Skip to main content

ശബരിമല തീര്‍ത്ഥാടനം: ഏറ്റുമാനൂര്‍ ഇടത്താവളത്തില്‍ മുന്നൊരുക്കം തുടങ്ങി

 

  ശബരിമല തീര്‍ത്ഥാടനത്തിനുള്ള ഒരുക്കങ്ങള്‍ ജില്ലയില്‍ ആരംഭിച്ചതായി  ദേവസ്വം- ടൂറിസം- സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു. ഏറ്റുമാനൂര്‍ ഇടത്താവളത്തില്‍ ഒരുക്കേണ്ട സജ്ജീകരണങ്ങളെക്കുറിച്ച് ഏറ്റുമാനൂര്‍ ശ്രീകൈലാസം ഓഡിറ്റോറിയത്തില്‍ നടന്ന യോഗം അവലോകനം ചെയ്തു. ഏറ്റുമാനൂര്‍ ഇടത്താവളത്തില്‍ മാലിന്യനിര്‍മാര്‍ജ്ജനവും ശുദ്ധമായ കുടിവെള്ള വിതരണവും ഉറപ്പുവരുത്തും.  ഇടത്താവള പരിസരത്തെ കടകള്‍ക്ക് കരാര്‍ കൊടുക്കുന്ന അവസരങ്ങളില്‍ കടയിലെ മാലിന്യനിര്‍മാര്‍ജ്ജനവും കരാറില്‍ ഉള്‍പ്പെടുത്താന്‍ മന്ത്രി നിര്‍ദ്ദേശിച്ചു.. കര്‍ശനമായി പാലിക്കാത്തവരുടെ കടകള്‍ പൂട്ടുന്നതിനുള്ള നടപടിയെടുക്കും. വിതരണം ചെയ്യുന്ന കുടിവെള്ളത്തിന്റെ ഗുണനിലവാരം പരിശോധിക്കുന്നതിന് ഫുഡ് സേഫ്റ്റി ഓഫീസറെ ചുമതലപ്പെടുത്തി. എല്ലാ ദിവസങ്ങളിലും ഫുഡ് സേഫ്റ്റി വകുപ്പിന്റെ മൊബൈല്‍ യൂണിറ്റ് ഇതു സംബന്ധിച്ച പരിശോധനകള്‍ക്കായി ഏറ്റുമാനൂരിലെത്തും.

 

ഏറ്റുമാനൂരും പരിസരപ്രദേശങ്ങളിലും ഉള്ള റോഡുകളുടെ അറ്റകുറ്റപണികള്‍ ഒക്ടോബര്‍ 31 ന് മുമ്പായി പൂര്‍ത്തീകരിക്കുമെന്ന് പി.ഡബ്ല്യു.ഡി അറിയിച്ചു. കെ.എസ്.ആര്‍.ടി.സി മണ്ഡലകാലത്ത് അധികസര്‍വ്വീസുകള്‍ നടത്തും. റയില്‍വേ സ്റ്റേഷന്‍, ബസ് സ്റ്റാന്‍ഡ്,ഏറ്റുമാനൂര്‍ ഇടത്താവള പരിസരം എന്നിവിടങ്ങളില്‍ നിന്ന് 24 മണിക്കൂറും സര്‍വ്വീസ് നടത്തും.

 

പോലീസിന്റെ നേതൃത്വത്തില്‍ കണ്‍ട്രോള്‍ റൂമുകള്‍ ആരംഭിക്കും. മുഴുവന്‍ ഇടത്താവളങ്ങളിലും സി.സി. ടിവി സ്ഥാപിക്കും. ഫയര്‍ ആന്റ് റെസ്‌ക്യു ഒരു യൂണിറ്റ് ഫയര്‍ ഫോഴ്സിന്റെ സേവനം ഉറപ്പു വരുത്തും. മുഴുവന്‍ പ്രദേശങ്ങളിലും പവര്‍ സപ്ലൈ ഉറപ്പാക്കുമെന്ന് കെ.എസ്.സി.ബി അറിയിച്ചു.

 

ഏറ്റുമാനൂര്‍ ഇടത്താവളത്തിലെ കെട്ടിടങ്ങളുടെ അറ്റക്കുറ്റ പണികള്‍ ദേവസ്വം ബോര്‍ഡ് നടത്തും. ഇവിടെയുള്ള 37 ശുചിമുറികള്‍ പ്രവര്‍ത്തനസജ്ജമാക്കുന്നതും ഭക്തര്‍ക്കുള്ള ഭക്ഷണ വിതരണവും ദേവസ്വം ബോര്‍ഡിന്റെ നേതൃത്വത്തിലാണ്.

 

അഡ്വ.കെ.സുരേഷ് കുറുപ്പ് എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു. മുന്‍ എം.എല്‍.എ വി.എന്‍.വാസവന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സണ്ണി പാമ്പാടി, ഏറ്റുമാനൂര്‍ മുന്‍സിപ്പല്‍ ചെയര്‍മാന്‍ ജോയി ഊന്നുകല്ലേല്‍, ജില്ലാ കളക്ടര്‍ ഡോ.ബി.എസ്.തിരുമേനി, ജില്ലാ പോലീസ് മേധാവി ഹരിശങ്കര്‍, ആര്‍.ഡി.ഒ അനില്‍ ഉമ്മന്‍, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍, ബോര്‍ഡംഗങ്ങളായ കെ.രാഘവന്‍, കെ. പി. ശങ്കരദാസ്, ദേവസ്വം ബോര്‍ഡ് ചീഫ് എഞ്ചിനീയര്‍ വി. ശങ്കരന്‍ പോറ്റി, ദേവസ്വം ബോര്‍ഡ് കമ്മീഷണര്‍ എന്‍. വാസു,എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ജി.കൃഷ്ണകുമാര്‍, ക്ഷേത്ര ഉപദേശക സമിതിയംഗങ്ങള്‍,വിവിധ വകുപ്പിലെ ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു

 

date