Skip to main content

വ്യായാമത്തിനുള്ള സൗകര്യങ്ങൾക്കൊപ്പം അവബോധവും പ്രധാനമെന്ന് മന്ത്രി എം ബി രാജേഷ്

ജനങ്ങൾക്ക് വ്യായാമത്തിനുള്ള സൗകര്യങ്ങൾ ഒരുക്കുന്നതോടൊപ്പം  അതിനുള്ള  അവബോധവും പ്രധാനമാണെന്ന്   തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ്. 
റൈസിംഗ് മണിയൂർ സമഗ്ര കായിക പദ്ധതി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 

കേരളത്തിലെ രണ്ടാം തലമുറ നേരിടുന്ന പ്രധാന ആരോഗ്യ പ്രശ്നമാണ് ജീവിതശൈലീ രോഗം.  കായികാധ്വാനത്തിൽ വന്ന മാറ്റമാണ് ഇതിന്  പ്രധാന കാരണം. 
ഒരു വാർഡിൽ ഒരു കളിക്കളം ഉൾപ്പടെയുള്ള പദ്ധതി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചതാണെന്നും 
ലഹരി പോലുള്ള വിപത്തിനെ നേരിടാനുള്ള മറുമരുന്നാണ് സ്പോർട്സ് എന്നും  മന്ത്രി പറഞ്ഞു. 

കെ പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ എം.എൽ.എ അധ്യക്ഷത വഹിച്ചു.   തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി എം ലീന, ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ കെ വി റീന, ജില്ലാ പഞ്ചായത്ത് അംഗം ദുൽഖിഫിൽ, തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ ടി രാഘവൻ,  മണിയൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം ജയപ്രഭ, 
വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ  
സംസാരിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് ടി കെ അഷ്റഫ് സ്വാഗതവും
പഞ്ചായത്ത് സെക്രട്ടറി സജിത് കുമാർ നന്ദിയും പറഞ്ഞു.

ജീവിതശൈലീ രോഗങ്ങളെ പ്രതിരോധിക്കാനായാണ് മണിയൂർ ഗ്രാമപഞ്ചായത്ത്  റൈസിംഗ് മണിയൂർ എന്ന കായികാരോഗ്യ പദ്ധതി
ആരംഭിക്കുന്നത്.

പദ്ധതിയുടെ ഭാഗമായി  പഞ്ചായത്തിലെ 21 വാർഡുകളിലും പ്രഭാത വ്യായാമം ഉൾപ്പടെ കാര്യക്ഷമമാക്കും. പ്രായത്തിനും ആരോഗ്യത്തിനും അനുസരിച്ച വ്യായാമ മുറകളുടെ പരിശീലനം, നടത്തം, സൈക്ലിംഗ്, യോഗ, ഡാൻസ് എന്നിവ  പരിശീലിക്കും. ഇതിന് വേണ്ട ഉപകരണങ്ങളും സൗകര്യങ്ങളും സ്പോൺസർഷിപ്പിലൂടെ കണ്ടെത്തും. 

വനിതകൾക്ക് ഷട്ടിൽ ക്ലബ്ബുകൾ, ഒരു വാർഡിൽ കളിസ്ഥലം, ഓപ്പൺ ജിം, നീന്തലിനായി സ്വിം മണിയൂർ, കായിക പരിശീലനം, കോച്ചിംഗ് ക്യാമ്പ്, കളരി പരിശീലനം, ജൻ്റർ റിസോഴ്സ് സെന്റർ തുടങ്ങിയ പദ്ധതികളാണ് റൈസിംഗ് മണിയൂരിന്റെ ഭാഗമായി നടപ്പാക്കാൻ പഞ്ചായത്ത്  ആലോചിക്കുന്നത്.

date