Skip to main content

ഗാന്ധിജയന്തി വാരാഘോഷം : ജില്ലാതല ഉദ്ഘാടനം തിരുനാവായയില്‍ നടക്കും.

ജില്ലയിലെ ഗാന്ധി ജയന്തിവാരാഘോഷം വിപുലമായ രീതിയില്‍ നടത്തുമെന്ന് ജില്ലാ കലക്ടര്‍ അമിത് മീണ അിറിയിച്ചു. സംസ്ഥാനത്ത് നേരിട്ട പ്രളയദുരന്തത്തിന്റെ പശ്ചാതലത്തില്‍ പ്രളയാനന്തര പുനര്‍നിര്‍മാണത്തിനും പുന:സ്ഥാപനത്തിനും ഊന്നല്‍ നല്‍കിയായിരിക്കും വാരാചരണം സംഘടിപ്പിക്കുക.പ്രളയത്തില്‍ നിന്ന് മാനസികവും ശാരീരികവുമായ മുക്തി നേടുന്നതിനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ വിവിധ വകുപ്പുകള്‍ ചേര്‍ന്ന് നടപ്പാക്കും.
     ജില്ലാ തല ഉദ്ഘാടനം തിരുനാവായ എം.ഇ.എസ്.സെന്‍ട്രല്‍ സ്‌കൂളില്‍ നടക്കും. വി.അബ്ദുറഹിമാന്‍ എം.എല്‍.എ.ഉദ്ഘാടനം ചെയ്യും. ഇതിന്റെ ഭാഗമായി രാവിലെ 8.30 ന് തിരുനാവായ ഗാന്ധി സ്തൂപത്തില്‍  പുഷ്പാര്‍ച്ചനയും സര്‍വ്വമത പ്രാര്‍ത്ഥനയും നടക്കും. ജില്ലാ കലക്ടര്‍ അമിത് മീണ,അസി.കലക്ടര്‍ വികല്‍പ്പ് ഭരദ്വാജ് ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. തുടര്‍ന്ന് പരിസ്ഥിതി സന്ദേശങ്ങളും മത സഹാര്‍ദ്ദ മുദ്രവാക്യങ്ങളുമായി നടക്കുന്ന റാലി തിരുനാവായ ഗാന്ധി സ്തൂപത്തില്‍ നിന്ന് ആരംഭിച്ച് എം.എസ് സ്‌കൂളില്‍ സമാപിക്കും. തുടര്‍ന്ന് അപകടങ്ങളെ തരണ ചെയ്യുന്നത് പരിശീലിപ്പിക്കുന്നതിന്റെ ഭാഗമായി ഫയര്‍ ഫോഴ്‌സിന്റെ ആഭിമുഖ്യത്തില്‍ കുട്ടികളെ പങ്കെടുപ്പിച്ച് ദുരന്ത നിവാരണ ഡ്രില്‍ നടത്തും. ജില്ലാ ഭരണകൂടം, ഇന്‍ഫര്‍മേഷന്‍-പബ്‌ളിക് റിലേഷന്‍സ് വകുപ്പ്,ഗാന്ധി ദര്‍ശന്‍ സമിതി,എന്‍.വൈ.കെ തുടങ്ങിയവരുടെ നേത്യത്വത്തിലാണ് പരിപാടി നടക്കുക.
അന്ന് രാവിലെ 8.30 മുതല്‍ സിവില്‍ സ്റ്റേഷന്‍ ശുചീകരണം നടക്കും. ജില്ലാ ഭരണകൂടം ഹരിത കേരള മിഷന്‍,എന്‍.വൈ.കെ, തുടങ്ങിയവരുടെ നേത്യത്വത്തിലായിരിക്കും. പരിപാടി. രാവിലെ 9 മണി മുതല്‍ ആരോഗ്യ വകുപ്പിന്റെ നേത്യത്വത്തില്‍ സെന്റ് ജമ്മാസ് സ്‌കൂളില്‍ കുട്ടികളെ പങ്കെടുപ്പിച്ച് പ്രളയാനന്തര മാനസിക പ്രശ്‌നങ്ങളും പരിഹാരവും എന്ന വിഷയത്തില്‍ ക്ലാസും തുടര്‍ന്ന് കൗണ്‍സിലിംഗും നടത്തും.
