Skip to main content
തിരഞ്ഞെടുപ്പ് : ഭിന്നശേഷി വയോജന സൗഹൃദമാക്കാന്‍ റാമ്പും വീല്‍ ചെയറും ഒരുക്കും

തിരഞ്ഞെടുപ്പ് : ഭിന്നശേഷി വയോജന സൗഹൃദമാക്കാന്‍ റാമ്പും വീല്‍ ചെയറും ഒരുക്കും

ആലപ്പുഴ: തിരഞ്ഞെടുപ്പ് ഭിന്നശേഷി സൗഹൃദമാക്കുന്നതിന്റെ ഭാഗമായി പോളിങ് സ്റ്റേഷനുകളില്‍ എത്തുന്നതിന് പ്രത്യേക വിഭാഗത്തിലുള്ളവര്‍ക്ക് സൗജന്യ യാത്രാ സൗകര്യവും വോട്ടെടുപ്പ് കേന്ദ്രങ്ങളില്‍ റാമ്പ് സൗകര്യം, വീല്‍ ചെയര്‍ സൗകര്യം എന്നിവ തയ്യാറാക്കും. ലോക്സഭാ തിരഞ്ഞെടുപ്പ് ഭിന്നശേഷി വയോജന സൗഹൃദമാക്കുന്നതിനായി ജില്ല കളക്ടർ അലക്സ് വർഗീസിൻ്റെ അധ്യക്ഷതയിൽ കളക്ട്രേറ്റില്‍ ചേര്‍ന്ന യോഗമാണ് തീരുമാനം എടുത്തത്. 
ബ്ലോക്ക് തല ഐ.സി.ഡി.എസ് ഓഫീസർമാർ  ജില്ലയിലെ മുഴുവൻ ബൂത്തുകളും 20ന് മുമ്പ് സന്ദർശിച്ച് ഭിന്നശേഷിക്കാർക്കുള്ള അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പുവരുത്തണം.
ജില്ലയിലെ മുഴുവൻ ബൂത്തുകളിലും റാമ്പുകൾ ഏർപ്പെടുത്തും.
അലോപ്പതി , ആയുർവേദ, ഹോമിയോ ആശുപത്രികളില്‍ നിന്ന്   വീൽചെയറുകൾ കണ്ടെത്തി ജില്ല സാമൂഹിക നീതി ഓഫീസർക്ക് റിപ്പോർട്ട് ചെയ്യുന്നതിനായി ബന്ധപ്പെട്ട   ഡി.എം.ഒമാരെ ചുമതലപ്പെടുത്തി.
സ്പെഷ്യൽ സ്കൂൾ, ബഡ്സ് സ്കൂളുകളിൽ നിന്നും വീൽ ചെയർ കണ്ടെത്താൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി.
ഭിന്നശേഷിക്കാര്‍ക്കും 85 വയസ്സിന് മേല്‍ പ്രായമുള്ള വയോജനങ്ങള്‍ക്കും തിരഞ്ഞെടുപ്പ് ദിവസം പോളിങ് ബൂത്തില്‍ എത്തിച്ചേര്‍ന്ന് വോട്ട് രേഖപ്പെടുത്തി തിരികെ പോകുന്നതിനും പൊതുഗതാഗതത്തില്‍ ബന്ധപ്പെട്ട തിരിച്ചറിയല്‍ രേഖകളുടെ അടിസ്ഥാനത്തില്‍ സൗജന്യ യാത്ര അനുവദിക്കും.
പോളിംഗ് ദിവസം  പി.എച്ച്.സി, സി.എച്ച്.സി എന്നിവയുടെ പ്രവർത്തനം ആറുമണിവരെ നീട്ടും. ഭിന്നശേഷിക്കാരുടെ വാഹനങ്ങൾ പാർക്ക് ചെയ്യാൻ പ്രത്യേക സൗകാര്യം പോളിംഗ് ബൂത്തിന് സമീപം ഒരുക്കും.
തിരഞ്ഞെടുപ്പ് ദിവസം ബൂത്തിൽ എത്തുന്ന മുതിർന്ന പൗരന്മാർക്കും ഭിന്നശേഷിക്കാർക്കും എസ്.പി.സി, എൻ.എസ്.എസ്, എൻ.സി.സി വോളന്റേഴ്സിന്റെ സേവനം ലഭ്യമാക്കും.
മെഡിക്കൽ കിറ്റ്, വെള്ളം, പ്രത്യേക ക്യൂ, വെയിൽ ഏൽക്കാതെ വോട്ട് ചെയ്യാനുള്ള സൗകര്യം എന്നിവ ഏർപ്പെടുത്തും.
കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ ജില്ല സാമൂഹിക നീതി ഓഫീസറും ഭിന്നശേഷി നോഡൽ ഓഫീസറുമായ എ.ഒ.അബീൻ, സീനിയർ സൂപ്രണ്ട് എസ്. അൻവർ, ജില്ലാ വനിത ശിശുവികസന ഓഫീസർ എൽ, ഷീബ, ജില്ല സാമൂഹ്യനീതി വകുപ്പ് സീനിയർ സൂപ്രണ്ട് ദീപു മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

date