Skip to main content

ഗാന്ധിജയന്തി വാരാഘോഷം പ്രളയാനന്തര കേരളം ഏകദിന സര്‍വ്വെയോടെ തുടങ്ങും

 

പ്രളയാനന്തര കേരളം എന്ത് ചിന്തിക്കുന്നു, എങ്ങനെ ചിന്തിക്കുന്നു എന്ന ഏകദിന സര്‍വ്വെയോടെ ജില്ലയില്‍ ഗാന്ധിജയന്തി വാരാഘോഷത്തിന് തുടക്കമാകും.  സര്‍വ്വെയുടെ ജില്ലാതല ഉദ്ഘാടനം പൊഴുതന പഞ്ചായത്തിലെ പ്രളയ ബാധിത പ്രദേശമായ മീഞ്ചാലില്‍ ഒക്‌ടോബര്‍ 2ന് രാവിലെ 9 മണിക്ക് സി.കെ.ശശീന്ദ്രന്‍ എം.എല്‍.എ. നിര്‍വഹിക്കും.  പടിഞ്ഞാറത്തറയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി.നസീമയുടെ നേതൃത്വത്തിലാണ് സര്‍വ്വെ നടക്കുക.  മറ്റ് ജനപ്രതിനിധികളും പൊതുപ്രവര്‍ത്തകരും വിവിധ സ്ഥലങ്ങളിലെ സര്‍വ്വെക്ക് നേതൃത്വം കൊടുക്കും. സംസ്ഥാനത്ത് രണ്ടരലക്ഷം വീടുകളിലാണ് സര്‍വ്വെ നടത്തുന്നത്. ജില്ലയില്‍ 7500 വീടുകളിലും ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ്, സാക്ഷരതാ മിഷന്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ പത്താംതരം,ഹയര്‍ സെക്കന്ററി തുല്യതാ പഠിതാക്കളായ 1500 പഠിതാക്കളാണ് സര്‍വ്വെ നടത്തുക.  പ്രളയ ദുരന്തത്തെ കുറിച്ച് സമൂഹത്തിനുള്ള അവബോധം, നവകേരള നിര്‍മ്മിതിയെക്കുറിച്ചുള്ള കാഴ്ചപ്പാട് എന്നിവയാണ് പഠന വിധേയമാക്കുന്നത്.  

പ്രളയ ദുരന്തത്തെക്കുറിച്ച് നിങ്ങള്‍ അറിഞ്ഞത് എങ്ങനെ, പ്രളയാനന്തരം പടര്‍ന്നു പിടിക്കാവുന്ന രോഗങ്ങള്‍ എന്തൊക്കെ? ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ എങ്ങനെ പങ്കാളിയായി,  കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് അറിവുണ്ടോ, ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ എങ്ങനെ പങ്കാളികളായി, കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് അറിവുണ്ടോ, ദുരിതാശ്വാസ പ്രതിരോധത്തെക്കുറിച്ച് അറിവുണ്ടൊ, ദുരിതമുണ്ടായാല്‍ ആവശ്യമായ മുന്‍കരുതലുകളെക്കുറിച്ച് അറിവുണ്ടോ, ദുരന്തത്തെ പ്രതിരോധിക്കാന്‍ ആര്‍ക്കാണ് ഉത്തരവാദിത്വം, ദുരന്ത പ്രതിരോധത്തെക്കുറിച്ച് സമൂഹത്തെ ബോധ്യപ്പെടുത്താനുള്ള മാര്‍ഗ്ഗങ്ങള്‍ എന്തൊക്കെ തുടങ്ങിയ 15 ചോദ്യങ്ങളാണ് സര്‍വ്വെയിലുള്ളത്.  ഒക്‌ടോബര്‍ 7ന് പഠന കേന്ദ്രങ്ങളില്‍ സര്‍വ്വെ റിപ്പോര്‍ട്ട് പ്രകാശനം ചെയ്യും.തുടര്‍ന്ന് റിപ്പോര്‍ട്ട് ജില്ലാതലത്തില്‍ പ്രകാശനം ചെയ്യും. ഒക്‌ടോബര്‍ 13ന് ലോക ദുരന്ത നിവാരണ ദിനത്തില്‍ സംസ്ഥാന തലത്തില്‍ റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിക്കും.  സര്‍വ്വെക്ക് മുന്നോടിയായി സെന്റര്‍ കോര്‍ഡിനേറ്റര്‍മാര്‍ക്ക് പരിശീലനം നല്‍കി. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എന്‍.സതീഷ് കുമാര്‍, സാക്ഷരതാ മിഷന്‍ കോര്‍ഡിനേറ്റര്‍ പി.എന്‍.ബാബു, അസി.കോര്‍ഡിനേറ്റര്‍ സ്വയ നാസര്‍ എന്നിവര്‍ ക്ലാസ്സെടുത്തു.

date