Skip to main content

ലോക്‌സഭാ തിരഞ്ഞെടുപ്പ്: ജില്ലയില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി- ജില്ലാ കളക്ടര്‍

ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ മലപ്പുറം ജില്ലയില്‍ പൂര്‍ത്തിയായതായി ജില്ലാ തിരഞ്ഞെടുപ്പു ഓഫീസറും ജില്ലാ കളക്ടറുമായ വി.ആര്‍ വിനോദ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 16 നിയമസഭാ മണ്ഡലങ്ങളിലായി 33,93,884 വോട്ടര്‍മാരാണ് ജില്ലയില്‍ ഇത്തവണ വോട്ട് രേഖപ്പെടുത്തുന്നത്. ഇതില്‍ 16,96,709 പേര്‍ പുരുഷന്മാരും 16,97,132 പേര്‍ സ്ത്രീകളും 43 പേര്‍ ട്രാന്‍സ്‍ജെന്‍ഡേഴ്സുമാണ്. കന്നി വോട്ടര്‍മാരായി  82,286 പേരും വോട്ട് രേഖപ്പെടുത്തും.

ഏപ്രില്‍ 26 ന് രാവിലെ ഏഴ് മുതല്‍ വൈകീട്ട് ആറ് വരെയാണ് വോട്ടെടുപ്പ്. മലപ്പുറം, പൊന്നാനി മണ്ഡലങ്ങളിലായി എട്ട് സ്ഥാനാര്‍ത്ഥികള്‍ വീതമാണ് മത്സര രംഗത്തുള്ളത്. 23 ഓക്സിലറി ബൂത്തുകളടക്കം ജില്ലയില്‍ ആകെ 2798 പോളിങ് ബൂത്തുകളാണ് ക്രമീകരിച്ചിട്ടുള്ളത്. മലപ്പുറം, പൊന്നാനി, വയനാട് നിയോജക മണ്ഡലങ്ങളിലായി ജില്ലയില്‍ ആകെ 80 മാതൃകാ പോളിങ് സ്റ്റേഷനുകളും സ്ത്രീ ജീവനക്കാര്‍ മാത്രമുള്ള 80 പോളിങ് സ്റ്റേഷനുകളും സജ്ജീകരിച്ചിട്ടുണ്ട്. കൂടാതെ ഭിന്നശേഷിക്കാരായ ഉദ്യോഗസ്ഥര്‍ മാത്രം പോളിങ് ഉദ്യോഗസ്ഥരായ രണ്ടു പോളിങ് സ്റ്റേഷനുകളും (മലപ്പുറം-1, പൊന്നാനി- 1) സജ്ജീകരിച്ചിട്ടുണ്ട്. റിസര്‍വ് ഉദ്യോഗസ്ഥരടക്കം ആകെ 13,430 ഉദ്യോഗസ്ഥരെയാണ് ജില്ലയിലെ ബൂത്തുകളില്‍ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുള്ളത്. താഴെ തട്ടില്‍ തിരഞ്ഞെടുപ്പ് പ്രക്രിയ സുഗമമായി പൂര്‍ത്തീകരിക്കുന്നതിനായി 288 സെക്ടര്‍ ഓഫീസര്‍മാരെയും പ്രശ്നബാധിത ബൂത്തുകളുടെ പ്രവര്‍ത്തനം നിരീക്ഷിക്കാനായി 62 മൈക്രോ ഒബ്‍സര്‍വര്‍മാരെയും നിയോഗിച്ചിട്ടുണ്ട്. എല്ലാ മണ്ഡലങ്ങളിലും ശക്തമായ സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്.

