Skip to main content

സംവരണ റൊട്ടേഷന്‍ ചാര്‍ട്ടും അനുബന്ധ രേഖകളും ഒരാഴ്ചക്കകം ലഭ്യമാക്കണം

കോഴിക്കോട് സര്‍വ്വകലാശാലയിലെ അധ്യാപക നിയമനവുമായി ബന്ധപ്പെട്ട സംവരണ റൊട്ടേഷന്‍ ചാര്‍ട്ടും അനുബന്ധ രേഖകളും ഒരാഴ്ചക്കകം അപേക്ഷന് ലഭ്യമാക്കണമെന്ന് സംസ്ഥാന വിവരാവകാശ കമ്മീഷന്‍. വിവരാവകാശ കമ്മീഷണര്‍ ഡോ. എ അബ്ദുല്‍ ഹക്കീമിന്റെ നേതൃത്വത്തില്‍ മലപ്പുറം പ്ലാനിങ് സെക്രട്ടറിയറ്റ് കോണ്‍ഫ്രന്‍സ് ഹാളില്‍ നടന്ന തെളിവെടുപ്പിലാണ് ഉത്തരവ്. റൊട്ടേഷന്‍ ചാര്‍ട്ടും അനുബന്ധ രേഖകളും ആവശ്യപ്പെട്ട് സര്‍വ്വകലാശാലയില്‍ വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷ നല്‍കിയെങ്കിലും വിവരങ്ങള്‍ ലഭ്യമാക്കിയില്ലെന്ന് കാണിച്ച് സാബു തോമസ് എന്ന വ്യക്തി നല്‍കിയ അപ്പീലിലാണ് കമ്മീഷന്റെ ഉത്തരവ്.    അധ്യാപക നിയമനവുമായി ബന്ധപ്പെട്ട് കോടതിയില്‍ കേസ് നിലനില്‍ക്കുന്നുണ്ടെന്നും അതിനാല്‍ റൊട്ടേഷന്‍ ചാര്‍ട്ടും ആവശ്യപ്പെട്ട രേഖകളും നല്‍കാന്‍ കഴിയില്ലെന്നുമായിരുന്നു സര്‍വ്വകലാശാല അപേക്ഷകനെ അറിയിച്ചിരുന്നത്. 

താമസിക്കുന്ന വീട്ടില്‍ നിന്നും ഭവന നിര്‍മാണ ബോര്‍ഡ് അധികൃതരും  ഗ്രാമപഞ്ചായത്തും ചേര്‍ന്ന് അനധികൃതമായി കുടിയൊഴിപ്പിച്ചെന്നും  കുടിയൊഴിപ്പിക്കലിന് ആധാരമായ രേഖ വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ടെങ്കിലും നല്‍കുന്നില്ലെന്നും കാണിച്ച് കോഴിക്കോട് ചേളന്നൂര്‍ സ്വദേശിനി നല്‍കിയ പരാതിയില്‍ സംസ്ഥാന ഭവന നിര്‍മാണ ബോര്‍ഡ് സെക്രട്ടറിയോടും പഞ്ചായത്ത് വകുപ്പ് ഡയറക്ടറോടും ഈ മാസം 23 ന് തിരുവനന്തപുരത്തെ കമ്മീഷന്‍ ആസ്ഥാനത്ത് ഹാജരാവാനും കമ്മീഷന്‍ നിര്‍ദ്ദേശിച്ചു. സംസ്ഥാന ഭവന നിര്‍മാണ ബോര്‍ഡിന്റെ 'രാജീവ് ദശലക്ഷം പാര്‍പ്പിട പദ്ധതി' വഴി കോഴിക്കോട് ചേളന്നൂര്‍ ഗ്രാമപഞ്ചായത്തിലെ  അമ്മയും രണ്ടു പെണ്‍മക്കളും അടങ്ങുന്ന ദരിദ്ര കുടുംബത്തിന് നിര്‍മിച്ചു നല്‍കിയതായിരുന്നു ഈ വീട്. കോവിഡ് കാലത്ത് അമ്മ മരണപ്പെട്ടതോടെ മക്കള്‍ കുറച്ചു ദിവസത്തേക്ക് ബന്ധു വീട്ടിലേക്ക് താമസം മാറി. ഈ സമയത്ത് ഒഴിഞ്ഞു കിടക്കുകയായിരുന്ന വീട് നടപടിക്രമങ്ങള്‍ പാലിക്കാതെ മറ്റൊരു കുടുംബത്തിന് കൈമാറുകയായിരുന്നു. ദരിദ്രരും അഗതികളുമായ രണ്ടു  യുവതികള്‍ മാത്രമടങ്ങുന്ന കുടുംബത്തെ അനധികൃതമായി കുടിയൊഴിപ്പിച്ചത് മനുഷ്യപ്പറ്റില്ലാത്ത നടപടിയാണെന്നും കമ്മീഷന്‍ നിരീക്ഷിച്ചു. മൂന്നു തവണ കമ്മീഷന് മുന്നില്‍ വിചാരണയ്ക്ക് ഹാജരായിട്ടും വിവരാവകാശ അപേക്ഷയില്‍ ആവശ്യപ്പെട്ട രേഖ ഹാജരാക്കാന്‍ സാധിക്കാതിരുന്ന ഭവന നിര്‍മാണ ബോര്‍ഡ് കോഴിക്കോട് ഡിവിഷന്‍ ഓഫീസിലെ പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ക്കെതിരെ വിവരാവകാശ നിയമപ്രകാരമുള്ള നടപടി സ്വീകരിക്കാനും കമ്മീഷന്‍ തീരുമാനിച്ചു. 

പുല്ലാളൂര്‍ പരപ്പാറ ജുമാമസ്ജിദുമായി ബന്ധപ്പെട്ട് വഖഫ് ബോര്‍ഡിന്റെ കോഴിക്കോട് മേഖലാ ഓഫീസിലുള്ള റാസി റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ടിട്ടും നല്‍കിയില്ലെന്ന കോഴിക്കോട് മടവൂര്‍ സ്വദേശിയുടെ അപ്പീലില്‍ ഒരാഴ്ചക്കകം പ്രസ്തുത റിപ്പോര്‍ട്ട് നല്‍കാന്‍ കമ്മീഷന്‍ ഉത്തരവിട്ടു. പകര്‍പ്പ് നല്‍കാതിരുന്ന വഖഫ് ബോര്‍ഡ് കോഴിക്കോട് ഡിവിഷന്‍ ഓഫീസിലെ  പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ക്ക് പിഴ ചുമത്താനും അച്ചടക്ക നടപടി സ്വീകരിക്കാന്‍ വകുപ്പ് മേധാവിയോട് ശിപാര്‍ശ ചെയ്യാനും കമ്മീഷന്‍ തീരുമാനിച്ചു. 

കമ്മീഷന്‍ വിളിച്ചിട്ടും ഹിയറിങിന് ഹാജരാവാതിരുന്ന ഷൊര്‍ണ്ണൂര്‍ പൊലീസ് സ്റ്റേഷനിലെ എസ്.എച്ച്. ഒയോട് മെയ് 23 ന് തിരുവനന്തപുരത്തെ കമ്മീഷന്‍ ആസ്ഥാനത്ത് ഹാജരാവാനും കമ്മീഷന്‍ നിര്‍ദ്ദേശിച്ചു. 

പത്തു പരാതികളാണ് തെളിവെടുപ്പിൽ പരിഗണിച്ചത്. ഇതില്‍ ഒമ്പതു പരാതികളും തീര്‍പ്പാക്കി.

date