Skip to main content

അടിയന്തിര ഭവന പദ്ധതിയുമായി ജില്ലാ പഞ്ചായത്ത് 

 

പ്രളയം സര്‍വ്വനാശം വിതച്ച ജില്ലയിലെ പാവപ്പെട്ട ഭവന രഹിതര്‍ക്ക് വീടുകള്‍ നിര്‍മ്മിച്ച് നല്കുന്നതിനുള്ള ബൃഹത് പദ്ധതി നടപ്പാക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി അറിയിച്ചു. 10 കോടി രൂപയുടെ പദ്ധതിയാണ് അടിയന്തിരമായി നടപ്പാക്കുന്നത്. ബ്ലോക്ക് - ഗ്രാമപഞ്ചായത്തുകളുടെ സഹകരണത്തോടെ 8 കോടി രൂപ പ്രത്യേകമായി ചെലവഴിക്കും. ലൈഫ് മിഷന്‍, പി.എം.എ.വൈ പദ്ധതികളുമായി യോജിപ്പിച്ചാണ് ഇത് നടപ്പാക്കുന്നത്.

പട്ടികജാതി വിഭാഗത്തിന്റെ വികസനത്തിനായി പന്തളത്ത് ജില്ലാ പഞ്ചായത്ത് വാങ്ങിയിട്ടുള്ള 50 സെന്റ് സ്ഥലത്ത് 10 വീടുകള്‍ നിര്‍മ്മിച്ച് നല്കും. ഇവരുടെ പൊതുവായ ആവശ്യത്തിനും സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്കുമായി വിശാലമായ ഒരു കമ്മ്യൂണിറ്റി ഹാളും ഇതോടനുബന്ധിച്ച് നിര്‍മ്മിക്കും. എകദേശം 50 ലക്ഷം രൂപയാണ് ഇതിനായി ചെലവ് പ്രതീക്ഷിക്കുന്നത്.

ജില്ലയിലെ ജനപ്രതിനിധികളുടെയും വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളുടെയും അഭിപ്രായത്തെ മാനിച്ചാണ് ഫ്‌ളാറ്റുകള്‍ക്ക് പകരം ഇവിടെ വീടുകള്‍ നിര്‍മ്മിച്ച് നല്കുവാന്‍ തീരുമാനിച്ചത്. ജില്ലാ പഞ്ചായത്ത് പട്ടികജാതി വികസന ഫണ്ടില്‍ നിന്നുമാണ് ഇതിനുള്ള തുക ചെലവഴിക്കുക. കൂടാതെ ജനറല്‍ വിഭാഗത്തില്‍ ജില്ലയുടെ വിവിധ പ്രളയബാധിത സ്ഥലങ്ങളില്‍ 15 വീടുകള്‍ നിര്‍മ്മിച്ച് നല്കുന്നതിനും ജില്ലാ പഞ്ചായത്ത് ഭരണസമിതി     തീരുമാനം എടുത്തു. ഒന്നര കോടി രൂപയാണ് ഇതിന് ചെലവ് പ്രതീക്ഷിക്കുന്നത്. ഗ്രാമപഞ്ചായത്തുകളുടെ സഹകരണത്തോടെയാണ് ഇത് നടപ്പാക്കുന്നത്.

പ്രളയം ബാക്കിവെച്ച ചെളിയും പൊടിയും പകര്‍ച്ചവ്യാധികള്‍ക്കും മറ്റസുഖങ്ങള്‍ക്കും കാരണമാകും എന്നതിനാല്‍ ഇവയെ പ്രതിരോധിക്കുന്നതിന് ആയുര്‍വേദ പ്രതിരോധ മരുന്നുകള്‍ വീടുകളില്‍ എത്തിക്കുന്ന പദ്ധതി നടപ്പിലാക്കി വരുന്നു. 30 ലക്ഷം രൂപയാണ് ജില്ലാ പഞ്ചായത്ത് ഇതിന് ചെലവഴിക്കുന്നത്. ഭാരതീയ ചികിത്സാ വകുപ്പിന്റെ സഹകരണത്തോടെയാണ് ഈ പദ്ധതി നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. വിദഗ്ദ്ധ ഡോക്ടര്‍മാരുടെ സേവനവും ലഭ്യമാക്കി വരുന്നു. പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികളുടെ പഠന നിലവാരം മെച്ചപ്പെടുത്തുന്നതിന് ആവശ്യമായ പഠനമുറികള്‍ നിര്‍മ്മിച്ച് നല്കും. ഇതിനായി ഒരു കോടി രൂപ വകയിരുത്തിയിട്ടുണ്ട്. വെള്ളപ്പൊക്കത്തില്‍ തകര്‍ന്ന ജില്ലാ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള സ്‌കൂളുകളുടെ നവീകരണത്തിന് പ്രത്യേക പ്രോജക്ട് അടുത്ത വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തും.

പ്രളയദുരന്തത്തിനുശേഷം കന്നുകാലികള്‍ നഷ്ടപ്പെട്ട ക്ഷീരകര്‍ഷകര്‍ക്ക് പശുക്കളെ വാങ്ങി നല്‍കുന്നതിനായി ജില്ലാ പഞ്ചായത്ത് 50 ലക്ഷം രൂപ വകയിരുത്തി പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. നൂറ്റിഎണ്‍പതോളം പശുക്കളെ വാങ്ങി പ്രളയക്കെടുതി രൂക്ഷമായ പ്രദേശത്തെ കര്‍ഷകര്‍ക്ക് നല്‍കുന്നതാണ് പദ്ധതി.                  (പിഎന്‍പി 3141/18)

date