 
റിസര്‍വ് ഉള്‍പ്പടെ 3324 ഇലക്‌ട്രോണിക് മെഷീനുകളാണ് ജില്ലയില്‍ വോട്ടിങിനായി സജ്ജീകരിച്ചിട്ടുള്ളത്. തിരഞ്ഞെടുപ്പു വേളയില്‍ വോട്ടിങ് യന്ത്രങ്ങള്‍ക്ക് തകരാറുണ്ടായാല്‍ ഇവ ഉടനടി മാറ്റി പുതിയ മെഷീനുകള്‍ എത്തിക്കും.  വോട്ടെടുപ്പ് സുഗമവും സുതാര്യവുമാക്കുന്നതിനായി ജില്ലയിൽ മുഴുവൻ പോളിങ് ബൂത്തുകളിലും വെബ് കാസ്റ്റിങ് സംവിധാനം ഒരുക്കും. ബൂത്തുകളിലെത്തുന്ന ഓരോ വോട്ടറും വോട്ട് ചെയ്യാനെത്തുന്നതും, രേഖപ്പെടുത്തിയതിന് ശേഷം പുറത്തിറങ്ങുന്നതും ഉൾപ്പടെയുളള മുഴുവൻ ദൃശ്യങ്ങളും വെബ്‌കാസ്റ്റിങ് സംവിധാനത്തിലൂടെ തൽസമയം രേഖപ്പെടുത്തുകയും നിരീക്ഷിക്കുകയും ചെയ്യും. വോട്ടെടുപ്പ് ദിവസം അതത് പോളിങ് ബൂത്തുകളിലെ പ്രശ്നങ്ങളും പരാതികളും അറിയിക്കാനും അടിയന്തര പ്രശ്ന പരിഹാരത്തിന് ഇടപെടാനുമായി കളക്ടറേറ്റ് കോണ്‍ഫ്രന്‍സ് ഹാളില്‍  കണ്‍ട്രോള്‍ റൂം സജ്ജീകരിക്കും. തെരഞ്ഞെടുപ്പിന്റെ ഓരോ ഘട്ടവും   അതിവേഗത്തില്‍ ജില്ലാതല കണ്‍ട്രോള്‍ റൂമില്‍  അറിയിക്കും.  പോളിങ് സാമഗ്രികള്‍ സ്വീകരിച്ച നിമിഷം മുതല്‍ വോട്ടെടുപ്പ് കഴിഞ്ഞ് സ്വീകരണ കേന്ദ്രത്തില്‍ എത്തുന്നത് വരെയുള്ള ഓരോ മണിക്കൂര്‍ ഇടവിട്ടുള്ള വിവരങ്ങളും ഇതില്‍ അപ്‌ഡേറ്റ് ചെയ്യും. വോട്ടെടുപ്പിലെ അപാകതകള്‍, ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളുടെ തകരാറുകള്‍, ക്രമസമാധാന പ്രശ്നങ്ങള്‍ തുടങ്ങിയവ സംബന്ധിച്ച് കണ്‍ട്രോള്‍ റൂമില്‍ അറിയിക്കാം. ഇത്തരം കാര്യങ്ങളില്‍ പരാതികള്‍ ലഭിക്കുന്ന പക്ഷം സെക്ടറല്‍ ഓഫീസര്‍മാര്‍, ക്യൂക് റെസ്പോണ്‍സ് ടീം എന്നിവരെ അറിയിച്ച് പ്രശ്ന പരിഹാരത്തിന് നടപടിയെടുക്കും.

പോളിങ് സാമഗ്രികളുടെ വിതരണം ഉള്‍പ്പടെ തിര‍ഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി 1400 വാഹനങ്ങളാണ് സജ്ജീകരിച്ചിട്ടുള്ളത്. ഇതോടൊപ്പം വിവിധ സ്ക്വാഡുകള്‍ക്കായി 203 വാഹനങ്ങളും ഉപയോഗിക്കുന്നുണ്ട്.

