Skip to main content
സഹകരണ ബാങ്കിൽ നിക്ഷേപിക്കുന്ന തുക നാടിൻ്റെ വികസനത്തിന് - മന്ത്രി വി.എൻ. വാസവൻ

സഹകരണ ബാങ്കിൽ നിക്ഷേപിക്കുന്ന തുക നാടിൻ്റെ വികസനത്തിന് - മന്ത്രി വി.എൻ. വാസവൻ

ആലപ്പുഴ: ജനങ്ങൾ സഹകരണ ബാങ്കിൽ നിക്ഷേപിക്കുന്ന ചെറിയ തുകകൾ നാടിൻ്റെ ഉത്പാദന മേഖലയിലാണ് വിനിയോഗിക്കപ്പെടുന്നതെന്ന് സഹകരണ വകുപ്പ് മന്ത്രി വി.എൻ. വാസവൻ. അരൂർ സെൻട്രൽ സർവീസ് ബാങ്കിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

ദേശസാത്കൃത, സ്വകാര്യ ബാങ്കുകളിൽ നിക്ഷേപിക്കുന്ന തുകകളുടെ നല്ല ശതമാനവും ഉത്തരേന്ത്യയിലെ വൻകിട കോർപ്പറേറ്റുകൾക്കായിരിക്കും ഗുണം ചെയ്യുക. നിക്ഷേപ വായ്പ അനുപാത തോത് സഹകരണ മേഖലയിൽ 72 ശതമാനമാണ്. 
കരുവന്നൂർ ബാങ്കിൽ 105 കോടി രൂപ ഇരുപതിനായിരത്തോളം നിക്ഷേപകർക്ക് മടക്കി നൽകി. 
സഹകരണ മേഖലയിലെ ഏതെങ്കിലും ഒരു സംഘത്തിന് ക്ഷീണം ഉണ്ടായാൽ അവയെ സഹായിക്കാൻ സഹകരണ വകുപ്പ് ഉണ്ടാകുമെന്നുള്ള ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് കരുവന്നൂർ ബാങ്ക്.
സഹകരണ ബാങ്കുകളിലെ നിക്ഷേപങ്ങൾ പൂർണ്ണ സുരക്ഷിതമാണ്. വായ്പ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി പ്രകാരം പിഴപ്പലിശ പൂർണ്ണമായി ഒഴിവാക്കും. 

പലിശ ഇനത്തിൽ 50 ശതമാനം കുറവ് ചെയ്തു തരാനുള്ള അധികാരം ബാങ്കിൻ്റെ ഭരണ സമിതിക്കുണ്ട്. സഹകരണ മേഖലയിലെ നിക്ഷേപകർക്ക്  ഗുരുതരമായ രോഗം ബാധിച്ചാൽ അരലക്ഷം രൂപ വരെ ചികിത്സാ സഹായവും വായ്പ എടുത്ത ഒരാൾ ഗുരുതരമായ രോഗം ബാധിച്ചാൽ ഒന്നേകാൽ ലക്ഷം ചികിത്സ സഹായവും നൽകും.
വിദ്യാഭ്യാസം, ഭവന നിർമ്മാണം, ആതുര സേവനം തുടങ്ങി എല്ലാ മേഖലയിലും സഹകരണ മേഖല ഇടപെട്ട് പ്രവർത്തിക്കുന്നുണ്ട്. 1.09 ലക്ഷം തൊഴിൽ അവസരങ്ങൾ സഹകരണ മേഖലയിൽ ഈ കാലയളവിൽ കൊടുക്കാൻ കഴിഞ്ഞുവെന്നും മന്ത്രി പറഞ്ഞു. 

