Skip to main content

പാലിയേറ്റീവ്   ദിനാചരണം നടത്തി

പാലിയേറ്റീവ് കെയർ ദിനാചരണത്തോടനുബന്ധിച്ച് മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് സെക്കൻഡറി പാലിയേറ്റീവ് കെയർ യൂണിറ്റിൻ്റെ നേതൃത്വത്തിൽ  പാലിയേറ്റീവ്   ദിനാചരണം നടത്തി.  ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജസ്റ്റിൻ ബേബി പാലിയേറ്റീവ് റാലി ഫ്ലാഗ് ഓഫ് ചെയ്യുകയും ദിനാചരണം  ഉദ്ഘാടനം ചെയ്യുകയും ചെയ്തു.  പൊരുന്നന്നൂർ സി.എച്ച്.സിയിൽ നടന്ന ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി കല്യാണി അധ്യക്ഷനായി. ആരോഗ്യ പ്രവർത്തക ജലജ പാലിയേറ്റീവ് കെയർ  ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പാലിയേറ്റീവ് വളണ്ടിയർമാർക്കുള്ള പരിശീലനം നടത്തി.   പാലിയേറ്റീവ് പരിചരണ രംഗത്ത് മികവ് പുലർത്തുന്ന വളണ്ടിയർമാരെ ആദരിച്ചു. പനമരം ഗവ.നഴ്സിംഗ് സ്കൂളിലെ വിദ്യാർഥികൾ വിവിധയിനം കലാപരിപാടികൾ അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ ഇന്ദിരാ പ്രേമചന്ദ്രൻ, വി ബാലൻ, ബി.എം വിമല, രമ്യാ താരേഷ്, നല്ലൂർനാട് ജില്ലാ ക്യാൻസർ സെൻറർ സൂപ്രണ്ട് ഡോ.ആൻസി മേരി ജേക്കബ്, പേരിയ മെഡിക്കൽ ഓഫീസർ ഡോ.ഷീജ, മെഡിക്കൽ ഓഫീസർ ഡോ. ഉമേഷ് , ജൂലി മാത്യു തുടങ്ങിയവർ സംസാരിച്ചു. പാലിയേറ്റീവ് ദിനത്തോടനുബന്ധിച്ച് കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത്, തരിയോട് സാമൂഹിക ആരോഗ്യ കേന്ദ്രം, തരിയോട് ഗ്രാമപഞ്ചായത്ത് പാലിയേറ്റീവ് കെയർ യൂണിറ്റ് എന്നിവയുടെ സഹകരണത്തോടെ തരിയോട് സെക്കൻഡറി പെയിൻ ആന്റ് പാലിയേറ്റീവ് വളണ്ടിയർ ഗ്രൂപ്പിന്റെ നേതൃത്വത്തിൽ പാലിയേറ്റീവ് ദിനാചരണം സംഘടിപ്പിച്ചു. തരിയോട് ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ രാധ പുലിക്കോട് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ ഷമീം പാറക്കണ്ടി അധ്യക്ഷനായി.  നിഖില മോഹൻ മുഖ്യാതിഥിയായി.  ബ്ലോക്ക് പഞ്ചായത്ത് അംഗം ഷിബു പോൾ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ വി ഉണ്ണികൃഷ്ണൻ, വിജയൻ തോട്ടുങ്കൽ, വത്സല നളിനാക്ഷൻ, സിബിൽ എഡ്വാർഡ്, ടി വി ജയിംസ്, കെ ടി ജോസഫ്, അബ്രഹാം കറുത്തെടുത്ത്, എൻ മാത്യു, വളണ്ടിയർ ഗ്രൂപ്പ് സെക്രട്ടറി എം ശിവാനന്ദൻ, ഹെൽത്ത് ഇൻസ്പെക്ടർ ഷിബു എന്നിവർ സംസാരിച്ചു. ആരോഗ്യപ്രവർത്തകർ, ആശാവർക്കർമാർ, നാഷണൽ സർവീസ് സ്കീം വിദ്യാർത്ഥികൾ, ജെ ആർ സി, സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾ, എൻസിസി കേഡറ്റുകൾ, വ്യാപാരികൾ, കുടുംബശ്രീ തുടങ്ങിയവർ പങ്കെടുത്തു.

 

date