Skip to main content

ലോക്‍സഭാ തിരഞ്ഞെടുപ്പ്: വോട്ടെണ്ണലിനുള്ള ഒരുക്കങ്ങള്‍ അന്തിമ ഘട്ടത്തില്‍ കൗണ്ടിങ് ഉദ്യോഗസ്ഥരുടെ ആദ്യഘട്ട റാന്‍ഡമൈസേഷന്‍ പൂര്‍ത്തിയായി

ലോക്‍സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിനുള്ള ഒരുക്കങ്ങള്‍ മലപ്പുറം ജില്ലയില്‍ അന്തിമ ഘട്ടത്തില്‍. ജൂണ്‍ നാലിന് നടക്കുന്ന വോട്ടെണ്ണലിനായി മലപ്പുറം ജില്ലയില്‍ നാലു  കേന്ദ്രങ്ങളാണ് നിശ്ചയിച്ചിട്ടുള്ളത്. പൊന്നാനി ലോക്‍സഭാ മണ്ഡലത്തിന്റെ വോട്ടെണ്ണല്‍ കേന്ദ്രമായി തിരൂര്‍ എസ്.എസ്.എം പോളിടെക്ന‍ിക് കോളേജും മലപ്പുറം ലോക്‍സഭാ മണ്ഡലത്തിന്റെ വോട്ടെണ്ണല്‍ കേന്ദ്രമായി മലപ്പുറം ഗവ. കോളേജും വയനാട് ലോക്‍സഭാ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന നിലമ്പൂര്‍, ഏറനാട് നിയമസഭാ മണ്ഡലങ്ങളുടെ വോട്ടെണ്ണല്‍ കേന്ദ്രമായി ചുങ്കത്തറ മാര്‍ത്തോമ കോളേജും വയനാട് ലോക്‍സഭാ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന വണ്ടൂര്‍ നിയമസഭാ മണ്ഡലത്തിന്റെ വോട്ടെണ്ണല്‍ കേന്ദ്രമായി ചുങ്കത്തറ മാര്‍ത്തോമ ഹയര്‍സെക്കന്ററി സ്കൂളുമാണ് നിശ്ചയിച്ചിട്ടുള്ളത്.  പൊന്നാനി ലോക്‍സഭാ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന തൃത്താല നിയോജക മണ്ഡലത്തിലെ വോട്ടുകള്‍ തിരൂര്‍ എസ്.എസ്.എം പോളിടെക്ന‍ിക് കോളേജിലെ വോട്ടെണ്ണല്‍ കേന്ദ്രത്തിലാണ് എണ്ണുക.

 
വോട്ടിങ് മെഷീനുകളില്‍ രേഖപ്പെടുത്തിയിട്ടുള്ള വോട്ടുകള്‍ എണ്ണുന്നതിനായി 218 ഉം പോസ്റ്റല്‍ ബാലറ്റ് എണ്ണുന്നതിനായി 31 ഉം അടക്കം ആകെ 249 കൗണ്ടിങ് ടേബിളുകളാണ് ഈ നാലു കേന്ദ്രങ്ങളിലുമായി സജ്ജീകരിക്കുക.  വോട്ടിങ് മെഷീനുകളിലെ വോട്ടെണ്ണുന്ന ഓരോ ടേബിളിലും ഒരു കൗണ്ടിങ് സൂപ്പര്‍ വൈസര്‍, ഒരു കൗണ്ടിങ് അസിസ്റ്റന്റ്, ഒരു മൈക്രോ ഒബ്‍സര്‍വര്‍ എന്നിവരെ നിയോഗിക്കും. പോസ്റ്റല്‍ ബാലറ്റ് എണ്ണുന്ന ഓരോ ടേബിളുകളിലും  ഒരു കൗണ്ടിങ് സൂപ്പര്‍ വൈസര്‍, രണ്ട് കൗണ്ടിങ് അസിസ്റ്റന്റുമാര്‍, ഒരു മൈക്രോ ഒബ്‍സര്‍വര്‍ എന്നിവരെയും നിയോഗിക്കും. ഗസറ്റഡ് റാങ്കിലുള്ള ഉദ്യോഗസ്ഥരെയാണ് വോട്ടിങ് മെഷീന്‍ ടേബിളിലെ കൗണ്ടിങ് സൂപ്പര്‍വൈസര്‍, പോസ്റ്റല്‍ ബാലറ്റ് ടേബിളിലെ കൗണ്ടിങ് സൂപ്പര്‍ വൈസര്‍, കൗണ്ടിങ് അസിസ്റ്റന്റുമാര്‍ എന്നിവരായി നിയമിക്കുക.

 
വോട്ടണ്ണല്‍ ചുമതലയുള്ള ഉദ്യോഗസ്ഥരെ തിരഞ്ഞെടുക്കുന്നതിനായുള്ള, ആദ്യ ഘട്ട റാന്‍‍‍ഡമൈസേഷന്‍ ജില്ലയില്‍ പൂര്‍ത്തിയായി.  25 ശതമാനം റിസര്‍വ് അടക്കം ആകെ 989 ഉദ്യോഗസ്ഥരെയാണ് വോട്ടെണ്ണല്‍ ജോലിക്കായി ജില്ലയില്‍ നിയമിച്ചിട്ടുള്ളത്. കളക്ടറേറ്റില്‍ നടന്ന ചടങ്ങില്‍ ജില്ലാ കളക്ടര്‍ വി.ആര്‍ വിനോദ് റാന്‍ഡമൈസേഷന്‍ നിര്‍വഹിച്ചു.

കൗണ്ടിങ് ഉദ്യോഗസ്ഥര്‍ ചുമതലയേല്‍ക്കേണ്ട നിയമസഭാ മണ്ഡലം നിശ്ചയിക്കുന്നതിനായുള്ള, രണ്ടാം ഘട്ട റാന്‍ഡമൈസേഷന്‍ ജൂണ്‍ മൂന്നിന് തിരഞ്ഞെടുപ്പ് നിരീക്ഷകരുടെ സാന്നിദ്ധ്യത്തില്‍ നടക്കും. ഉദ്യോഗസ്ഥരുടെ കൗണ്ടിങ് ടേബിള്‍ നിശ്ചയിക്കുന്നതിനായുള്ള, മൂന്നാം ഘട്ട റാന്‍ഡമൈസേഷന്‍ വോട്ടെണ്ണല്‍ ദിനമായ ജൂണ്‍ നാലിന് വോട്ടെണ്ണല്‍ ആരംഭിക്കുന്നതിന് തൊട്ട് മുമ്പായും നടക്കും. അതത് നിയമസഭാ മണ്ഡലങ്ങളുടെ അസി. റിട്ടേണിങ് ഓഫീസര്‍മാരാണ് മൂന്നാം ഘട്ട റാന്‍ഡമൈസേഷന്‍ നിര്‍വഹിക്കുക.  

നിയമനം ലഭിച്ച കൗണ്ടിങ് സൂപ്പര്‍വൈസര്‍മാര്‍, കൗണ്ടിങ് അസിസ്റ്റന്റുമാര്‍, മൈക്രോ ഒബ്‍സര്‍വര്‍മാര്‍ എന്നിവര്‍ക്കുള്ള പരിശീലനം മെയ് 22 മുതല്‍  ആരംഭിക്കും.  വിവിധ ബാച്ചുകളിലായാണ് പരിശീലനം നല്‍കുക.

date