Skip to main content
തെരഞ്ഞെടുപ്പ് നിരീക്ഷകര്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുമായി ചര്‍ച്ച

രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുമായി തെരഞ്ഞെടുപ്പ് നിരീക്ഷകര്‍ ചര്‍ച്ച നടത്തി പെരുമാറ്റച്ചട്ടം കര്‍ശനമായി പാലിക്കാന്‍ നിര്‍ദ്ദേശം

ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി തെരഞ്ഞെടുപ്പ് നിരീക്ഷകര്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുമായി ചര്‍ച്ച നടത്തി. മാതൃകാ പെരുമാറ്റച്ചട്ടം പാലിക്കാന്‍ എല്ലാ പാര്‍ട്ടികളുടെയും സഹകരണം ഉണ്ടാകണമെന്ന് തെരഞ്ഞെടുപ്പ് പൊതുനിരീക്ഷകന്‍ നികുഞ്ച് കുമാര്‍ ശ്രീവാസ്തവ, പോലീസ് നിരീക്ഷകന്‍ ശോക് കുമാര്‍ സിംഗ് എന്നിവര്‍ പാര്‍ട്ടി പ്രതിനിധികളോട് ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങളില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ജാഗ്രത പുലര്‍ത്തണം. ജില്ലയിലെ തെരഞ്ഞെടുപ്പ് പ്രക്രിയകള്‍ സമാധാനപരമാണെന്ന് നിരീക്ഷകര്‍ വിലയിരുത്തി. സ്റ്റാര്‍ ക്യാമ്പയിനറുകള്‍ ഉള്‍പ്പെടെ വയനാട് ലോക്സഭാ മണ്ഡലത്തിനു പുറത്തുനിന്നുള്ള വോട്ടര്‍മാര്‍ വോട്ടെടുപ്പിന് 48 മണിക്കൂര്‍ മുമ്പ് പ്രചാരണരംഗത്ത് നിന്നും പിന്മാറണം. കോളനികളിലും  മറ്റും വോട്ടര്‍മാരെ സ്വാധീനിക്കാന്‍ പണം, വസ്ത്രം, മറ്റ് സമ്മാനങ്ങള്‍ എന്നിവ വിതരണം ചെയ്യാന്‍ പാടില്ല. ഇക്കാര്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ നടപടി സ്വീകരിക്കുമെന്നും തെരഞ്ഞെടുപ്പ് നിരീക്ഷകര്‍ യോഗത്തില്‍ അറിയിച്ചു. വോട്ടിങ്ങുമായി ബന്ധപ്പെട്ട് രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളുടെ സംശയങ്ങള്‍ക്ക് തെരഞ്ഞെടുപ്പ് നിരീക്ഷകര്‍ മറുപടി നല്‍കി. പരസ്യ പ്രചാരണം അവസാനിക്കുന്നതിനോടനുബന്ധിച്ചുള്ള കൊട്ടിക്കലാശത്തിന് വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പ്രത്യേക സ്ഥലം അനുവദിക്കുന്ന കാര്യത്തിൽ ആവശ്യമായ നടപടി പോലിസ് സ്വീകരിക്കുമെന്ന് തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ ഡോ. രേണു രാജ് പറഞ്ഞു. കളക്ടറുടെ ചേമ്പറില്‍ ചേര്‍ന്ന യോഗത്തില്‍ ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ എന്‍.എം മെഹ്‌റലി, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.

date