Skip to main content
ഈ സാമ്പത്തിക വര്‍ഷം സെപ്റ്റംബര്‍ വരെ ജില്ലയിലെ ബാങ്കുകള്‍ 9682 കോടി രൂപ വായ്പ നല്‍കി

ഈ സാമ്പത്തിക വര്‍ഷം സെപ്റ്റംബര്‍ വരെ ജില്ലയിലെ ബാങ്കുകള്‍ 9682 കോടി രൂപ വായ്പ നല്‍കി

ആലപ്പുഴ: 2023-24 സാമ്പത്തിക വര്‍ഷം എപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെ  ജില്ലയിലെ ബാങ്കുകള്‍ 9,682 കോടി രൂപ വായ്പയായി നല്‍കി. ലീഡ് ബാങ്കിന്റെ ആഭിമുഖ്യത്തില്‍ നടന്ന ജില്ലാതല ബാങ്കിംഗ് അവലോകന യോഗത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ചുങ്കത്തെ സംസ്ഥാന കയര്‍ മെഷീനറി മാനുഫാക്ച്ചറിംഗ് കമ്പനിയില്‍ നടന്ന യോഗം എ.എം. ആരിഫ് എം.പി. ഉദ്ഘാടനം ചെയ്തു. 

ഈ സാമ്പത്തിക വര്‍ഷം 12,500 കോടി രൂപയാണ് ജില്ലയില്‍ വായ്പയായി നല്‍കാന്‍ ലക്ഷ്യമിട്ടിരിക്കുന്നത്. ഇതിന്റെ 77.46 ശതമാനം ആദ്യ ആറ് മാസം കൊണ്ട് കൈവരിക്കാനായി. ജില്ലയിലെ ബാങ്കുകളിലെ മൊത്തം നിക്ഷേപം 47,839 കോടി രൂപയും വായ്പ 29,231 കോടി രൂപയുമായി ഉയര്‍ന്നു. സി.ഡി. റെഷ്യോ 61 ശതമാനമായും ഉയര്‍ന്നു. മുന്‍ഗണനാ മേഖലകള്‍ക്ക് (പ്രയോറിറ്റി സെക്ടര്‍) 6527 കോടി രൂപയാണ് നല്‍കിയത്. വാര്‍ഷിക ബജറ്റിന്റെ 66.40 ശതമാനമാണിത്. വിദ്യാഭ്യാസ വായ്പയായി 1654 പേര്‍ക്ക് 98 കോടി രൂപ നല്‍കി. ഭവന വായ്പയായി 6204 പേര്‍ക്ക് 337.28 കോടി രൂപയും കാര്‍ഷിക മേഖലയ്ക്ക് 4238.85 കോടി രൂപയും മുദ്ര (പി.എം.എം.വൈ) ലോണായി 54,290 പേര്‍ക്ക് 483.87 കോടി രൂപയും വായ്പയായി നല്‍കി. കുടുംബശ്രി അംഗങ്ങള്‍ക്ക് 347.76 കൊടിയും ജെ.എല്‍.ജി. സംഘങ്ങള്‍ക്ക് 98 കോടി രൂപയും വായ്പയായി നല്‍കിയിട്ടുണ്ട്.

മുന്‍ഗണനേതര മേഖലകള്‍ക്ക് (നൊണ്‍-പ്രയോറിറ്റി സെക്ടര്‍) 3156 കോടി രൂപയാണ് നല്‍കിയത്. വാര്‍ഷിക ബജറ്റിന്റെ 118.18 ശതമാനമാണിത്. മുന്‍ഗണന മേഖലയില്‍ 82 ശതമാനവും മുന്‍ഗണനേതര മേഖലയില്‍ 218 ശതമനാവും വായ്പയായി നല്‍കിയ അമ്പലപുഴ ബ്ലോക്കാണ് ജില്ലയില്‍ ഒന്നാം സ്ഥാനത്ത്. 

നബാര്‍ഡ് ജില്ല മാനേജര്‍ ശ്രീ പ്രേം കുമാര്‍ തയ്യാറക്കിയ 2024-25 വര്‍ഷത്തേക്കുള്ള പോട്ടന്‍ഷിയല്‍ ലിങ്ക്ഡ് ക്രെഡിറ്റ് പ്ലാന്‍ യോഗത്തില്‍ എം.പി. പ്രകാശനം ചെയ്തു. എ.ഡി.എം എസ്. സന്തോഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. എസ്.ബി.ഐ. റീജിയണല്‍ മാനേജര്‍ ജൂഡ് ജെറാര്‍ത്ത്, ലീഡ് ബാങ്ക് മാനേജര്‍ എം. അരുണ്‍, ആര്‍.ബി.ഐ (എല്‍.ഡി.ഒ.) മാനേജര്‍ ശ്യാം സുന്ദര്‍, നബാര്‍ഡ് ഡി.ഡി.എം. ടി.കെ. പ്രേംകുമാര്‍, സാമ്പത്തിക സാക്ഷരത കൗണ്‍സിലര്‍മാര്‍, വിവിധ വകുപ്പ് മേധാവികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
 

date