Skip to main content

40 വയസ്സിന് മുകളിലുള്ള ആനകള്‍ക്ക് ഉപയുക്തത സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം

ഉത്സവ ആഘോഷങ്ങളില്‍  40 വയസ്സിന് മുകളിലുള്ള ആനകളെ എഴുന്നള്ളിക്കുമ്പോള്‍ ഉപയുക്തത സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമായും ഹാജരാക്കണമെന്ന് ജില്ലാ കലക്ടര്‍ അമിത് മീണ അറിയിച്ചു. നാട്ടാനകളുടെ എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട് കലക്ടറുടെ ചേമ്പറില്‍ നടന്ന യോഗത്തിലാണ് തീരുമാനം.
ഉത്സവങ്ങളില്‍ ആനയെ പങ്കെടുപ്പിക്കുന്നവര്‍ പരിപാടിയുടെ മൂന്ന് ദിവസം മുമ്പ് സോഷ്യല്‍ ഫോറസ്ട്രിയില്‍ അസിസ്റ്റന്‍ഡ് കണ്‍സര്‍വേറ്റര്‍ ഫോറസ്റ്റിന് അപേക്ഷ നല്‍കണം. അങ്ങനെ ലഭിക്കുന്ന അപേക്ഷകള്‍ക്ക് മാത്രമേ അനുമതി ലഭിക്കുകയുള്ളു. ആനയുടെ ഡാറ്റബുക്ക്, ഹെല്‍ത്ത് സര്‍ട്ടിഫിക്കറ്റ്, ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ്, 40 വയസ്സിനുമുകളിലുള്ള ആനകളുടെ ഉപയുക്തത സര്‍ട്ടിഫിക്കറ്റ് എന്നിവ ആനയുടെ നടത്തിപ്പുകാര്‍ പരിശോധനയക്ക് നല്‍കണം. ആനയുടെ ആരോഗ്യകാര്യങ്ങള്‍ ശ്രദ്ധിക്കുമ്പോള്‍ ആനയുടെ ചെറിയ പരിക്ക് പോലും കൃത്യമായി പരിശോധിക്കണമെന്നും കലക്ടര്‍ ആവശ്യപ്പെട്ടു.  എലിഫെന്‌റ് ഓണേഴ്‌സ് അസോസിയേഷന്‍ നിര്‍ബന്ധമായും എല്ലാ നിബന്ധനകളിലും സഹകരിക്കണമന്നും കലക്ടര്‍ കൂട്ടിച്ചേര്‍ത്തു. ഏകദിന നാട്ടാന കണക്കെടുപ്പ് നവംബര്‍ 22 രാവിലെ എട്ടിന് സോഷ്യല്‍ ഫോറസ്ട്രിയുടെ നേതൃത്വത്തില്‍ നടക്കുമെന്ന് അസിസ്റ്റന്‍ഡ് കണ്‍സര്‍വേറ്റര്‍ കെ.വി ഹരികൃഷ്ണന്‍ യോഗത്തില്‍ അറിയിച്ചു. മൂന്ന് ഗ്രൂപ്പുകളായി നടക്കുന്ന കണക്കെടുപ്പില്‍ വനംവകുപ്പ് ,സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍, രണ്ട് ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍, ഒരു ഡോക്ടര്‍ എന്നിവരടങ്ങുന്ന സംഘമാണ് ഉണ്ടായിരിക്കുക. യോഗത്തില്‍ വിവിധ താലൂക്കുകളിലെ തഹസില്‍ദാര്‍മാരും, ഉദ്യോഗസ്ഥരും, എലിഫന്റ് ഓണേഴ്‌സ് അസോസിയേഷന്‍ പ്രതിനിധികളും പങ്കെടുത്തു.

 

date