Skip to main content

പോളിങ് ഉദ്യോഗസ്ഥർക്ക് ഏപ്രിൽ 25 വരെ ഫെസിലിറ്റേഷൻ കേന്ദ്രങ്ങളിൽ തപാൽ വോട്ടിങ് 

 

കോട്ടയം: ലോക്സഭാ തെരഞ്ഞെടുപ്പിൽ പോളിങ് ഡ്യൂട്ടിക്കു നിയോഗിച്ച ഉദ്യോഗസ്ഥർക്കു വോട്ടു ചെയ്യാൻ പരിശീലനകേന്ദ്രങ്ങളിലെ ഫെസിലിറ്റേഷൻ കേന്ദ്രത്തിൽ ഏപ്രിൽ 25 വരെ സൗകര്യം. പോളിങ് ഉദ്യോഗസ്ഥരുടെ രണ്ടാംഘട്ട പരിശീലനം ഈ കേന്ദ്രങ്ങളിൽ ഏപ്രിൽ 18,19,20 തീയതികളിൽ നടക്കും. ഈ തീയതികളിൽ വോട്ട് ചെയ്യാനാവാത്തവർക്കു ഏപ്രിൽ 25 വരെ നിയോജകമണ്ഡലങ്ങളിലെ പരിശീലനകേന്ദ്രങ്ങളിലുള്ള ഫെസിലിറ്റേഷൻ കേന്ദ്രം വഴി തപാൽ വോട്ട് ചെയ്യാം. തപാൽവോട്ടിനായി ഫോറം പന്ത്രണ്ടിൽ അപേക്ഷ നൽകിയ മറ്റു ലോക്സഭാമണ്ഡലങ്ങളിൽ വോട്ടുള്ള കോട്ടയം ജില്ലയിലെ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് ഫെസിലിറ്റേഷൻ കേന്ദ്രങ്ങളിലാണ് തപാൽ വോട്ട്. ഫോം 12ൽ അപേക്ഷ നൽകാൻ ഏപ്രിൽ 19 വരെ സമയമനുവദിച്ചിട്ടുണ്ട്. 
എല്ലാ നിയമസഭാനിയോജകമണ്ഡലങ്ങളിലുമുള്ള പരിശീലനകേന്ദ്രങ്ങളിൽ പ്രത്യേക പോളിങ് ബൂത്തുകൾ ഒരുക്കിയാണ് ഫെസിലിറ്റേഷൻ കേന്ദ്രങ്ങൾ സജ്ജമാക്കിയിരിക്കുന്നത്. രാവിലെ 10 മുതൽ അഞ്ചു വരെ വോട്ട് ചെയ്യാം. തെരഞ്ഞെടുപ്പു കമ്മിഷൻ അംഗീകരിച്ചിട്ടുള്ള തിരിച്ചറിയൽ കാർഡ് കരുതണം. 
12 എ പ്രകാരം തപാൽ വോട്ടിന് അപേക്ഷ നൽകിയ കോട്ടയം ലോക്സഭാമണ്ഡലത്തിൽ വോട്ടുള്ള ജില്ലയിലെ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് ഇലക്ഷൻ ഡ്യൂട്ടി സർട്ടിഫിക്കറ്റ് (ഇഡിസി) ഈ ദിവസങ്ങളിൽ ഫെസിലിറ്റേഷൻ കേന്ദ്രങ്ങളിൽ ലഭ്യമാക്കും. ഇ.ഡി.സി. ലഭിക്കുന്നവർക്കു വോട്ടെടുപ്പ് ദിവസമായ ഏപ്രിൽ 26ന് ഡ്യൂട്ടിയുള്ള ബൂത്തിലോ സൗകര്യപ്രദമായ ബൂത്തിലോ വോട്ട് രേഖപ്പെടുത്താം. ഇ.ഡി.സി ലഭിക്കുന്നതിനുള്ള 12 എ അപേക്ഷ ഏപ്രിൽ 22 വരെ സമർപ്പിക്കാമെന്നു ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടർ വി വിഗ്‌നേശ്വരി അറിയിച്ചിട്ടുണ്ട്. പോളിങ് ഡ്യൂട്ടിയില്ലാത്ത പൊലീസുദ്യോസ്ഥരടക്കമുള്ള മറ്റു തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കും ഡ്രൈവർ, വീഡിയോഗ്രാഫർ തുടങ്ങിയ അനുദ്യോഗസ്ഥർക്കും ഏപ്രിൽ 23,24,25 തീയതികളിൽ കോട്ടയം ബസേലിയേസ് കോളജിൽ സജ്ജമാക്കുന്ന കേന്ദ്രീകൃത തപാൽ ബാലറ്റ് കേന്ദ്രത്തിൽ വോട്ടു ചെയ്യാം. 
ഫെസിലിറ്റേഷൻ കേന്ദ്രങ്ങളിൽ വോട്ട് ചെയ്ത ബാലറ്റുകൾ അതത് ദിവസം തന്നെ ബന്ധപ്പെട്ട ഉപവരണാധികാരികൾക്കു കൈമാറും. ഉപവരാണധികാരികൾ കൈമാറുന്ന ബാലറ്റ് പെട്ടി വരണാധികാരി സ്‌ട്രോങ് റൂമിൽ സൂക്ഷിക്കും.

ഫെസിലിറ്റേഷൻ കേന്ദ്രങ്ങൾ (നിയമസഭാമണ്ഡലം തിരിച്ച് )

പാലാ നിയമസഭാമണ്ഡലം: പാലാ സെന്റ് വിൻസെന്റ് ഹയർ സെക്കൻഡറി സ്‌കൂൾ
കടുത്തുരുത്തി: കുറവിലങ്ങാട് ദേവമാതാ കോളജ്.
വൈക്കം: സത്യാഗ്രഹ സ്മാരക ശ്രീനാരായണ ഹയർ സെക്കൻഡറി സ്‌കൂൾ വൈക്കം
ഏറ്റുമാനൂർ: മാന്നാനം കെ.ഇ. ഇംഗ്ലീഷ് മീഡിയം സ്‌കൂൾ,
കോട്ടയം: സി.എം.എസ്. കോളജ് കോട്ടയം.
പുതുപ്പള്ളി: മരിയൻ സീനിയർ സെക്കൻഡറി സ്‌കൂൾ കോട്ടയം
ചങ്ങനാശേരി: സേക്രട്ട് ഹാർട്ട് ഹയർ സെക്കൻഡറി സ്‌കൂൾ ചങ്ങനാശേരി
കാഞ്ഞിരപ്പള്ളി: സെന്റ് ഡൊമിനിക്‌സ് ഹയർ സെക്കൻഡറി സ്‌കൂൾ കാഞ്ഞിരപ്പള്ളി
പൂഞ്ഞാർ:സെന്റ് ഡൊമിനിക്‌സ് ഹയർ സെക്കൻഡറി സ്‌കൂൾ കാഞ്ഞിരപ്പള്ളി

date