 
 ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള വോട്ടിങ് യന്ത്രങ്ങളുടെയും മറ്റ് പോളിങ് സാമഗ്രികളുടെയും വിതരണം വ്യാഴാഴ്ച (ഏപ്രില്‍ 25) രാവിലെ എട്ടു മുതല്‍ 14 വിതരണ കേന്ദ്രങ്ങളിലായി നടക്കും. സാമഗ്രികള്‍ കൈപ്പറ്റുന്നതിനായി എത്തുന്ന ഉദ്യോഗസ്ഥര്‍ക്കായി കുടിവെള്ളം, ലഘു ഭക്ഷണ ശാല, ഹെല്‍പ് ഡെസ്ക്, അടിയന്തിര ചികിത്സാ സൗകര്യം എന്നിവ ഈ കേന്ദ്രങ്ങളില്‍ ഒരുക്കിയിട്ടുണ്ട്. പ്രത്യേക വാഹനങ്ങളിലായി പോളിങ് സാമഗ്രികള്‍ കൈപ്പറ്റിയ ഉദ്യോഗസ്ഥരെ ബൂത്തുകളില്‍ എത്തിക്കും. പോളിങ് ഉദ്യോഗസ്ഥരുടെ യാത്രാ വേളയില്‍ പൊലീസും റൂട്ട് ഓഫീസറും അനുഗമിക്കും. പോളിങ് സാമഗ്രികളുടെ വിതരണ കേന്ദ്രത്തില്‍ വിപുലമായ സുരക്ഷാ സന്നാഹവും ഒരുക്കിയിട്ടുണ്ട്. വോട്ടെടുപ്പിനു ശേഷം ഇതേ കേന്ദ്രങ്ങളില്‍ തന്നെയാണ് സാമഗ്രികള്‍ തിരിച്ചേല്‍പ്പിക്കേണ്ടത്. ഇവിടെ നിന്നും വോട്ടിങ് യന്ത്രങ്ങള്‍ അന്നു തന്നെ സ്ട്രോങ് റൂമുകളിലേക്ക് മാറ്റും. വോട്ടിങ് യന്ത്രങ്ങള്‍ കേന്ദ്ര സായുധ റിസര്‍വ് പൊലീസിന്റെയും കേരള പൊലീസിന്റെയും സായുധ കാവലില്‍ സി.സി.ടി.വി ഉള്‍പ്പടെയുള്ള നീരീക്ഷണ സംവിധാനങ്ങളോടെ വോട്ടെണ്ണല്‍ ദിവസം വരെ ഈ സ്ട്രോങ് റൂമുകളില്‍ സൂക്ഷിക്കും.
ജൂണ്‍ നാലിനാണ് വോട്ടെണ്ണല്‍. മലപ്പുറം ജില്ലയില്‍ മൂന്ന് വോട്ടെണ്ണല്‍ കേന്ദ്രങ്ങളാണുള്ളത്. മലപ്പുറം മണ്ഡലത്തില്‍ മലപ്പുറം ഗവ. കോളേജും പൊന്നാനി മണ്ഡലത്തില്‍ തിരൂര്‍ എസ്.എസ്.എം പോളിടെക്നിക് കോളേജും വയനാട് മണ്ഡലത്തില്‍ (നിലമ്പൂര്‍, വണ്ടൂര്‍, ഏറനാട് നിയമസഭാ മണ്ഡലങ്ങള്‍ക്ക്) ചുങ്കത്തറ മാര്‍ത്തോമ കോളേജുമാണ് വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍.

