Skip to main content

അവധിക്കാല പരിശീലനത്തിന് ഇന്ന് തുടക്കം

പൊതുവിദ്യാഭ്യാസ വകുപ്പ്, സമഗ്ര ശിക്ഷ കേരളയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന അവധിക്കാല അധ്യാപക പരിശീലനത്തിന് ഇന്ന് (മെയ് 14) തുടക്കമാവും. വൈത്തിരി, സുല്‍ത്താന്‍ ബത്തേരി, മാനന്തവാടി ബിആര്‍സി പരിധിയിലെ വിവിധ സ്‌കൂളുകളില്‍ നടക്കുന്ന പരിശീലനത്തില്‍ ഒന്ന് മുതല്‍ പത്ത് വരെ പഠിപ്പിക്കുന്ന അധ്യാപകരാണ് പങ്കെടുക്കുക. ഒന്ന്, മൂന്ന്, അഞ്ച്, ഏഴ്, ഒന്‍പത് ക്ലാസുകളിലെ പാഠപുസ്തകങ്ങള്‍ സംബന്ധിച്ചും എസ്‌സിആര്‍ടിസി നിഷ്‌കര്‍ഷിച്ച വിവിധ വിഷയങ്ങളിലുമാണ് അഞ്ച് ദിവസങ്ങളിലായി പരിശീലനം നല്‍കുന്നത്. എല്‍.പി വിഭാഗത്തില്‍ ക്ലാസടിസ്ഥാനത്തിലും യു.പി-ഹൈസ്‌കൂള്‍ വിഭാഗങ്ങളില്‍ ഭാഷ, വിഷയാടിസ്ഥാനത്തിലുമാണ് പരിശീലനം.   രണ്ട ഘട്ടങ്ങളിലെ നടക്കുന്ന പരിശീലനത്തില്‍ 4500 ഓളം അധ്യാപകര്‍ പങ്കെടുക്കും. ഒന്നാംഘട്ട പരിശീലനം മെയ്  18 വരെയും രണ്ടാംഘട്ട പരിശീലനം മെയ്  20 മുതല്‍ 24 വരെയും നടക്കും. സംസ്ഥാന-മേഖല-ജില്ലാതലങ്ങളില്‍ പരിശീലനം നേടിയ റിസോഴ്‌സ് അധ്യാപകരാണ് പരിശീലനം നല്‍കുക. കെറ്റ് ട്രെയിനിങ് മാനേജര്‍ സിസ്റ്റം മുഖേന ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയാണ് അധ്യാപകരെ വിവിധ പരിശീലന കേന്ദ്രങ്ങളില്‍ പങ്കെടുപ്പിക്കുന്നത്. ഹയര്‍ സെക്കന്‍ഡറി തലത്തിലെ അധ്യാപകര്‍ക്ക് ജൂണ്‍ ആദ്യവാരം പരിശീലനം നടക്കുമെന്ന് എസ്.എസ്.കെ ജില്ലാ പ്രൊജക്ട് കോ-ഓര്‍ഡിനേറ്റര്‍ അറിയിച്ചു.

date