Skip to main content

നവകേരള ഭാഗ്യക്കുറിയുടെ സന്ദേശം പകര്‍ന്ന് രംഗശ്രീ ഗ്രൂപ്പിന്റെ  തെരുവുനാടകം

 

നവകേരള നിര്‍മിതിക്കും ധനസമാഹരണത്തിനുമായി ഭാഗ്യക്കുറി വകുപ്പ് നടപ്പിലാക്കുന്ന നവകേരള ഭാഗ്യക്കുറിയുടെ പ്രചരണാര്‍ഥം രംഗശ്രീ ഗ്രൂപ്പ് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ അവതരിപ്പിച്ച തെരുവുനാടകം ശ്രദ്ധേയമായി. സംസ്ഥാനം നേരിട്ട അതിരൂക്ഷമായ പ്രളയക്കെടുതിയുടെയും അതിജീവനത്തിന്റെയും നേര്‍ക്കാഴ്ചകളാണ് നാടകത്തിലൂടെ വരച്ചുകാട്ടിയത്. ജില്ലയിലെ എട്ട് കേന്ദ്രങ്ങളിലാണ് കുടുംബശ്രീയുടെ സാംസ്‌കാരിക വിഭാഗമായ രംഗശ്രീയുടെ ആഭിമുഖ്യത്തില്‍ തെരുവുനാടകം നടത്തിയത്. നാടന്‍പാട്ട്, ചൊല്ലിയാട്ടം, കൃഷിപ്പാട്ട്, വായ്ത്താരി എന്നിവ കോര്‍ത്തിണക്കിയാണ് നാടകങ്ങള്‍ അവതരിപ്പിച്ചത്. കോഴഞ്ചേരി പ്രൈവറ്റ് ബസ് സ്റ്റാന്‍ഡ്, റാന്നി ഇട്ടിയപ്പാറ ബസ് സ്റ്റാന്‍ഡ്, മല്ലപ്പള്ളി, തിരുവല്ല പ്രൈവറ്റ് ബസ് സ്റ്റാന്‍ഡ്, കോന്നി മാര്‍ക്കറ്റ് ജംഗ്ഷന്‍, പത്തനംതിട്ട പ്രൈവറ്റ് ബസ് സ്റ്റാന്‍ഡ് പന്തളം ബസ് സ്റ്റാന്‍ഡ്, അടൂര്‍ കെഎസ്ആര്‍ടിസി എന്നിവിടങ്ങളിലാണ് പര്യടനം നടത്തിയത്. പത്തനംതിട്ട നഗരസഭ ചെയര്‍പേഴ്‌സണ്‍ ഗീത സുരേഷ് പര്യടനത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. ലോട്ടറി ക്ഷേമനിധി ബോര്‍ഡ് പി.വി.മധു, കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ എസ്.സാബിര്‍ ഹുസൈന്‍, അസി.കോ-ഓര്‍ഡിനേറ്റര്‍ വി.എസ്.സീമ, സിഡിഎസ് ചെയര്‍പേഴ്‌സണ്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. രംഗശ്രീ ടീം അംഗങ്ങളായ ഷേര്‍ലി ഷൈജു, ഉഷാതോമസ്, മായാ അമൃതകുമാര്‍, രമണി, ഹേമലത, സുധാസുരേന്ദ്രന്‍, അംബിക അനില്‍ എന്നിവരാണ് നാടകാവതരണം നടത്തിയത്.                   (പിഎന്‍പി 3142/18)

date