Skip to main content

മഴക്കാല രോഗങ്ങള്‍ തടയുന്നതിന് ജാഗ്രതാ നിര്‍ദേശവുമായി ആേരാഗ്യ വകുപ്പ്

മഴക്കാല രോഗങ്ങളായ ഡെങ്കിപ്പനി, ചിക്കുന്‍ഗുനിയ, സിക്ക, വെസ്റ്റ്‌നൈല്‍ തുടങ്ങിയ രോഗങ്ങള്‍ തടയുന്നതിന് ജാഗ്രതാ നിര്‍ദേശവുമായി ജില്ലാ മെഡിക്കല്‍ ഓഫീസ്.  കൊതുക് നിര്‍മാര്‍ജനമാണ് പ്രധാന പ്രതിരോധ മാര്‍ഗം.
വീട്ടിലെ ഫ്രിഡ്ജിന്റെ പിറകുവശത്തുള്ള ട്രേയിലെ വെള്ളം ആഴ്ചയിലൊരിക്കല്‍ കളയുക, കുടിവെള്ളം ശേഖരിക്കുന്ന പാത്രങ്ങള്‍ അടച്ച് സൂക്ഷിക്കുക, കുടിവെള്ളം ശേഖരിക്കുന്ന പാത്രത്തിന്റെ ഉള്‍ഭാഗം ആഴ്ചയിലൊരിക്കല്‍ ഉരച്ച് കഴുകുക, മണി പ്ലാന്റുകള്‍ വെള്ളത്തില്‍ ഇട്ടു വെക്കുന്നതിനു പകരം ചട്ടിയിലോ ജാറിലോ മണ്ണിട്ട് അതില്‍ കുഴിച്ചിടുക, വീടിന് ചുറ്റും അലക്ഷ്യമായി ഇട്ടിരിക്കുന്ന ചിരട്ടകള്‍, പാത്രങ്ങള്‍, കുപ്പികള്‍,, ടയര്‍, മുട്ടത്തോടുകള്‍, മറ്റ് വസ്തുക്കള്‍ എന്നിവ ശേഖരിച്ച് മഴവെള്ളം വീഴാതെ വെക്കുക, മരക്കുറ്റികളും മരപ്പൊത്തുകളും മണ്ണിട്ട് നിറക്കുക, സണ്‍ഷെയ്ഡ്, ടെറസ് എന്നിവിടങ്ങളിലെ മാലിന്യം നീക്കം ചെയ്യുക, സ്ഥിരമായി ഉപയോഗിക്കാത്ത ക്ലോസറ്റ് അടച്ചു വെക്കുക തുടങ്ങിയ കാര്യങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ ശ്രദ്ധിച്ചാല്‍ വീടും പരിസരവും കൊതുക് വളരുന്ന ഇടമാകാതെ സൂക്ഷിക്കാം.
ക്യൂലക്‌സ് കൊതുക് പരത്തുന്ന പകര്‍ച്ച വ്യാധിയായ വെസ്റ്റ് നൈല്‍ പനിക്കെതിരെയുള്ള ഏറ്റവും നല്ല പ്രതിരോധ മാര്‍ഗം കൊതുക് കടി ഏല്‍ക്കാതിരിക്കുക എന്നതാണ്.  കൊതുകുവല ഉപയോഗിക്കുക, കൊതുകിനെതിരായ ലേപനങ്ങള്‍ പുരട്ടക, ശരീരം മൂടുന്ന വിധത്തില്‍ വസ്ത്രം ധരിക്കുക എന്നിവ പ്രതിരോധത്തിന് ആവശ്യമാണ്. കൊതുകിന്റെ ഉറവിട നശീകരണത്തിന് പ്രാധാന്യം നല്‍കുകയും വേണം. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുകയും പരിസരങ്ങളില്‍ വെള്ളം കെട്ടി നില്‍ക്കുന്നത് ഒഴിവാക്കുകയും വേണം.

പന്നി, കന്നുകാലികള്‍, കൊക്ക് വിഭാഗത്തില്‍പ്പെട്ട പക്ഷികള്‍ എന്നിവയിലാണ് ജപ്പാന്‍ ജ്വര രോഗാണു കാണുന്നത്.  ക്യൂലക്‌സ്, മാന്‍സോണിയ വിഭാഗത്തില്‍പ്പെട്ട കൊതുകുകള്‍ വഴിയാണ് രോഗാണു മനുഷ്യരില്‍ പ്രവേശിക്കുന്നത്.  കടുത്ത പനി, കഠിനമായ തലവേദന, ഛര്‍ദ്ദി, സ്വഭാവ വ്യത്യാസം, അപസ്മാര ലക്ഷണങ്ങള്‍, അവയവങ്ങള്‍ക്ക് തളര്‍ച്ച, അബോധാവസ്ഥ എന്നിവയാണ് ജപ്പാന്‍ ജ്വരത്തിന്റെ ലക്ഷണങ്ങള്‍.  

date