഭൂമിയുടെ അപേക്ഷകളാണ് അദാലത്തിൽ പരിഗണിച്ചത്.

date