Skip to main content

കരുമം ബാലഗണപതി ക്ഷേത്രം കടവ് നവീകരിച്ചു

**നേമം മണ്ഡലത്തിൽ 750 കോടിയുടെ വികസന പ്രവർത്തനങ്ങൾ നടപ്പാക്കിയതായി മന്ത്രി വി. ശിവൻകുട്ടി

 വികസന വീഥിയിൽ നേമം പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിച്ച കരുമം ബാലഗണപതി ക്ഷേത്രം കടവ് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. എം.എൽ.എ. യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും പന്ത്രണ്ട് ലക്ഷം രൂപ ചെലവഴിച്ചാണ് കടവ് നവീകരിച്ചത്.

രണ്ടര വർഷം കൊണ്ട് വികസനക്കുതിപ്പിലാണ് നേമം മണ്ഡലമെന്നും എഴുന്നൂറ്റി അമ്പത് കോടി രൂപയുടെ വികസന പ്രവർത്തനങ്ങളാണ് കുറഞ്ഞ കാലം കൊണ്ട്  മണ്ഡലത്തിൽ നടപ്പാക്കിയതെന്നും മന്ത്രി പറഞ്ഞു.

7.47 കോടി രൂപ ചെലവഴിച്ച് പുനർനിർമ്മാണം നടത്തിയ കല്ലാട്ടുമുക്ക് റോഡ്, ഒന്നരക്കോടി രൂപ ചെലവഴിച്ച് കരമന - സോമൻ നഗർ റോഡ്, 50 ലക്ഷം രൂപ ചെലവിൽ പൂജപ്പുര പഞ്ചകർമ്മ ആശുപത്രി യോഗ ഹാൾ, 39.5 ലക്ഷം രൂപ ചെലവഴിച്ച് തളിയൽ മഹാദേവക്ഷേത്രം റോഡ്, 45 ലക്ഷം രൂപ വിനിയോഗിച്ച് നേമം പോലീസ് സ്റ്റേഷനിലെ വിശ്രമ മന്ദിരം, 22 ലക്ഷം രൂപ ചെലവഴിച്ച് പരവൻകുന്ന്- നവോദയ റോഡ് എന്നിവ നിർമാണം പൂർത്തിയാക്കി  ഈ മാസം നാടിനു സമർപ്പിക്കുന്ന പദ്ധതികളാണ്.

അഞ്ച് കോടി മുടക്കി കരമന ബോയ്‌സ് ഹൈസ്‌ക്കൂളിന്റെ പുതിയ മന്ദിരം, നാല് കോടി ചെലവഴിച്ച് നേമം മണ്ഡലത്തിലെ കുളങ്ങളുടെ നവീകരണം,   ഒമ്പത് കോടി തൊണ്ണൂറ് ലക്ഷം രൂപ ചെലവഴിച്ച് നേമം മണ്ഡലത്തിലെ സർക്കാർ സ്‌കൂളുകളിലെ ക്ലാസ് മുറികൾ സ്മാർട്ടാക്കുന്ന പദ്ധതി, രണ്ട് കോടി നാൽപത്തിയൊൻപത്  ലക്ഷം രൂപ ചെലവഴിച്ച് പുനരുദ്ധാരണം നടത്തുന്ന തിരുവല്ലം വാർഡിലെ ഒപ്പനാമഠം റോഡ്, രണ്ട് കോടി ചെലവഴിച്ച് ആറ്റുകാൽ അർബൻ കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ, ഒരു കോടി ചെലവഴിച്ച് മുടവൻമുഗൾ സൗത്ത് കരമനയാറിന്റെ പാർശ്വഭിത്തി നിർമാണം, ഒരു കോടി പതിനെട്ട് ലക്ഷം രൂപ ചെലവഴിച്ച് തിരുവല്ലം വാർഡിലെ കുമിളി കൊല്ലന്തറ റോഡ്, നാല് കോടി തൊണ്ണൂറ്റി നാല് ലക്ഷം ചെലവഴിച്ച് കരമന- നേമം റോഡിൽ മീഡിയനുകളും തെരുവു വിളക്കുകളും സ്ഥാപിക്കുന്നതും സൗന്ദര്യവൽക്കരണവും,  പതിനാറ് ലക്ഷം രൂപ ചെലവഴിച്ച് മേലാംകോട് വാർഡിലെ മങ്കാരത്ത് ലെയിൻ കോൺക്രീറ്റ് ചെയ്യുന്നത്, നാൽപത്തി നാല് ലക്ഷം രൂപ ചെലവഴിച്ച് പുഞ്ചക്കരി വായനശാല റോഡ് നവീകരണം എന്നിവ ഈ മാസം നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കുന്ന പദ്ധതികളാണെന്നും മന്ത്രി അറിയിച്ചു.

കൗൺസിലർ ആശാനാഥ് ജി.എസ് അധ്യക്ഷയായിരുന്നു. ജലസേചന വകുപ്പ് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ അനിൽകുമാർ റിപ്പോർട്ട് അവതരിപ്പിച്ചു.

date