Skip to main content

രണ്ടര വര്‍ഷം കൊണ്ട് നല്‍കിയത് 1.53 ലക്ഷം പട്ടയങ്ങള്‍: മന്ത്രി കെ രാജന്‍

രണ്ടര വര്‍ഷം കൊണ്ട് 1,53,103 കുടുംബങ്ങള്‍ക്ക് പട്ടയം നല്‍കിയ അപൂര്‍വ്വമായ ബഹുമതിയുടെ നിറവിലാണ് കേരള സര്‍ക്കാരെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍ പറഞ്ഞു. സംസ്ഥാന പട്ടയമേളയില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എല്ലാവര്‍ക്കും ഭൂമി എല്ലാവര്‍ക്കും പാര്‍പ്പിടം എന്നത് സര്‍ക്കാരിന്റെ പ്രഖ്യാപിത നയമാണ്. എന്നാല്‍ കേരളത്തെ കഴുത്ത് ഞെരിക്കാനാണ് ചിലര്‍ ശ്രമിക്കുന്നത്. അത് മൂന്നര കോടി ജനങ്ങളോടുള്ള അവകാശ നിഷേധമാണ്. എന്നാല്‍ എല്ലാവരെയും ഭൂമിയുടെ അവകാശികളാക്കുകയെന്ന നിലപാടില്‍ നിന്ന് ഒരടി പേരും പിന്നോട്ട് പോകില്ല. മലയോരത്തെ പട്ടയ വിതരണത്തിന് സാധാരണ നടപടിക്രമങ്ങളല്ല. അതിന് കുറച്ചധികം കടമ്പകളുണ്ട്. എന്നാല്‍ 1977ന് മുമ്പ് പട്ടയം ലഭിക്കാന്‍ അവകാശമുള്ള മുഴുവന്‍ പേര്‍ക്കും പട്ടയം നല്‍കാന്‍ കേന്ദ്ര സര്‍ക്കാരില്‍ നിന്നും അനുമതി നേടിക്കഴിഞ്ഞു. അതിനായി വകുപ്പുകളുടെ സംയുക്ത പരിശോധന നടത്തുകയും പ്രത്യേകമായി അപേക്ഷ സ്വീകരിക്കുകയും ചെയ്യും. വിവരശേഖരണവും നടത്തും. ഇത്തരത്തില്‍ അര്‍ഹരായവര്‍ക്ക് വില്ലേജ് ഓഫീസുകളില്‍ അപേക്ഷ സമര്‍പ്പിക്കാം. ലഭ്യമാകുന്ന അപേക്ഷ പ്രത്യേകമായി പരിശോധിച്ച് നടപടിയെടുക്കും.
എല്ലാവര്‍ക്കും ഭൂമി ലഭ്യമാക്കാനാണ് പട്ടയ മിഷനും പട്ടയ അസബ്ലിയും നടത്തുന്നത്. ഇതില്‍ ഉയര്‍ന്ന് വരുന്ന പ്രശ്‌നങ്ങള്‍ പരമാവധി ജില്ലാതലത്തില്‍ പരിഹരിക്കും. ബാക്കിയുള്ളവ പട്ടയ ഡാഷ് ബോര്‍ഡില്‍ ഉള്‍പ്പെടുത്തി സംസ്ഥാന തലത്തില്‍ പരിഗണിക്കും. ഇതിനായി റവന്യൂ മന്ത്രിയുടെ നേതൃത്വത്തില്‍ മൂന്ന് മാസത്തില്‍ ഒരിക്കല്‍ പട്ടയ ഡാഷ് ബോര്‍ഡ് അദാലത്ത് നടത്തുന്നുണ്ട്.
1662 മിച്ചഭൂമി കേസുകള്‍ നേരത്തെ നിലവിലുണ്ടായിരുന്നു. എന്നാല്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്യത്തിലുള്ള പ്രത്യേക സമിതി രൂപീകരിച്ച് 101 കേസുകള്‍ പരിഹരിച്ചു. ഇതിലൂടെ 1168 ഹെക്ടര്‍ ഭൂമി പൂര്‍ണ്ണ സജ്ജമാക്കാനായെന്നും മന്ത്രി പറഞ്ഞു.
 

date