Skip to main content
ആലപ്പുഴ സമ്പൂര്‍ണ ശുചിത്വ മണ്ഡലം: രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം 

ആലപ്പുഴ സമ്പൂര്‍ണ ശുചിത്വ മണ്ഡലം: രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം 

ആലപ്പുഴ: ആലപ്പുഴ സമ്പൂര്‍ണ ശുചിത്വ മണ്ഡലം രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നതിനായി പി.പി. ചിത്തരഞ്ജന്‍ എം.എല്‍.എയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. 

മണ്ഡലത്തിലെ എല്ലാ വാര്‍ഡുകളിലും ഫെബ്രുവരി 28 നുള്ളില്‍ യൂസര്‍ ഫീ കളക്ഷന്‍ 100 ശതമാനം എത്തിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കീഴില്‍ മാലിന്യമുക്ത പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട പ്രോജക്ടുകള്‍ക്ക് സാങ്കേതികാനുമതി അടിയന്തരമായി ലഭിക്കുന്നതിന് നടപടികള്‍ സ്വീകരിക്കാന്‍ എം.എല്‍.എ. നിര്‍ദ്ദേശം നല്‍കി. സ്‌കൂളുകളില്‍ നാഷണല്‍ സര്‍വീസ് സ്‌കീം വഴി നടപ്പാക്കുന്ന സ്‌നേഹാരാമം പദ്ധതിയിലൂടെ മണ്ഡലത്തിലെ പൊതു സ്ഥലങ്ങളില്‍ വൃത്തിയാക്കി പൂന്തോട്ടമുണ്ടാക്കും. വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ വെയ്സ്റ്റ് ബിന്നുകള്‍ സ്ഥാപിക്കും. മണ്ഡലത്തിലെ എല്ലാ വാര്‍ഡുകളിലും ക്ലസ്റ്റര്‍ അടിസ്ഥാനത്തില്‍ ബയോബിന്നുകള്‍ സ്ഥാപിക്കുന്ന കാര്യവും യോഗം ചര്‍ച്ച ചെയ്തു.

ജനകീയ പങ്കാളിത്തത്തോടെ ആലപ്പുഴയില്‍ നടന്ന പ്രവര്‍ത്തനങ്ങളെ തുടര്‍ന്ന് സമ്പൂര്‍ണ്ണ ശുചിത്വ മണ്ഡലം ഒന്നാം ഘട്ടം പൂര്‍ത്തീകരിച്ചതായി സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചതിന് ശേഷമാണ് രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമാകുന്നത്.

യോഗത്തില്‍ ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി, നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ.കെ. ജയമ്മ, മാരാരിക്കുളം വടക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുദര്‍ശനാ ഭായ്, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ പ്രദീപ് കുമാര്‍, സെക്രട്ടറിമാര്‍, സ്റ്റാന്‍ഡിംഗ് കമ്മറ്റി അധ്യക്ഷര്‍, ജനപ്രതിനിധികള്‍, മറ്റ് പ്രധാന ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. മാലിന്യമുക്ത പ്രവര്‍ത്തനങ്ങള്‍ക്ക് ദേശീയ അവാര്‍ഡ് നേടിയതിന് നഗരസഭ അധ്യക്ഷയെയും അംഗങ്ങളെയും എം.എല്‍.എ. യോഗത്തില്‍ ആദരിച്ചു.

date