നിക്ഷേപകർക്ക് ഏറ്റവും കൂടിയ പലിശ നിരക്ക് ലഭിക്കുന്നത് സഹകരണ ബാങ്കുകളിലാണ്. വയോജങ്ങൾക്ക് 9.5 ശതമാനമാണ് പലിശ നൽകുന്നത്.
സഹകരണ മേഖലയിൽ നിക്ഷേപ സമാഹരണ യജ്ഞം നടക്കുന്ന കാലയളവാണ്. ജനുവരി പത്തിന് ആരംഭിച്ച നിക്ഷേപ സമാഹരണ യജ്ഞം ഫെബ്രുവരി പത്തിന് അവസാനിക്കുമെന്നും മന്ത്രി പറഞ്ഞു.

ഗ്രാമീണ ജനതയുടെ ജീവിതത്തെ സ്വാധീനിക്കുന്ന ധനകാര്യ സ്ഥാപനമാണ് സഹകരണ ബാങ്കുകളെന്ന് ബാങ്കിൻ്റെ ഓഡിറ്റോറിയം ഉദ്ഘാടനം ചെയ്തു കൊണ്ട് കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് മന്ത്രി പി. പ്രസാദ് പറഞ്ഞു. ചെറിയ പ്രശ്നങ്ങൾ പാർവതീകരിച്ച് സഹകരണ മേഖലയെ തകർക്കാൻ ചിലർ ശ്രമിക്കുന്നു. പല ദേശസാത്കൃത ബാങ്കുകളും സാധാരണക്കാരെ എങ്ങനെ ഒഴിവാക്കി വിടാം എന്നാണ് നോക്കുന്നത്. ഇത്തരം  ബാങ്കുകൾ നിക്ഷേപങ്ങൾ സ്വീകരിക്കുകയും അതേസമയം ജനോപകാരപ്രദം ആവാതിരിക്കുകയും ചെയ്യുന്നിടത്താണ് സഹകരണ മേഖലയുടെ പ്രാധാന്യം കൂടുതൽ ഉൾക്കൊള്ളേണ്ടതെന്നും മന്ത്രി പറഞ്ഞു.

അരൂർ സെൻട്രൽ സർവീസ് സഹകരണ ബാങ്കിൽ കൂടിയ യോഗത്തിൽ ദലീമ ജോജോ എം.എൽ.എ. അധ്യക്ഷത വഹിച്ചു. സ്ട്രോങ് റൂം എ.എം. ആരിഫ് എം.പി. ഉദ്ഘാടനം ചെയ്തു.
എസ്.എച്ച്. ജി. വായ്പ വിതരണോദ്ഘാടനം കെ.എസ്.ഡി.പി ചെയർമാൻ സി.ബി. ചന്ദ്രബാബു നിർവഹിച്ചു.
പരിഷ്കരിച്ച വായ്പ വിതരണോദ്ഘാടനം ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എൻ.എസ്. ശിവ പ്രസാദ് നിർവഹിച്ചു.
റീഡിംഗ് റൂം പഞ്ചായത്ത് പ്രസിഡൻ്റ് രാഖി ആൻ്റണി ഉദ്ഘാടനം ചെയ്തു.
ബാങ്ക് സെക്രട്ടറി മീര യു പിള്ള റിപ്പോർട്ട് അവരിപ്പിച്ചു.
ജില്ല പഞ്ചായത്ത് അംഗം അനന്ദു രമേശൻ, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എൻ. കെ. സുരേന്ദ്രൻ, പഞ്ചായത്ത് അംഗം സി. കെ. പുഷ്പൻ, ബാങ്ക് പ്രസഡൻ്റ് കെ.പി. ദിലീപ് കുമാർ, ബാങ്ക് വൈസ് പ്രസിഡൻറ് എൻ. കെ സുരേന്ദ്രൻ, ജോയിൻ്റ് ഡയറക്ടർ പി.സുനിൽ കുമാർ, സർക്കിൾ സഹകരണ യൂണിയൻ പ്രസിഡൻറ് എൻ. എസ്. ബാബു, അസിസ്റ്റൻറ് രജിസ്റ്റർ ജ്യോതിഷ് കുമാർ, ഓഡിറ്റ് അസിസ്റ്റൻറ് ഡയറക്ടർ  എം.ബി. ഷീജ രാഷ്ടീയ പാർട്ടി പ്രതിനിധികൾ മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

date