Skip to main content

മലയോര പട്ടയം മാര്‍ച്ച് ഒന്ന് മുതല്‍ 15 വരെ അപേക്ഷ സ്വീകരിക്കും: മന്ത്രി കെ രാജന്‍

മലയോര പട്ടയത്തിന് അപേക്ഷിക്കാത്തവര്‍ക്ക് മാര്‍ച്ച് ഒന്ന് മുതല്‍ 15 വരെ അപേക്ഷിക്കാന്‍ അവസരമുണ്ടെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍ പറഞ്ഞു. കണ്ണൂരില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 1977ന് മുമ്പ് കുടിയേറിയ കര്‍ഷകര്‍ക്ക് കേന്ദ്രസര്‍ക്കാറിന്റെ അനുമതിയോടെ പട്ടയം അനുവദിക്കാന്‍ സംസ്ഥാനത്ത് നിയമവും ചട്ടങ്ങളും നിലവിലുണ്ട്. എന്നാല്‍ മലയോര ഭൂമിയില്‍ കുടിയേറിയ ഭൂരിഭാഗം പേരും പട്ടയത്തിന് അപേക്ഷ നല്‍കിയില്ലെന്ന കാര്യം സര്‍ക്കാറിന്റെ ശ്രദ്ധയിലുണ്ട്. പുതിയ അപേക്ഷകള്‍ സ്വീകരിക്കാനോ റവന്യൂ വനം വകുപ്പ് സംയുക്ത പരിശോധനകള്‍ക്ക് അനുമതി നല്‍കാനോ കേന്ദ്ര സര്‍ക്കാരും താല്‍പര്യം കാണിച്ചിരുന്നില്ല. ഇത് സംബന്ധിച്ച് കേന്ദ്ര വനം വകുപ്പ് മന്ത്രി, സഹമന്ത്രിമാര്‍ എന്നിവരുമായി ചര്‍ച്ച നടത്തി കഴിഞ്ഞു. അപേക്ഷകള്‍ സ്വീകരിക്കാനും പുതിയ സംയുക്ത പരിശോധനകള്‍ നടത്താനും കേന്ദ്രം അനുമതി നല്‍കി. നടപടികള്‍ ത്വരിതഗതിയിലാക്കാന്‍ സംസ്ഥാന ലാന്റ് റവന്യൂ കമ്മീഷണറേയും കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിലെ ഉയര്‍ന്ന ഉദ്യോഗസ്ഥനേയും നോഡല്‍ ഓഫീസറായി ചുമതലപ്പെടുത്തി. ഈ സാഹചര്യത്തില്‍ മലയോരവാസികള്‍ക്ക് പട്ടയത്തിന് നിശ്ചിത മാതൃകയില്‍ അപേക്ഷ സമര്‍പ്പിക്കാം. സംയുക്ത പരിശോധന കഴിഞ്ഞ ഭൂമിയാണെങ്കില്‍ അതിന്റെ കോപ്പി, 1977ന് മുമ്പ് കുടിയേറിയതാണെങ്കില്‍ അത് തെളിയിക്കുന്ന രേഖ എന്നിവ സഹിതം വില്ലേജ് ഓഫീസിലാണ് അപേക്ഷ നല്‍കേണ്ടത്. പട്ടയം നല്‍കുന്നത് സംബന്ധിച്ച വിവരശേഖരണം നടത്താന്‍ നടപടി സ്വീകരിക്കും. ശനിയാഴ്ച മലയോര മേഖലയിലെ വില്ലേജ് ഓഫീസര്‍മാരുമായി ചര്‍ച്ച നടത്തി ധാരണയിലെത്തും. മലയോര പട്ടയത്തിന് അപേക്ഷ നല്‍കാത്ത മുഴുവന്‍ ആളുകളും മാര്‍ച്ച് ഒന്നിനും 15നുമിടയില്‍ അപേക്ഷ നല്‍കണമെന്നും അര്‍ഹരായ മുഴുവന്‍ പേര്‍ക്കും പട്ടയം നല്‍കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി കെ രാജന്‍ പറഞ്ഞു. പൊതുമരാമത്ത് റെസ്റ്റ് ഹൗസില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ലാന്റ് റവന്യു കമ്മീഷണര്‍ ഡോ എ കൗശികന്‍, ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്‍, അസി കലക്ടര്‍ അനൂപ് ഗാര്‍ഗ് എന്നിവരും പങ്കെടുത്തു.
 

date