Skip to main content

*വേനല്‍ ചൂട്: കന്നുകാലികള്‍ക്ക് കൂടുതല്‍ പരിചരണം നല്‍കണം*

 

 

 

വേനല്‍ ചൂട് കൂടി സാഹചര്യത്തില്‍ കന്നുകാലി പരിപാലനത്തില്‍ കൂടുതല്‍ ശ്രദ്ധച്ചെലുത്തണമെന്ന് മൃഗസംരക്ഷണ വകുപ്പ്. തൊഴുത്തിലെ ചൂട് കുറയ്ക്കാന്‍ വായുസഞ്ചാരം ഉറപ്പാക്കണം. മേല്‍ക്കൂരയ്ക്ക് മുകളില്‍ പച്ചക്കറി പന്തല്‍, തുള്ളി നന, സ്പ്രിങ്ക്ളര്‍ നനച്ച് ചാക്ക് ഇടുന്ന രീതികള്‍ നല്ലതാണ്. സൂര്യതാപം കൂടുതലുള്ള സമയങ്ങളിലും രാവിലെ 11 മുതല്‍ വൈകിട്ട് നാല് വരെയും പശുക്കളെ തുറസ്സായ സ്ഥലങ്ങളില്‍ മേയാന്‍ വിടരുത്. കറവ പശുക്കള്‍ക്ക് എല്ലാ സമയവും ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കണം. തീറ്റ ക്രമത്തില്‍ പച്ചപ്പുല്ലിന്റെ അളവ് വര്‍ദ്ധിപ്പിക്കണം. രാവിലെയും വൈകിട്ടും കാലിത്തീറ്റയും രാത്രിയില്‍ വൈക്കോലും നല്‍കണം. ചൂടു കുറഞ്ഞ സമയങ്ങളില്‍ കന്നുകാലികളെ നനയ്ക്കണം. ചൂട് കാലത്ത് ബാഹ്യപരാദങ്ങള്‍ പെരുകുന്ന സമയമായതിനാല്‍ അവയെ നിയന്ത്രിക്കാന്‍ മുന്‍കരുതല്‍ സ്വീകരിക്കണം. അകിടുവീക്കം നിയന്ത്രിക്കുന്നതിന് പാല് പൂര്‍ണ്ണമായി കറന്നെടുക്കുകയും രാവിലെയും വൈകിട്ടും എന്ന രീതിയില്‍ കറവ ക്രമീകരിക്കുകണം. 

 

*കന്നുകാലികളിലെ സൂര്യാഘാത ലക്ഷണങ്ങള്‍*

 

തളര്‍ച്ച, തീറ്റ എടുക്കാന്‍ മടി, പനി, വായില്‍ നിന്ന് നുരയും പതയും വരുക, വായ തുറന്ന ശ്വസനം, സൂര്യതാപമേറ്റ് പൊളളിയ പാടുകള്‍ സൂര്യാഘാതത്തിന്റെ ലക്ഷണങ്ങളാണ്. ഇത്തരം ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ ചികിത്സ തേടണം. ഉരുക്കള്‍ മരണപ്പെടുന്ന സാഹചര്യത്തില്‍ സ്ഥലം വെറ്ററിനറി സര്‍ജനെ വിവരം അറിയിച്ച് പോസ്റ്റ് മോര്‍ട്ടം നടത്തണമെന്നും ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ അറിയിച്ചു.

date