Skip to main content

സ്വത്ത് വിഷയവുമായി ബന്ധപ്പെട്ട കേസുകള്‍ വര്‍ദ്ധിക്കുന്നു- വനിത കമ്മിഷന്‍

ആലപ്പുഴ: സ്വത്തിനെച്ചൊല്ലി മാതാപിതാക്കളും മക്കളും തമ്മിലുണ്ടാകുന്ന പരാതികളാണ് വനിത കമ്മീഷന്‍ അദാലത്തില്‍ കൂടുതലായി ലഭിച്ചതെന്ന് കമ്മീഷന്‍. ആലപ്പുഴ കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന അദാലത്തിനു ശേഷം സംസാരിക്കുകയായിരുന്നു അവര്‍.

വാര്‍ധക്യ സഹജമായ പ്രശ്‌നങ്ങളുള്ള മാതാപിതാക്കളെ സ്വത്ത് ലഭിച്ചശേഷം സംരക്ഷിക്കാത്ത മക്കളില്‍ നിന്ന് സ്വത്ത് തിരിച്ചു കിട്ടണം എന്ന പരാതിയാണ് കൂടുതലായി ലഭിക്കുന്നത്. കുടുംബ ബന്ധങ്ങളിലെ തകര്‍ച്ച കമ്മീഷന്‍ ഗൗരവകരമായി കാണുന്നുവെന്നും പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഇടപെടല്‍ വേണ്ടിവരുമെന്നും കമ്മീഷന്‍ വിലയിരുത്തി. കുടുംബ ബന്ധങ്ങളില്‍ ഊഷ്മളത ഉണ്ടാക്കാന്‍ വനിതാ കമ്മീഷന്‍ കൗണ്‍സിലിങ്ങും സെമിനാറും സംഘടിപ്പിക്കുന്നുണ്ട്. മറ്റ് പ്രവര്‍ത്തനങ്ങളും കമ്മീഷന്‍ ഏറ്റെടുത്ത് നടപ്പിലാക്കിയിട്ടുണ്ട്.  വര്‍ദ്ധിച്ചുവരുന്ന പരാതികളില്‍ കമ്മിഷന് ആശങ്ക ഉണ്ടെന്നും അഭിപ്രായപ്പെട്ടു.

അദാലത്തില്‍ 95 കേസുകള്‍ പരിഗണിച്ചു. 15 കേസുകള്‍ തീര്‍പ്പാക്കുകയും 12 എണ്ണത്തില്‍ പോലീസിനോട് അന്വേഷണം റിപ്പോര്‍ട്ട് ആവശ്യപ്പെടുകയും ചെയ്തു. 68 കേസുകള്‍ അടുത്ത അദാലത്തില്‍ പരിഗണിക്കുന്നതിനായി മാറ്റി. വനിത കമ്മിഷന്‍ അംഗം വി.ആര്‍. മഹിളാമണിയുടെ നേതൃത്വത്തിലാണ് അദാലത്ത് നടന്നത്. 
 

date