Skip to main content

കുമ്പംകല്ല് നഗരജനകീയ ആരോഗ്യകേന്ദ്രം ഉദ്ഘാടനം ചെയ്തു

തൊടുപുഴ നഗരസഭ  ജനകീയ ആരോഗ്യകേന്ദ്രം കുമ്പംകല്ല് മലേപ്പറമ്പ് കോളനി ജംഗ്ഷന്‍ കുറ്റിയാട്ട് ബില്‍ഡിങ്ങില്‍ പ്രവര്‍ത്തനമാരംഭിച്ചു. നഗരസഭ ചെയര്‍മാന്‍ സനീഷ് ജോര്‍ജ് ഉദ്ഘാടനം നിര്‍വഹിച്ചു. തൊടുപുഴ നഗരസഭയില്‍ ഏറ്റവും കൂടുതല്‍ ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശങ്ങളിലൊന്നാണ് കുമ്പംകല്ലെന്നും പ്രദേശവാസികള്‍ വെല്‍നെസ് സെന്റര്‍ പരമാവധി പ്രയോജനപ്പെടുത്തണമെന്നും നഗരസഭ ചെയര്‍മാന്‍ സനീഷ് ജോര്‍ജ് പറഞ്ഞു. 2021-2022 കേന്ദ്ര ഹെല്‍ത്ത് ഗ്രാന്റ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഇടുക്കി ജില്ലയില്‍ ആരംഭിച്ച രണ്ടാമത്തെ വെല്‍നസ് സെന്ററാണിത്.
രാവിലെ 10 മണിമുതല്‍ വൈകുന്നേരം 4 മണിവരെയാണ് സെന്ററിന്റെ പ്രവര്‍ത്തനം. ഡോക്ടര്‍, നഴ്‌സ്, ഫാര്‍മസിസ്റ്റ്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍, അവശ്യമരുന്നുകള്‍, സേവനങ്ങള്‍ എന്നിവയെല്ലാം സെന്ററില്‍ ലഭ്യമാണ്. നഗരസഭയില്‍ നിലവില്‍ മൂന്ന് ഹെല്‍ത്ത് വെല്‍നസ് സെന്ററുകളാണ് അനുവദിച്ചിട്ടുള്ളത്. വെങ്ങല്ലൂര്‍, പഴുക്കാകുളം, കുമ്പംകല്ല്  എന്നിവിടങ്ങളിലാണവ. 1.33 കോടി രൂപയാണ് ഹെല്‍ത്ത് ഗ്രാന്റില്‍ നിന്ന് മൂന്ന് വെല്‍നസ് സെന്ററുകള്‍ക്കുമായി അനുവദിച്ചിട്ടുള്ളത്. വെങ്ങല്ലൂര്‍ വെല്‍നെസ്സ് സെന്റര്‍ ജനുവരി 10ന് പ്രവര്‍ത്തനം ആരംഭിച്ചിരുന്നു. അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാകുന്നമുറയ്ക്ക്  പഴുക്കാകുളം സെന്ററിന്റെ പ്രവര്‍ത്തനമാരംഭിക്കും.
ഉദ്ഘാടന പരിപാടിയില്‍ ആരോഗ്യകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം എ കരീം അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ ദീപക്, സ്റ്റാന്‍ഡിങ് കമ്മിറ്റി സ്ഥിരം അധ്യക്ഷന്മാരായ ഷീജ ഷാഹുല്‍ ഹമീദ്, പി ജി രാജശേഖരന്‍, നഗരസഭ കൗണ്‍സിലര്‍മാര്‍, ഡിഎംഒ ഡോ. മനോജ് എല്‍, ഇടുക്കി ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ.അജി പി എന്‍., ആരോഗ്യ കേരളം ഡി പി എം ഡോ. അനൂപ് കെ, അര്‍ബന്‍ വെല്‍നസ് സെന്റര്‍  മെഡിക്കല്‍ ഓഫീസര്‍ ഡോ. ഡെയ്‌സി തോമസ്, നഗരസഭാ സെക്രട്ടറി ബിജുമോന്‍ ജേക്കബ്, ജില്ല അര്‍ബന്‍ കോഡിനേറ്റര്‍ കെവിന്‍ ജോര്‍ജ്, നഗരസഭ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥര്‍, നഗരസഭ ജീവനക്കാര്‍, ജില്ലാ ആശുപത്രി ആരോഗ്യ പ്രവര്‍ത്തകര്‍, ആശാവര്‍ക്കര്‍മാര്‍, ഹരിതകര്‍മ്മസേന അംഗങ്ങള്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.
 

date