Skip to main content

മികച്ച സോഷ്യലിസം നടപ്പാകുന്നത് ക്ലാസ്മുറികളില്‍: മന്ത്രി ഗണേഷ് കുമാര്‍

സ്‌കൂളുകളിലെ ക്ലാസ് മുറികളിലാണ് ഏറ്റവും മികച്ച സോഷ്യലിസം നടപ്പാകുന്നതെന്ന് ഗതാഗത വകുപ്പ് മന്ത്രി കെബി ഗണേഷ് കുമാര്‍ പറഞ്ഞു. തലശ്ശേരി കൊടുവള്ളി ജിവിഎച്ച്എസ്എസില്‍ നിര്‍മിച്ച പുതിയ ക്ലാസ് മുറികളുടെയും പ്രീപ്രൈമറി വിദ്യാര്‍ഥികള്‍ക്കായി നിര്‍മിച്ച വര്‍ണ്ണക്കൂടാരം പാര്‍ക്കിന്റെയും ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. ജാതി-മത ഭേദമെന്യേ ഒരുമയോടെയാണ് വിദ്യാര്‍ഥികള്‍ സഹവസിക്കുന്നത്. നല്ല വിദ്യാഭ്യാസം നല്‍കാന്‍ അധ്യാപകര്‍ തയ്യാറാകണം. മക്കളോട് സ്‌നേഹത്തോടെ പെരുമാറണം. തെറ്റുകള്‍ തിരുത്തിക്കൊടുത്ത് സ്‌നേഹത്തോടെ വളര്‍ത്തണം.
നല്ല വ്യക്തികളിലൂടെയാണ് നല്ല സമൂഹം രൂപപ്പെടുന്നത്. അച്ചടക്കവും ആത്മവിശ്വാസവുമുള്ള മക്കളാണ് നാടിന് ആവശ്യം. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഉയര്‍ച്ചക്ക് തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെയും പിടിഎകളുടെയും ഇടപെടല്‍ മാതൃകാപരമാണെന്നും മന്ത്രി കെ ബി ഗണേഷ് കുമാര്‍ പറഞ്ഞു.
പൊതുവിദ്യാഭ്യാസ വകുപ്പില്‍ നിന്നും അനുവദിച്ച ഒരു കോടി രൂപ ഉപയോഗിച്ചാണ്  വി എച്ച് എസ് ഇ വിഭാഗത്തിന് വേണ്ടി  പുതിയ കെട്ടിടവും, എസ് എസ് കെയുടെ 10 ലക്ഷം രൂപ ചെലവില്‍ പ്രീ പ്രൈമറി കുട്ടികള്‍ക്കായി വര്‍ണക്കൂടാരം  പാര്‍ക്കും നിര്‍മ്മിച്ചത്.
സ്പീക്കര്‍ അഡ്വ. എ എന്‍ ഷംസീര്‍ അധ്യക്ഷനായി. നഗരസഭാ ചെയര്‍പേഴ്‌സന്‍ കെ എം ജമുനാറാണി, വൈസ് ചെയര്‍മാന്‍ വാഴയില്‍ ശശി, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ ഷബാന ഷാനവാസ്, കൗണ്‍സിലര്‍ ജ്യോതിഷ്‌കുമാര്‍, തലശേരി സൗത്ത് ബി പി സി കെ സഖീഷ്, പ്രിന്‍സിപ്പല്‍ ടി നിഷീദ്,
പ്രധാനധ്യാപകന്‍ മുഹമ്മദ് അഷ്‌റഫ്, പിടിഎ പ്രസിഡണ്ട് എടി ഫില്‍ഷാദ്, മദര്‍ പിടിഎ പ്രസിഡണ്ട് പി രേഖ എന്നിവര്‍ സംസാരിച്ചു.

date