Skip to main content

തൊഴിലുറപ്പു പദ്ധതി : ഓംബുഡ്സ്മാൻ റിപ്പോർട്ട് സമർപ്പിച്ചു

 

*പരാതികൾ തപാൽ ,ഇമെയിൽ ആയി നൽകാം* 

 

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയുടെ ഇടുക്കി ജില്ലയിലെ  ഓംബുഡ്‌സ്മാൻ പി ജി രാജൻ ബാബു  2023-24 സാമ്പത്തിക വർഷത്തെ പ്രവർത്തന റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചു. പദ്ധതി നിർവ്വഹണവുമായി ബന്ധപ്പെട്ട് 108 പരാതികൾ ലഭിച്ചതിൽ 101 എണ്ണം തീർപ്പാക്കി. അർഹതപ്പെട്ട വേതന നിഷേധം, തൊഴിൽ നിഷേധം, മേറ്റുമാരുടെ നിയമനം, നിർമ്മാണ പ്രവൃത്തികൾക്ക് തുക സമയബന്ധിതമായി അനുവദിച്ചു നൽകാതിരിക്കൽ, തൊഴിലിട സൗകര്യങ്ങൾ നിഷേധിയ്ക്കൽ, തൊഴിലിടങ്ങളിലുണ്ടായ പ്രശ്ന‌ങ്ങൾ എന്നിവയാണ് പരിഹരിക്കപ്പെട്ടത്.

 

വിദഗ്ധ, അര്‍ദ്ധ വിദഗ്ധ, അവിദഗ്ധ വേതനം യഥാസമയം ലഭിക്കാത്തത്‌ സംബന്ധിച്ച ധാരാളം പരാതികള്‍ ലഭിച്ചിട്ടുണ്ട്.  മസ്റ്റര്‍റോളില്‍ ഒപ്പിട്ടശേഷം മറ്റ്‌ ജോലികള്‍ക്കും യോഗങ്ങള്‍ക്കും പോയതു സംബന്ധിച്ച്‌ രാജാക്കാട്‌, കഞ്ഞിക്കുഴി, കൊന്നത്തടി, വണ്ടിപ്പെരിയാര്‍ എന്നീ ഗ്രാമപഞ്ചായത്തുകളില്‍നിന്നും പരാതികള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തെ തുടര്‍ന്ന്‌ വേതനം തിരിച്ചടക്കാന്‍ ഉത്തരവായിട്ടുണ്ട്‌. ഈ ഇനത്തില്‍ 5006 രൂപ ഈടാക്കിയിട്ടുണ്ട്‌. സോഷ്യല്‍ ഓഡിറ്റ്‌ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കൊന്നത്തടി,ഇടവെട്ടി ഗ്രാമപഞ്ചായത്തുകളിലും പത്രവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ നെടുങ്കണ്ടം, ചിന്നക്കനാല്‍, കൊന്നത്തടി, കാന്തല്ലൂര്‍ പഞ്ചായത്തുകള്‍ക്കെതിരെയും സ്വമേധയ കേസെടുത്തിട്ടുണ്ട്‌.  പ്രധാനമന്ത്രി  ആവാസ്‌ യോജന (ഗ്രാമീണ്‍) പദ്ധതിയുമായി ബന്ധപ്പെട്ടു 10  പരാതികള്‍ ലഭിച്ചിരുന്നു. ഇതിൽ 7 എണ്ണം തീര്‍പ്പാക്കി. 

 

തൊഴിലുറപ്പ്‌ പദ്ധതി, പ്രധാനമന്ത്രി  ആവാസ്‌ യോജന  പദ്ധതികളെ സംബന്ധിച്ചുള്ള  പരാതികള്‍ ഓംബുഡ്സ്മാന്‍ ഓഫീസ്‌, പൈനാവ്‌ പി.ഒ-685603 എന്ന വിലാസത്തില്‍ സാധാരണ തപാലിലോ ombudsmanidk@ gmail.com എന്ന ഇ-മെയില്‍ വിലാസത്തിലോ അയക്കാവുന്നതാണ്‌.

 

 

date