Skip to main content

മഴക്കാലപൂര്‍വ്വ ശുചീകരണം ജില്ലയില്‍ പൊതുജന  പങ്കാളിത്തത്തോടെ ഇന്നും നാളെയും മെഗാ ക്ലീനിങ്

ആലപ്പുഴ: മഴക്കാലപൂര്‍വ്വ ശുചീകരണത്തിന്റെ ഭാഗമായി ജില്ലയില്‍ ഇന്നും(18), നാളെയും(19) മെഗാ ക്ലീനിങ്. ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വതി, ജില്ല കളക്ടര്‍ അലക്‌സ് വര്‍ഗീസ് എന്നിവരുടെ നേതൃത്വത്തില്‍ സന്നദ്ധ പ്രവര്‍ത്തകരുടെയും പൊതുജനങ്ങളുടെയും പങ്കാളിത്തത്തോടെയാണ് 78 തദ്ദേശസ്ഥാപനങ്ങളിലും മെഗാ ക്ലീനിങ് നടത്തുന്നത്.

മെഗാ ക്ലീനിംഗിന്റെ ഭാഗമായി ജില്ലയിലെ 1169 ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലും 215 മുനിസിപ്പല്‍ വാര്‍ഡുകളിലും നാല് വീതം ശുചീകരണ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കും. ഇവിടെ കുറഞ്ഞത് 25 സന്നദ്ധ സേവകര്‍ ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമാകും. ഇതിനായി എല്ലാ ഗ്രാമപഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും ഭരണ സമിതി അംഗങ്ങള്‍, റസിഡന്‍സ് അസോസിയേഷന്‍, യവജന സംഘടനകള്‍, വ്യാപാരി വയവസായ സംഘടനകള്‍, കുടുംബശ്രീ യൂണിറ്റുകള്‍ എന്നിവയുടെ യോഗം ചേര്‍ന്നിരുന്നു.

പകര്‍ച്ചവ്യാധികള്‍ തടയുന്നതിനായി ഹോട്ട്‌സ്‌പോട്ടുകള്‍, മാലിന്യ കൂമ്പാരങ്ങള്‍ എന്നിവയുടെ പട്ടിക മെഗാ ക്ലീനിംഗിന്റെ ഭാഗമായി തയ്യാറാക്കിയിട്ടുണ്ട്. ഇവിടെയെല്ലാം ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തും. വെള്ളപ്പൊക്ക സാധ്യത നിലനില്‍ക്കുന്ന പ്രദേശങ്ങളിലെ ഓടകളും കനാലുകളും ചെറുതോടുകളും വൃത്തിയാക്കി വെള്ളത്തിന്റെ ഒഴുക്ക് സുഗമമാക്കും.  

തദ്ദേശസ്ഥാപനങ്ങളിലെ മഴക്കാല ശുചീകരണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിന് ജില്ല കളക്ടര്‍ അലക്‌സ് വര്‍ഗീസിന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ യോഗം ചേര്‍ന്നു. തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ബിനു ജോണ്‍, മറ്റ് വകുപ്പുതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date