സി.വിജില്‍ വഴി ലഭിച്ചത് 8321 പരാതികള്‍

ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പെരുമാറ്റച്ചട്ട ലംഘനം ഉള്‍പ്പെടെയുളള പരാതികളും ക്രമക്കേടുകളും പൊതുജനങ്ങള്‍ക്ക് അറിയിക്കാന്‍ തയ്യാറാക്കിയ സി-വിജില്‍ (cVIGIL) ആപ്പ് വഴി ജില്ലയില്‍ 8321 പരാതികളാണ് ഇതു വരെ ലഭിച്ചത്. തിര‍ഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലവില്‍ വന്നതു മുതല്‍ ഏപ്രില്‍ 23 വരെയുള്ള കണക്കാണിത്. ഇതില്‍ 8087 പരാതികള്‍ തീര്‍പ്പാക്കി. 234 പരാതികള്‍ ശരിയല്ലെന്ന് കണ്ട് ഒഴിവാക്കി. മലപ്പുറം ലോക്‍സഭാ മണ്ഡലത്തില്‍ 4338 ഉം പൊന്നാനിയില്‍ 3274 ഉം വയനാട് ലോക്‍സഭാ മണ്ഡലത്തില്‍ ഉള്‍പ്പെട്ട നിലമ്പൂര്‍, വണ്ടൂര്‍ , ഏറനാട് നിയോജക മണ്ഡലങ്ങളിലായി 659 പരാതികളുമാണ് ലഭിച്ചത്.

ഇതു വരെ നീക്കം ചെയ്തത് 7884 അനധികൃത പ്രചാരണ സാമഗ്രികള്‍

രാഷ്ട്രീയ പാര്‍ട്ടികളും സ്ഥാനാര്‍ഥികളും അനധികൃതമായി സ്ഥാപിച്ച കൊടി തോരണങ്ങളും ബോര്‍ഡുകളും മറ്റു തിരഞ്ഞെടുപ്പ് പ്രചരണ സാമഗ്രികളും നീക്കം ചെയ്യുന്നതിനായി പ്രവര്‍ത്തിക്കുന്ന ആന്റി ഡിഫേഴ്സ്മെന്റ് സ്ക്വാഡുകള്‍ ജില്ലയില്‍ ഇതു വരെ നീക്കം ചെയ്തത് 7884 പ്രചരണ സാമഗ്രികള്‍. പൊതുസ്ഥലത്ത് സ്ഥാപിച്ച 7839 പ്രചരണ സാമഗ്രികളും അനുമതിയില്ലാതെ സ്വകാര്യ വ്യക്തികളുടെ സ്ഥലങ്ങളില്‍ സ്ഥാപിച്ച 45 പ്രചരണ സാമാഗ്രികളുമാണ് നീക്കം ചെയ്തത്. ആകെ 3,21,170 രൂപയുടെ വസ്തുക്കളാണിത്. ഈ തുക അതത് സ്ഥാനാര്‍ഥികളുടെ ചെലവ് കണക്കില്‍ ഉള്‍പ്പെടുത്തും. മലപ്പുറം- 1,13,247, പൊന്നാനി- 1,70,913, വയനാട് (ഏറനാട്, വണ്ടൂര്‍, നിലമ്പൂര്‍ നിയോജ കമണ്ഡലങ്ങള്‍) -37,010 എന്നിങ്ങനെയാണ് ഓരോ മണ്ഡലത്തില്‍ നിന്നും നശിപ്പിച്ച അനധികൃത പ്രചരണ സാമഗ്രികളുടെ മൂല്യം.

