Skip to main content

കേന്ദ്രം കേരളത്തോട് സ്വീകരിക്കുന്നത് ഭരണഘടനാ വിരുദ്ധ നിലപാട്: മുഖ്യമന്ത്രി

 

കേന്ദ്രം കേരളത്തോട് സ്വീകരിക്കുന്നത് ഭരണഘടനാ വിരുദ്ധമായ നിലപാടാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സംസ്ഥാന പട്ടയമേള ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ ഫെഡറല്‍ തത്വങ്ങള്‍ക്ക് എതിരായാണ് കേന്ദ്ര സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. കേരളത്തിന് അര്‍ഹതപ്പെട്ട, അവകാശപ്പെട്ട പണം നല്‍കാതെ നാടിന്റെ എല്ലാ മേഖലയെയും സ്തംഭിപ്പിക്കാനുള്ള ഉദ്ദേശമാണ് കേന്ദ്രത്തിനുള്ളത്. ജനസാന്ദ്രതക്ക് ആനുപാതികമായ വിഹിതം നമുക്ക് ലഭിക്കുന്നില്ല. ഈ അവകാശങ്ങള്‍ കേരളം നിശ്ചയിച്ചതല്ല. ഭരണഘടനയിലുള്ളതാണ്. ഇത്തരത്തില്‍ ഫെഡറല്‍ തത്വങ്ങള്‍ക്ക് അനുസരിച്ച് കാര്യങ്ങള്‍ നീക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ സമീപിച്ചത്. അതിനെ ഗൗരവമായി തന്നെ സുപ്രീംകോടതി കണ്ടു. കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ തമ്മില്‍ ചര്‍ച്ച നടത്താന്‍ സുപ്രീംകോടതി നിര്‍ദ്ദേശിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രധാനമന്ത്രി, ധനമന്ത്രി, ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ എന്നിവരുടെ ശ്രദ്ധയില്‍ വിഷയം കൊണ്ടു വന്നിട്ടും കേരളത്തോടുള്ള നിലപാടില്‍ മാറ്റമുണ്ടായില്ല. കടമെടുക്കല്‍  സംസ്ഥാനത്തിന്റെ അധികാരത്തില്‍പ്പെട്ടതാണ്. അതില്‍ പോലും അനാവശ്യമായ നിയന്ത്രണം കൊണ്ടുവന്നു. കേരള സമൂഹത്തിന്റെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞുള്ള സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പണം ഉണ്ടാകരുത് എന്നതാണ് കേന്ദ്ര സര്‍ക്കാരിന്റെ ആഗ്രഹം. രാഷ്ട്രീയമായി വ്യത്യസ്ത നിലപാടുകള്‍ ഉണ്ടാകും. പക്ഷെ അത് ജനങ്ങള്‍ക്കെതിരെ ഉപയോഗിക്കാന്‍ പാടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
കണ്ണൂര്‍ ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ ജില്ലയിലെ പട്ടയ വിതരണം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ, ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു. എ ഡി എം കെ നവീന്‍ ബാബു, കോര്‍പ്പറേഷന്‍ സ്ഥിരംസമിതി അധ്യക്ഷന്‍ സുരേഷ്ബാബു എളയാവൂര്‍, തളിപ്പറമ്പ് ആര്‍ ഡി ഒ ടി എം അജയകുമാര്‍, എല്‍ ആര്‍ ഡെപ്യൂട്ടി കലക്ടര്‍ സിറോഷ് ജോണ്‍, എല്‍ എ ഡെപ്യൂട്ടി കലക്ടര്‍ ഹിമ, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ എം വി ജയരാജന്‍, വെള്ളോറ രാജന്‍, രാഗേഷ് മന്ദമ്പേത്ത്, വി സി വാമനന്‍, ഹമീദ് ചെങ്ങളായി, എം ഉണ്ണികൃഷ്ണന്‍, തഹസില്‍ദാര്‍മാര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date