Skip to main content

ഫെബ്രുവരി എട്ട് ദേശീയ വിരവിമുക്ത ദിനം 

ആലപ്പുഴ:  ദേശീയ വിരവിമുക്ത ദിനം ആചരിക്കുന്ന ഫെബ്രുവരി എട്ടിന്  വിദ്യാലയങ്ങളില്‍ എത്തുന്ന കുട്ടികള്‍ക്ക് വിരനശീകരണത്തിനായി ആല്‍ബന്റസോള്‍ ഗുളിക നല്‍കുമെന്ന് ജില്ല മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. അന്നേദിവസം വിദ്യാലയങ്ങളില്‍ എത്താത്ത കുട്ടികള്‍ക്ക് ഫെബ്രുവരി 15ന് ഗുളിക നല്‍കും. ഒന്നു മുതല്‍ 19 വയസ് വരെയുള്ളവര്‍ക്കാണ് ഗുളിക നല്‍കുന്നത്.

വിരബാധ കുട്ടികളുടെ വളര്‍ച്ചയെയും പൊതുവായുള്ള ആരോഗ്യത്തെയും പ്രതികൂലമായി ബാധിക്കുന്ന ഒരു പൊതുജനാരോഗ്യ പ്രശ്‌നമാണ്. കുട്ടികളില്‍ വിളര്‍ച്ചയ്ക്കും പോഷകാഗീരണകുറവിനും വിരബാധ കാരണമാകുന്നു. ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം ഇന്ത്യയില്‍ ഒന്നു മുതല്‍ 14 വയസ്സുവരെയുള്ള 64 ശതമാനം കുട്ടികള്‍ക്ക് വിര ബാധ ഉണ്ടാകാന്‍ സാധ്യതയുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ 2015 മുതല്‍ ദേശീയ വിരവിമുക്ത ദിനം ആചരിക്കുകയും വര്‍ഷത്തില്‍ ആറുമാസത്തെ ഇടവേളകളിലായി രണ്ടുപ്രാവശ്യം വിദ്യാലയങ്ങളും അങ്ക നവാടികളും വഴി കുട്ടികള്‍ക്ക് വിരനശീകരണത്തിനായി ആല്‍ബന്റസോള്‍ ഗുളിക നല്‍കി വരികയും ചെയ്യുന്നു. 

വിരബാധ കുട്ടികളില്‍ വിളര്‍ച്ച, ഉത്സാഹക്കുറവ് തൂക്കക്കുറവ്, വയറുവേദന, പോഷകാഹാരക്കുറവ്, ഭാരക്കുറവ് ,വയറിളക്കം തുടങ്ങിയവ ഉണ്ടാക്കുന്നു .
സര്‍ക്കാര്‍/ എയ്ഡഡ്/സ്വകാര്യ സ്‌കൂളുകളില്‍ ഗുളിക വിതരണം നടക്കുന്നുണ്ട് . ഈ കാലയളവില്‍ ആരോഗ്യ കേന്ദ്രങ്ങളില്‍ എത്തുന്ന ഈ പ്രായത്തിലുള്ള കുട്ടികള്‍ക്ക് ഗുളിക ലഭിച്ചിട്ടില്ലെങ്കില്‍ ഗുളിക നല്‍കുന്നതാണ്. ഒന്നു മുതല്‍ രണ്ടു വയസ്സുവരെ പ്രായമുള്ള കുട്ടികള്‍ക്ക് 200 മില്ലിഗ്രാം ആല്‍ബന്റസോള്‍  ഗുളികയും രണ്ടു മുതല്‍ 19 വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് 400 മില്ലിഗ്രാം ഗുളികയും ആണ് നല്‍കുന്നത് .

ചെറിയ കുട്ടികള്‍ക്ക് തിളപ്പിച്ചാറ്റിയ വെള്ളത്തില്‍ ഗുളിക അലിയിച്ച് കൊടുക്കേണ്ടതാണ് .മുതിര്‍ന്ന കുട്ടികള്‍ ഉച്ചഭക്ഷണത്തിന് ശേഷം ഗുളിക ചവച്ചരച്ച് കഴിക്കണം. അതോടൊപ്പം തിളപ്പിച്ചാറിയ വെള്ളം കുടിക്കുകയും വേണം. അസുഖമുള്ള കുട്ടികള്‍ക്ക് ഗുളിക നല്‍കേണ്ടതില്ല. അസുഖം മാറിയതിനു ശേഷം ഗുളിക നല്‍കാവുന്നതാണ്. 

date