പിടിച്ചെടുത്തത് 18.42 കോടി രൂപയുടെ  വസ്തുക്കൾ

ലോക്‍സഭാ തിരഞ്ഞെടുപ്പിന്റെ സുതാര്യമായ നടത്തിപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന വിവിധ സ്ക്വാഡുകളുടെയും പൊലീസ്, എക്സൈസ്, ഡി.ആര്‍.ഐ തുടങ്ങി വിവിധ വകുപ്പുകളുടെയും നേതൃത്വത്തില്‍ നടത്തിയ പരിശോധനകളില്‍ മലപ്പുറം ജില്ലയില്‍ നിന്നും ഇതു വരെ പിടിച്ചെടുത്തത് 18.42 കോടി രൂപയുടെ വസ്തുക്കള്‍. മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വന്ന മാര്‍ച്ച് 16 മുതല്‍  ഏപ്രില്‍ 23 വരെയുള്ള കണക്കാണിത്.
മലപ്പുറം ജില്ലയിലെ 16 നിയമസഭാ മണ്ഡലങ്ങളിൽ നടത്തിയ പരിശോധനകളിൽ 1. 53 കോടി രൂപ പണമായും 12.82 ലക്ഷം രൂപ വില വരുന്ന 1313.4 ലിറ്റർ മദ്യവും, 4.43 കോടി രൂപ വിലവരുന്ന കഞ്ചാവ് ഉൾപ്പെടെയുള്ള 23.05 കിലോഗ്രാം മയക്കുമരുന്നും 83. 34 ലക്ഷം രൂപ വില വരുന്ന മറ്റു വസ്തുക്കളും പിടിച്ചെടുത്തവയിൽ ഉൾപ്പെടുന്നു. ഇതോടൊപ്പം 11.49 കോടി രൂപയുടെ 15.73 കിലോ സ്വർണവും പിടിച്ചെടുത്തിട്ടുണ്ട്.

സുരക്ഷാ ജോലിക്കായി 6600 ഓളം ഉദ്യോഗസ്ഥര്‍

ജില്ലയില്‍ സുരക്ഷിതമായ പോളിങ് ഉറപ്പു വരുത്തുന്നതിനാവശ്യമായ എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയതായി ജില്ലാ പൊലീസ് മേധാവി എസ്. ശശിധരന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. തിരഞ്ഞെടുപ്പു ജോലിക്കായി ജില്ലയിൽ 6,600 ഓളം സുരക്ഷാ ഉദ്യോഗസ്ഥരെയാണ് ഇത്തവണ വിന്യസിക്കുന്നത്. സുരക്ഷാ ഒരുക്കുന്നതിനായി പോലീസിനോടൊപ്പം എല്ലാ ബൂത്തുകളിലും സ്പെഷ്യൽ പോലീസ് ഉദ്യോഗസ്ഥരെയും (എസ്.പി.ഒ) നിയമിച്ചിച്ചിട്ടുണ്ട്.  വിരമിച്ച സൈനികർ, വിരമിച്ച പൊലീസ് ഉദ്യോഗസ്ഥർ, എൻ.സി.സി കേഡറ്റ്സ്, എൻ.എസ്.എസ് (നാഷണൽ സർവ്വീസ് സ്കീം) വളണ്ടിയർമാർ, എസ്.പി.സി കേഡറ്റ്സ് എന്നവരെയാണ് സ്പെഷ്യൽ പോലീസ് ഓഫീസർമാരായി നിയോഗിച്ചിട്ടുള്ളത്.

ജില്ലയിൽ പ്രശ്നസാധ്യതാ മുന്നറിയിപ്പുള്ള 28 ബൂത്തുകളുടെ സുരക്ഷക്കായി സി.എ.പി.എഫ്., സായുധ സേന, തമിഴ്നാട് പൊലീസ് എന്നിവരുൾപ്പെടുന്ന സംഘത്തിന്റെ വൻ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. കൂടാതെ പോളിങ് ദിവസം ജില്ലയിലെ എല്ലാ പൊലീസ് സ്റ്റേഷൻ പരിധികളിലും സെന്ട്രൽ ആംഡ് പോലീസിന്റെ പ്രത്യേക പട്രോളിങ്, സ്റ്റേഷൻ കേന്ദ്രീകരിച്ചുള്ള ലോ ആന്റ് ഓര്‍ഡര്‍ പട്രോളിങ് സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. തിരഞ്ഞെടുപ്പു ദിവസം പൊതുജനങ്ങൾക്ക് ലഭിക്കേണ്ടതായ അവശ്യ പോലീസ് സേവനങ്ങൾ തടസ്സപ്പെടാതിരിക്കുന്നതിനായി എല്ലാ പൊലീസ് സ്റ്റേഷനുകളിലും പ്രത്യേകം ഉദ്യോഗസ്ഥരെയും നിയമിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പു ദിവസം ജില്ലയിലെ പോലീസ് പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്നതിനും കുറ്റമറ്റ സംവിധാനം ഉറപ്പാക്കുന്നതിനും ജില്ലയിൽ ഡിവൈ.എസ്.പി മാരുടെ നേതൃത്വത്തിൽ 10 പോലീസ് സബ് ഡിവിഷനുകൾ ഒരുക്കിയിട്ടുണ്ട്.