ഉച്ചക്ക് 2.30 ന് നെടുങ്കയം ട്രൈബല്‍ സ്‌കൂളില്‍ പട്ടികവര്‍ഗ്ഗ വകുപ്പും ആരോഗ്യ വകുപ്പും ചേര്‍ന്ന് പ്രളയാനന്തര മാനസിക പ്രശ്‌നങ്ങളില്‍ കുട്ടികളെ പങ്കെടുപ്പിച്ച് സെമിനാറും ചര്‍ച്ചയും കൗണ്‍സിലിംഗ് എന്നിവ നടത്തും. വിമുക്തി,എക്‌സെസ്, തുടങ്ങിയ വകുപ്പുകളും പരിപാടിയുമായി സഹകരിക്കും.
ഹരിത കേരള മിഷന്‍ന്റെ നേത്യത്വത്തിലുള്ള ഹരിത കര്‍മ്മസേനയെ ഒരാഴ്ച നീളുന്ന ശുചീകര പ്രവര്‍ത്തനങ്ങളും ബോധവത്കരണവും നടത്തും. ജില്ലയിലെ മുഴുവന്‍ ആശുപത്രികളും വാരാചരണ ക്കാലത്ത് ശുചീകരിക്കുന്നതിനും പദ്ധതി തയ്യാറാക്കിയിട്ടുണ്ട്.. ആരോഗ്യ വകുപ്പ് ട്രോമാ കെയര്‍ വളണ്ടിയര്‍, കുടുംബശ്രി. സന്നദ്ധ സംഘടനകള്‍ എന്നിവരുടെ സഹായത്തോടെയായിരിക്കും നടത്തുക.
മതില്‍മൂല കോളനിയോടനുബന്ധിച്ചുള്ള വഴി മാറിയ കാഞ്ഞിരപ്പുഴ പുഴയോട് ചേര്‍ന്ന് പുഴ നടത്തം സംഘടിപ്പിക്കും. ഇതിനു പുറമെ പരിസ്ഥിതി ചര്‍ച്ചകളും കൂട്ടായ്മയും സംഘടിപ്പിക്കും. വാരാചരണ ക്കാലത്ത് മുഴുവന്‍ ദിവസങ്ങളിലും പരിപാടികള്‍ നടത്താന്‍ എല്ലാ വകുപ്പുകള്‍ക്കും ജില്ലാ കലക്ടര്‍ നിര്‍ദ്ദേശം നല്‍കി. ഇതിന്റെ ഭാഗമായി തയ്യാറാക്കിയ പരിപാടികള്‍ പരിശോധിക്കുന്നതിന് ഒക്‌ടോബര്‍ ഒന്നിന് രാവിലെ 11 മണിക്ക് ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ യോഗം വിളിക്കും.  
കലക്‌ട്രേറ്റില്‍ നടന്ന യോഗത്തില്‍ ജില്ലാ പ്ലാനിംഗ് ഓഫിസര്‍ പി.പ്രദീപ് കുമാര്‍ ജില്ലാ മെഡിക്കല്‍ ഓഫിസര്‍ കെ.സക്കീന ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ സി.അയ്യപ്പന്‍,ഹരിത കേരള മിഷന്‍ ജില്ലാ കോഡിനേറ്റര്‍ പി.രാജു, വിമുക്തി ജില്ലാ കോഡിനേറ്റര്‍ പി.ഹരിലാല്‍ എന്നിവര്‍ പങ്കെടുത്തു.

 

date