Skip to main content

ഭര്‍ത്താക്കന്‍മാര്‍ ജീവിച്ചിരിക്കെ വിധവാ പെന്‍ഷന്‍ വാങ്ങിയവരെ പട്ടികയില്‍ നിന്നും നീക്കം ചെയ്തു

ഭര്‍ത്താക്കന്‍മാര്‍ ജീവിച്ചിരിക്കെ വിധവാ പെന്‍ഷന്‍ കൈപ്പറ്റിയ മൂന്ന് പേരെ പെന്‍ഷന്‍ പട്ടികയില്‍ നിന്ന്  നീക്കം ചെയ്തു. കലക്ടറേറ്റിലെ പരാതിപ്പെട്ടിയില്‍ ലഭിച്ച പരാതിയെ തുടര്‍ന്നാണ് നടപടി. പാണ്ടിക്കാട് ഗ്രാമപഞ്ചായത്തില്‍ മൂന്ന് പേര്‍ അനധികൃതമായി പെന്‍ഷന്‍ വാങ്ങുന്നുണ്ടെന്നായിരുന്നു പരാതി. തുടര്‍ന്ന്  പഞ്ചായത്ത് സെക്രട്ടറിയില്‍ നിന്ന്  റിപ്പോര്‍ട്ട് തേടി. പെന്‍ഷന്‍ കൈപ്പറ്റിയവരുടെ ഭര്‍ത്താക്കന്‍മാര്‍ ജീവിച്ചിരിക്കുന്നുണ്ടെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചതോടെ ആവശ്യമായ നടപടി സ്വീകരിക്കാന്‍ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് റിപ്പോര്‍ട്ട് കൈമാറുകയായിരുന്നു.  
കരുളായി പഞ്ചായത്തില്‍ കെട്ടിട നമ്പര്‍ നല്‍കുന്നില്ലെന്ന പരാതിയില്‍ നടപടി സ്വീകരിച്ചതായി പഞ്ചായത്ത് സെക്രട്ടറി അഴിമതി നിരോധന സമിതിയെ അറിയിച്ചു. അഞ്ച് പരാതികളാണ് ഇന്ന് ലഭിച്ചത്. കോഴിക്കോട് - പാലക്കാട് റൂട്ടില്‍ റോഡരികിലെ കൈയ്യേറ്റം ഒഴിപ്പിക്കണമെന്ന പരാതി ദേശീയപാത എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ക്ക് കൈമാറി. മമ്പാട് പുള്ളിപ്പാടത്ത് അനധികൃത മണകല്‍കടത്ത് നടക്കുന്നുണ്ടെന്ന പരാതിയില്‍ അന്വേഷണം നടത്താന്‍ ഡിവൈഎസ്പിയോട് ആവശ്യപ്പെട്ടു. വ്യാജരേഖ ചമച്ച് ഊര്‍ങ്ങാട്ടിരിയില്‍ ഭൂമിക്ക് പട്ടയം നേടിയെന്ന പരാതി ആര്‍ഡിഒക്ക് കൈമാറി. വാഴക്കാട് ഭാഗത്ത് നിന്നും മണ്ണ്, മണല്‍ എന്നിവ കടത്തുന്നതായുള്ള പരാതി ജില്ലാ പൊലീസ് മേധാവി, ആര്‍ഡിഒ എന്നിവര്‍ക്ക് കൈമാറി
എഡിഎം വി.രാമചന്ദ്രന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന അഴിമതി നിവാരണ സമിതി യോഗത്തില്‍ ഹുസൂര്‍ ശിരസ്തദാര്‍ എ രാധ,  സമിതി അംഗം പി ഗൗരി, ജൂനിയര്‍ സുപ്രണ്ട് സിജി സാനു എന്നിവര്‍ പങ്കെടുത്തു.

 

date