പോളിങ് സാമഗ്രികൾ വിതരണം നടത്തുന്ന കേന്ദ്രങ്ങളിലും, പോളിങ് അവസാനിച്ച് വോട്ടിങ് മെഷീനുകൾ തിരികെ സ്വീകരിക്കുന്ന കേന്ദ്രങ്ങളിലും പോലീസ് സുരക്ഷ ഉറപ്പാക്കും. വോട്ടെണ്ണൽ കേന്ദ്രങ്ങളിലക്ക് മാറ്റുന്ന വോട്ടിങ് മെഷീനുകൾക്ക് വേണ്ട കനത്ത സുരക്ഷാ സംവിധാനവും തയ്യാറാക്കിയിട്ടുണ്ട്.
തിരഞ്ഞെടുപ്പു സുരക്ഷാ ഡ്യൂട്ടിക്കായി കോഴിക്കോട്, തിരുവനന്തപുരം സിറ്റി, റൂറൽ കൊച്ചി സിറ്റി, ക്രൈം ബ്രാഞ്ച്, റെയിൽവേ, വിജിലൻസ്, ആംഡ് പോലീസ് ബറ്റാലിയൻ, റിക്രൂട്ട് പോലീസ് ട്രെയിനി ആയിട്ടുള്ള പൊലീസ് ഉദ്യോഗസ്ഥരും കൂടാതെ എക്സൈസ്, ഫോറസ്റ്റ്, എം.വി.ഡി വകുപ്പുകളിൽ നിന്നുള്ള ഉദ്യോഗസ്ഥരും, ഹോം ഗാർഡ് മാരുൾപ്പെടുന്ന 2070 ഓളം ഉദ്യോഗസ്ഥരാണ് എത്തിച്ചേരുന്നത്.

കൊട്ടിക്കലാശം സമാധാനപരമായി നടത്തുന്നതിന് ഓരോ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാരും പ്രാദേശിക രാഷ്ട്രീയ നേതാക്കളുമായി ചർച്ച ചെയ്ത് ആവശ്യമായ സുരക്ഷാ ക്രമീകരണം ഒരുക്കിയിട്ടുണ്ട്. ജില്ലയിലെ തിരഞ്ഞെടുപ്പു ജോലികൾക്കായി ആവശ്യമായ അധിക വാഹങ്ങൾ കണ്ടെത്തി തയ്യാറാക്കിയിട്ടുള്ളതാണ്. തിരഞ്ഞെടുപ്പു സുരക്ഷാ ക്രമീകരണങ്ങൾ ഏകോപിപ്പിക്കുന്നതിനായി അഡീഷണൽ പോലീസ് സൂപ്രണ്ടിന്റെ മേൽനോട്ടത്തിലുള്ള പൊലീസ് ഇലക്ഷൻ സെൽ 24 മണിക്കുറും പ്രവർത്തന സജ്ജമാണെന്നും ജില്ലാ പൊലീസ് മേധാവി അറിയിച്ചു.

 
പൊന്നാനി മണ്ഡലം വരണാധികാരിയും എ.ഡി.എമ്മുമായ കെ. മണികണ്ഠന്‍, അസി. കളക്ടര്‍ സുമിത് കുമാര്‍ ഠാക്കൂര്‍, ഇലക്‍ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ എസ്. ബിന്ദു, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ. മുഹമ്മദ് എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

 

date