Skip to main content

മാലിന്യ മുക്ത നവകേരളം: ജില്ലാതല അവലോകന യോഗം ചേര്‍ന്നു

മാലിന്യ പ്രശ്നത്തിനു സ്ഥായിയായ പരിഹാരം കാണുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന  ‘മാലിന്യമുക്തം നവകേരളം’ പദ്ധതിയുടെ മലപ്പുറം ജില്ലാതല അവലോകന യോഗം തദ്ദേശ വകുപ്പ് ജില്ലാ ആസ്ഥാനത്തെ കോണ്‍ഫ്രന്‍സ് ഹാളില്‍ ചേര്‍ന്നു. മാലിന്യ മുക്ത നവകേരളം പരിപാടിയുടെ വിവിധ തദ്ദേശ സ്ഥാപനങ്ങളിലെ പുരോഗതി യോഗത്തില്‍ ചര്‍ച്ച ചെയ്തു. മൂന്നാം ഘട്ട പരിപാടികള്‍ നടപ്പാക്കുന്നതിന്റ ഭാഗമായി ജില്ലാ,ബ്ലോക്ക് പഞ്ചായത്ത് തല ശില്‍പ്പശാലകള്‍ നടത്താനും എം.സി.എഫ് നവീകരിക്കല്‍ ഉള്‍പ്പടെ വിവിധ പദ്ധതികള്‍ നടപ്പിലാക്കാനും യോഗം തീരുമാനിച്ചു. പദ്ധതിയിലെ രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങളില്‍ പൂര്‍ത്തിയാക്കാത്തവ മൂന്നാം ഘട്ടത്തിന് മുന്നോടിയായി പൂര്‍ത്തിയാക്കുന്നതിനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി.
2023 ഡിസംബര്‍ മാസത്തെ കണക്കുകള്‍ പ്രകാരം ജില്ലയില്‍ വീടുകളില്‍ നിന്നുള്ള യൂസര്‍ ഫീ കളക്‍ഷനില്‍ 93.5 ശതമാനം പൂര്‍ത്തിയാക്കി പുറത്തൂര്‍ ഗ്രാമപഞ്ചായത്ത് ഒന്നാമതെത്തി. വളവന്നൂര്‍ (85.31%), കീഴാറ്റൂര്‍ (81.12%) ഗ്രാമപഞ്ചായത്തുകളാണ് തൊട്ടുപിന്നില്‍. കുഴിമണ്ണ ഗ്രാമ പഞ്ചായത്താണ് വീടുകളില്‍ നിന്നുള്ള യൂസര്‍ ഫീ കളക്ഷനില്‍ ഏറ്റവും പിന്നില്‍. 0.13 ശതമാനമാണ് കുഴിമണ്ണ ഗ്രാമപഞ്ചായത്തില്‍ നിന്നുള്ള കളക്‍ഷന്‍. സ്ഥാപനങ്ങളില്‍ നിന്നുള്ള യൂസര്‍ ഫീ ഇനത്തില്‍ ചാലിയാര്‍ പഞ്ചായത്താണ് ഒന്നാം സ്ഥാനത്ത്. 99.43 ശതമാനം. പെരിന്തല്‍മണ്ണ നഗരസഭ (98.88%), വെട്ടത്തൂര്‍ ഗ്രാമപഞ്ചായത്ത് (97.45%) എന്നിവയാണ് രണ്ടും മൂന്നും സ്ഥാനത്തുള്ളത്. നന്നമ്പ്ര (2.32%), കുറ്റിപ്പുറം(2.35%) പഞ്ചായത്തുകളാണ് സ്ഥാപനങ്ങളില്‍ നിന്നുള്ള യൂസര്‍ ഫീ കളക്ഷനില്‍  ഏറ്റവും പിറകില്‍.
യോഗത്തില്‍ തദ്ദേശ വകുപ്പ് ഡെപ്യുട്ടി ഡയറക്ടര്‍ വി.കെ. മുരളി, അസി.ഡയറക്ടര്‍മാരായ സദാനന്ദന്‍, ഷാജു, നവകേരളം കോ- കോര്‍ഡിനേറ്റര്‍ ബീന സണ്ണി എന്നിവര്‍ സംസാരിച്ചു.

date