Skip to main content

കുടുംബശ്രീ വനിതകൾ കമ്പ്യൂട്ടർ പരിശീലനം പൂർത്തിയാക്കി

കൊണ്ടോട്ടി നഗരസഭ കുടുംബശ്രീ കോഴിക്കോട് ലക്ഷ്യ ട്രസ്റ്റിന്റെ സഹായത്തോടെ നഗരസഭയിലെ വനിതകൾക്കായി സംഘടിപ്പിക്കുന്ന സൗജന്യ കമ്പ്യൂട്ടർ ക്ലാസിന്റെ  രണ്ടാം ബാച്ച് പരിശീലനം പൂർത്തിയാക്കി. നഗരസഭയിലെ 32, 33 ,35 വാർഡുകളിൽ നിന്ന് രജിസ്റ്റർ ചെയ്ത 105 വനിതകളാണ് തക്കിയേക്കൽ അൽ മദ്രസത്തു റഹ്‌മാനിയയിൽ ഒരു മാസത്തെ കോഴ്‌സ് പൂർത്തിയാക്കിയത്. ഒരു മണിക്കൂർ നീളുന്ന അഞ്ച് ബാച്ചുകളായാണ് ക്ലാസുകൾ ഉണ്ടായിരുന്നത്. തുടർ പഠനത്തിന് താത്പര്യമുള്ളവർക്ക് അതിനുള്ള അവസരവും ഒരുക്കി നൽകാൻ  തയ്യാറെടുക്കുകയാണ് നഗരസഭ. ഇതിനകം രണ്ടു ബാച്ചുകളിലായി 300 വനിതകളാണ് കമ്പ്യൂട്ടർ പ്രാഥമിക പഠനം പൂർത്തിയാക്കിയത്. നിലവിൽ നീറാടും, കൊട്ടുക്കരയിലും തുറക്കൽ  ചെമ്മലപ്പറമ്പിലും ക്ലാസുകൾ നടക്കുന്നുണ്ട്. നഗരസഭയിലെ മറ്റു പ്രദേശങ്ങളിലുമായി ആദ്യഘട്ടത്തിൽ 3000 വനിതകൾക്ക് കമ്പ്യൂട്ടർ പരിശീലനം നൽകാനാണ് ഉദ്ദേശിക്കുന്നത്. മറ്റു സ്ഥലങ്ങളിലെ ക്ലാസുകളും ഉടനെ ആരംഭിക്കുമെന്ന് നഗരസഭാ അധികൃതർ അറിയിച്ചു. തക്കിയേക്കൽ മദ്രസയിൽ നടന്ന ചടങ്ങിൽ ഇവർക്കുള്ള സർട്ടിഫിക്കറ്റ് വിതരണം ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഷ്‌റഫ് മാടാൻ നിർവഹിച്ചു.

date