Skip to main content

പോളിങ് ബൂത്തുകളുടെ സുരക്ഷയ്ക്ക് കൂടുതല്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തും- ജില്ല കളക്ടര്‍

ആലപ്പുഴ: ക്രിട്ടിക്കല്‍ പോളിംഗ് ബൂത്തുകളില്‍ സെന്‍ട്രല്‍ ആംഡ് പ്രൊട്ടക്ഷന്‍ ഫോഴ്‌സിന്റെ(സി.എ.പി.ഫ്.) സേവനം ഉള്‍പ്പെടെ ഏര്‍പ്പെടുത്തുമെന്ന് ജില്ല തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ല കളക്ടര്‍. ജില്ലയിലാകെ 39 ക്രിട്ടിക്കല്‍ പോളിംഗ് ബൂത്തുകളാണുള്ളത്. തിരഞ്ഞെടുപ്പ് നിരീക്ഷകരുടെ സാന്നിദ്ധ്യത്തില്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുമായുള്ള യോഗത്തില്‍ സംസാരിക്കുകയായിരുന്നു ജില്ല കളക്ടര്‍. പൊതുനിരീക്ഷകരായ പ്രജേഷ് കുമാര്‍ റാണ, നാരായണ്‍ സിങ്, പോലീസ് നിരീക്ഷകന്‍ ആനന്ദ് ശങ്കര്‍ തക്ക്വാലെ, ചെലവ് നിരീക്ഷകനായ യോഗേന്ദ്ര ടി. വാക്കറെ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. 

ജില്ലയിലെ 151 സെന്‍സിറ്റീവ് ബൂത്തുകളില്‍ ക്യാമറ സാന്നിദ്ധ്യം ഉറപ്പാക്കും. ക്രിട്ടിക്കല്‍ ബൂത്തുകളുടെ പ്രവേശന കവാടത്തിലും അകത്തും ക്യാമറ നിരീക്ഷണം ഉറപ്പുവരുത്തും. ഇവിടെ സുരക്ഷിതമായ വോട്ടെടുപ്പിനായി വെബ്കാസ്റ്റിംഗ് സംവിധാനവും ഏര്‍പ്പെടുത്തും. ജില്ലയിലെ ആവശ്യങ്ങള്‍ക്കായി 250-ഓളം വോട്ടിംഗ് മെഷീനുകള്‍ അധികം എത്തിക്കാന്‍ നടപടി സ്വീകരിക്കും. പുതുതായി കൊണ്ടുവരുന്ന മഷീനുകളുടെ റാന്‍ഡമൈസേഷന്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ ഉടന്‍ പൂര്‍ത്തിയാക്കും. തകരാറുകള്‍ പരിഹരിക്കാനായി ഭെല്‍ എഞ്ചിനിയര്‍മാരുടെയും സെക്ടറല്‍ ഓഫീസര്‍മാരുടെയും ഫ്‌ലോട്ടിംഗ് സംഘത്തെ പോളിംഗ് ദിവസം നിയോഗിക്കും. 

കളക്ടറുടെ ചേമ്പറില്‍ നടന്ന യോഗത്തില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ ആര്‍. നാസര്‍, കെ.എം. കുഞ്ഞുമോന്‍, സഞ്ജീവ് ഭട്ട്, അഡ്വ. കെ.ആര്‍. മുരളീധരന്‍, ആര്‍. ചന്ദ്രന്‍, ആര്‍. ഉണ്ണികൃഷ്ണന്‍, എസ്.എ. അബ്ദുല്‍ സലാം ലബ്ബ, സുഭാഷ് ബാബു, എ.എം. ഇക്ബാല്‍, ഷീന്‍ സോളമന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date