Skip to main content
നെടുങ്കണ്ടം ബ്ലോക്കില്‍ നടന്ന ചടങ്ങില്‍ ദുരിതാശ്വാസ നിധിയിലേക്കുള്ള ഫണ്ട് വിനയ ബെന്നി, ആല്‍ബി തോമസ് എന്നിവരില്‍ നിന്ന് വൈദ്യുതി മന്ത്രി എം.എം മണി ഏറ്റുവാങ്ങുന്നു.

നെടുങ്കണ്ടം ബ്ലോക്കില്‍ നിന്നും ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയത് 67.31 ലക്ഷം രൂപ

 

 

 നെടുങ്കണ്ടം ബ്ലോക്കില്‍ നിന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാനായി മന്ത്രി എം.എം മണിക്ക് കൈമാറിയത് 6731808 രൂപ. നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് അഞ്ച് ലക്ഷം രൂപ, രാജാക്കാട് ഗ്രാമപഞ്ചായത്ത് 3.47 ലക്ഷം, കരുണാപുരം 10 ലക്ഷം, നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത്  17 ലക്ഷം, പാമ്പാടുംപാറ ഗ്രാമപഞ്ചായത്ത്  3.14 ലക്ഷം ഉടുമ്പന്‍ചോല ഗ്രാമപഞ്ചായത്ത് ഒരു ലക്ഷം, സേനാപതി ഗ്രാമപഞ്ചായത്ത് ഒരു ലക്ഷം, രാജകുമാരി ഗ്രാമപഞ്ചായത്ത് 1.24 ലക്ഷം എന്നീ തുകക്കുള്ള ചെക്കുകളും ഡി.ഡികളും കൈമാറി.   പോലീസ്, ലയണ്‍സ് ക്ലബ്, വ്യാപാരി വ്യവസായികള്‍, ബാങ്കുകള്‍, കോളേജ് , നെടുങ്കണ്ടം പ്രസ് ക്ലബ് തുടങ്ങി വിവിധ സംഘടനകളും വ്യക്തികളും നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാനായി തുക  വൈദ്യുതിമന്ത്രിക്ക് കൈമാറി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുകേഷ് മോഹന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ജോയ്‌സ് ജോര്‍ജ്ജ് എം.പി മുഖ്യപ്രഭാഷണം നടത്തി. കാര്‍ഷിക മേഖലക്കുണ്ടായ വലിയ നഷ്ടം നികത്താന്‍ ദുരിതാശ്വാസ പ്രവര്‍ത്തനത്തിലൂടെ നമ്മള്‍ക്ക് കഴിയണമെന്നും ഇതിന് ആവശ്യമായ വലിയ തുക കണ്ടെത്താന്‍ ധനസമാഹരണത്തിലൂടെ സാധിക്കണമെന്നും എം.പി പറഞ്ഞു. ദുരിതാശ്വാസ നിധിയിലേക്ക് പണം സംഭാവന ചെയ്ത എല്ലാവര്‍ക്കും ഗവണ്‍മെന്റിനുവേണ്ടി മന്ത്രി എം.എം മണി നന്ദി അറിയിച്ചു.  നെടുങ്കണ്ടത്ത് നടന്ന യോഗത്തില്‍ എ.ഡി.എം പി.ജി രാധാകൃഷ്ണന്‍, വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, തഹസീല്‍ദാര്‍ പി.എസ്. ഭാനുകുമാര്‍, ബി.ഡി.ഒ കെ.യു.ഷെരീഫ്, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍  പങ്കെടുത്തു.

 

പണമടങ്ങിയ കുടുക്കകള്‍ കൈമാറി കുരുന്നുകള്‍

 

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്  നെടുങ്കണ്ടത്തു നിന്നും പണമടങ്ങിയ കുടുക്കകള്‍ കൈമാറിയത് നാല് കുരുന്നുകള്‍. ഇന്നലെ (18/9/18) നെടുങ്കണ്ടം ബ്ലോക്കില്‍ നടന്ന ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവന സ്വീകരിക്കല്‍ ചടങ്ങിലാണ് വിദ്യാര്‍ത്ഥികളായ കൊച്ചു കുട്ടികള്‍ തങ്ങളുടെ ഏക സമ്പാദ്യമടങ്ങിയ കുടുക്കകള്‍ വൈദ്യുതി വകുപ്പ് മന്ത്രി എം.എം മണിക്ക് കൈമാറിയത്. കുത്തുങ്കല്‍ ഗ്ലീവാമല എല്‍ പി സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥികളായ വിനയ ബെന്നി, ആല്‍ബി തോമസ്, പാറത്തോട് ഗവ.ഹൈസ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥി ശരണ്യ അരുണ്‍, ഏഴാം ക്ലാസ് വിദ്യാര്‍ത്ഥി ഷര്‍മിള. പി എന്നിവരാണ് കേരളത്തെ പുനര്‍നിര്‍മ്മിക്കാനുള്ള  യജ്ഞത്തില്‍ പങ്കാളികളായത്. വിനയയും ആല്‍ബിയും തങ്ങള്‍ക്ക് സൈക്കിള്‍ വാങ്ങുവാനും ഷര്‍മിള അനിയനു സൈക്കിള്‍ വാങ്ങുന്നതിനും ശരണ്യ നോട്ട് ബുക്കുകള്‍ വാങ്ങുന്നതിനും സ്വരുകൂട്ടി വച്ച  നിധിയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്കിയത്. കുടുക്കകള്‍ ഏറ്റുവാങ്ങിയ മന്ത്രി കുട്ടികളെ അഭിനന്ദിച്ചു

date