Skip to main content

ചേലൊത്ത ചേർത്തല  രണ്ടാം ഘട്ടത്തിൽ ഊന്നൽ ദ്രവമാലിന്യത്തിനും പാഡ്, ഡയപ്പർ മാലിന്യത്തിനും

ആലപ്പുഴ: ചേലൊത്ത ചേർത്തല ക്യാമ്പയിന്റെ ഒന്നാം ഘട്ടത്തിലൂടെ സമ്പൂർണ്ണ ഖരമാലിന്യ ശുചിത്വ പദവി കൈവരിച്ച ചേർത്തല നഗരസഭ ചേലൊത്ത ചേർത്തല 2.0 എന്ന പേരിൽ ദ്രവ – സാനിറ്ററി പാഡ്, ‍ഡയപ്പർ മാലിന്യ സംസ്കരണത്തിന് വഴികൾ തേടുന്നു. മുഴുവൻ വീടുകളിലും ജൈവ മാലിന്യ സംസ്കരണത്തിന് ബയോബിന്നുകളും അജൈവ മാലിന്യ സംസ്കരണത്തിന് ഹരിത കർമ്മ സേനാംഗത്വവും ഉറപ്പാക്കി 2023 ഒക്ടോബർ രണ്ടിനാണ് ചേർത്തല നഗരസഭ ഖരമാലിന്യ ശുചിത്വ പദവി നേടിയത്. ക്യാമ്പയിന്റെ ആദ്യഘട്ടത്തിൽ ഉൾപ്പെടുത്താനാകാത്ത മേഖലകൾ കൂടി ഉൾക്കൊള്ളിച്ച് രണ്ടാം ഘട്ടം പദ്ധതി തയ്യാറാക്കുന്നതിനുള്ള ശില്പശാല നഗരസഭാ ചെയർപേഴ്സൺ  ഷേർളി ഭാർഗവൻ ഉദ്ഘാടനം ചെയ്തു.

ശില്പശാലയിൽ വൈസ് ചെയർമാൻ ടി. എസ്. അജയകുമാർ അദ്ധ്യക്ഷത വഹിച്ചു. സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻമാരായ മാധുരി സാബു, ശോഭ ജോഷി, ജി രഞ്ജിത്ത്, എ.എസ് സാബു, ഏലിക്കുട്ടി ജോൺ, കൗൺസിലർമാരായ പി ഉണ്ണികൃഷ്ണൻ, ആശാമുകേഷ്, ലിസി ടോമി, ഷീജാ സന്തോഷ്, എ. അജി തുടങ്ങിയവർ സംസാരിച്ചു. 

മുനിസിപ്പൽ സെക്രട്ടറി ടി.കെ. സുജിത് കരട് പദ്ധതി അവതരിപ്പിച്ചു. മാലിന്യ മുക്തം നവകേരളം ജില്ലാ ക്യാമ്പയിൻ സെക്രട്ടറിയേറ്റ് കോ-കോഡിനേറ്റർ പി ജയരാജ്, എ ട്രീ സീനിയർ പ്രോഗ്രാം ഓഫീസർ  റീമ ആനന്ദ്, സമുദ്ര ഷിപ്പ് യാഡ് ഡയറക്ടർ ജീവൻ സുധാകരൻ,   ജില്ലാ ശുചിത്വ മിഷൻ പ്രോഗ്രാം  ഓഫീസർ  അഖിൽ, മാലിന്യ സംസ്കരണ സംരംഭകൻ വിനോദ്, ക്ലീൻ സിറ്റി മാനേജർ എസ് സുദീപ് തുടങ്ങിയവർ സംസാരിച്ചു.

ചേലൊത്ത ചേർത്തല 2.0 എന്ന രണ്ടാം ഘട്ട ക്യാമ്പയിനിൽ ദ്രവമാലിന്യ സംസ്കരണത്തിനും സിന്തറ്റിക് നാപ്കിൻ വിമുക്ത നഗരസഭാ പദവി കൈവരിക്കുന്നതിനും ആദ്യഘട്ടത്തിലെ ഖരമാലിന്യ ശുചിത്വ പദവി നിലനിർത്തുന്നതിനുമായിരിക്കും മുൻതൂക്കം നൽകുകയെന്ന് ശില്പശാല ഉദ്ഘാടനം ചെയ്ത് നഗരസഭാ ചെയർപേഴ്സൺ ഷേർളി ഭാർഗവൻ അറിയിച്ചു. 

ശിൽപ്പശാലയിൽ ജൈവമാലിന്യ പരിപാലനം, സിന്തറ്റിക് പാഡ് വിമുക്ത നഗരസഭ – പീരീഡ് ഫ്രണ്ട്ലി നഗരസഭ, അജൈവ മാലിന്യ പരിപാലനം, ദ്രവമാലിന്യ സംസ്കരണം, ഹരിത പ്രോട്ടോക്കോൾ നടപ്പാക്കൽ, നഗര സൗന്ദര്യവത്കരണം, എൻഫോഴ്സ്മെന്റ് തുടങ്ങിയ വിഷയങ്ങളിൽ   ചർച്ചകൾ നടന്നു. പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർമാരായ സ്റ്റാലിൻ ജോസ്, ഹർഷിദ് എസ്,  അഖില എസ്. ശങ്കർ, ജി. പ്രവീൺ, എൻ.വി. സുമേഷ് എന്നിവർ ശില്പശാലയ്ക് നേതൃത്വം നൽകി.

date