Skip to main content

റാന്നി ഡിപ്പോയില്‍ നിന്നും സര്‍വീസുകള്‍ പുനരാരംഭിച്ചു

 

പ്രളയശേഷം റാന്നി ഡിപ്പോയില്‍ നിന്നുള്ള കെഎസ്ആര്‍ടിസി സര്‍വീസുകള്‍ പുനരാരംഭിച്ചു. 13 സര്‍വീസുകളാണ് ഡിപ്പോയില്‍ നിന്നും ഇപ്പോള്‍ ആരംഭിച്ചിരിക്കുന്നത്. പ്രളയശേഷം ഒരു മാസം പിന്നിടുമ്പോഴാണ് ഇരുപത് ഷെഡ്യൂളുകളില്‍ നിന്നും ഇത്രയും സര്‍വീസുകള്‍ പുനരാരംഭിച്ചിരിക്കുന്നത്. പ്രളയസമയത്ത് ഒമ്പത് ഷൈഡ്യൂളുകളാണ് ഉണ്ടായിരുന്നത്. പത്തനംതിട്ട, റാന്നി എന്നിവിടങ്ങളില്‍ നിന്നായി സെന്ററിലെ 13 സര്‍വീസുകള്‍ നടത്തിയതായി റാന്നി ഡിപ്പോ ഇന്‍ ചാര്‍ജ് എം.പി. രവീന്ദ്രന്‍ അറിയിച്ചു. റാന്നി മേഖലയില്‍ സര്‍വീസ് നടത്തിയിരുന്ന മൂന്ന് ഫാസ്റ്റ് പാസഞ്ചറുകളും 7 ഓര്‍ഡിനറികളും കഴിഞ്ഞ ദിവസം റാന്നി ഡിപ്പോയില്‍ സര്‍വീസുകള്‍ അവസാനിപ്പിച്ചു. വരും ദിവസങ്ങളില്‍ ശേഷിക്കുന്ന ഫാസ്റ്റ് പാസഞ്ചറുകള്‍ ഡിപ്പോയില്‍ എത്തിക്കും. മുമ്പ് പത്തനംതിട്ട ഡിപ്പോയില്‍ ആയിരുന്നു സര്‍വീസുകള്‍ അവസാനിപ്പിച്ചിരുന്നത്. ജില്ലയില്‍ പ്രളയം ഏറ്റവും കൂടുതല്‍ ബാധിച്ചത് റാന്നിയിലെ ഡിപ്പോയിലായിരുന്നു. പ്രളയത്തില്‍ ഡിപ്പോ പൂര്‍ണമായും നശിച്ചിരുന്നു. ഇതേതുടര്‍ന്ന് റാന്നിയില്‍ നിന്നുള്ള സര്‍വീസുകള്‍ പത്തനംതിട്ട ഡിപ്പോയില്‍ നിന്നാണ് ഏകോപിപ്പിച്ചിരുന്നത്. വെള്ളം കയറിയതിനെ തുടര്‍ന്ന് ഡിപ്പോയിലെ ഓപ്പറേറ്റിങ്ങ് സെന്റര്‍ ഭാഗികമായാണ് പ്രവര്‍ത്തിക്കുന്നത്. പ്രളയശേഷം മെക്കാനിക്കല്‍ ജീവനക്കാര്‍ റാന്നി ഡിപ്പോയില്‍ ഇല്ല. പത്തനംതിട്ട ഡിപ്പോയിലെ മെക്കാനിക്കല്‍ വിഭാഗത്തിന്റെ സേവനമാണ് റാന്നിയില്‍ ഇപ്പോള്‍ ലഭ്യമാക്കുന്നത്. ആവശ്യത്തിന് ജീവനക്കാരെ ഉടന്‍ തന്നെ ഡിപ്പോയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി സജ്ജമാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഷെഡ്യൂളുകള്‍ കുറവാണെങ്കിലും സര്‍വീസുകളൊന്നും തന്നെ മുടക്കാത്തത് യാത്രക്കാര്‍ക്ക് ആശ്വാസകരമാണ്.  ഈ മാസം കഴിയുന്നതോടെ റാന്നി ഡിപ്പോയില്‍ നിന്നുള്ള മുഴുവന്‍ സര്‍വീസുകളും ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ് കെഎസ്ആര്‍ടിസി.                 (പിഎന്‍പി 3047/18)

date