Skip to main content

ലോകബാങ്ക് പ്രതിനിധി സംഘം പെരിന്തല്‍മണ്ണ നഗരസഭ സന്ദര്‍ശിച്ചു .

    സംസ്ഥാനത്തെ നഗര പ്രദേശങ്ങള്‍ക്ക് പ്രത്യേക ധനസഹായത്തിന്റെ സാധ്യതകള്‍ പഠിക്കാന്‍ 11 അംഗ ലോകബാങ്ക് പ്രതിനിധി സംഘം പെരിന്തല്‍മണ്ണ നഗരസഭ സന്ദര്‍ശിച്ചു. മലിന ജലസംസ്‌കരണം, ഖരമാലിന്യ സംസ്‌കരണം - പ്രത്യേക പദ്ധതികള്‍  കുടിവെള്ളം ലഭ്യമാക്കല്‍, പൊതു സൗകര്യങ്ങള്‍  വര്‍ധിപ്പിക്കല്‍, ഹോസ്റ്റലടക്കം സ്ത്രീകള്‍ക്ക് പ്രത്യേക സൗകര്യങ്ങള്‍, റീക്രിയേഷന്‍ സെന്ററുകള്‍, സ്‌പോര്‍ട്‌സ് - ആര്‍ട്‌സ് വില്ലേജുകള്‍, ആധുനിക രീതിയില്‍ പച്ചക്കറി- മത്സ്യ മാര്‍ക്കറ്റുകള്‍, കമ്പ്യൂട്ടര്‍വത്കരിച്ച  മുന്‍സിപ്പാലിറ്റി കെട്ടിടം, സേവന സൗകര്യങ്ങള്‍ക്കായി ഫ്രണ്ട് ഓഫീസ് തുടങ്ങിയ സംവിധാനങ്ങള്‍ക്കുള്ള നിര്‍ദ്ദേശങ്ങളാണ് നഗരസഭ സംഘത്തിനെ അറിയിച്ചത്. സംസ്ഥാനത്തെ തെരഞ്ഞെടുത്ത നഗരസഭകള്‍ക്ക്  2019 മുതല്‍ 2024 വരെ 3000  കോടി രൂപയുടെ ധനസഹായമാണ് ലോകബാങ്ക് നല്‍കുക.
    2011 - 17 കാലയളവിലെ തദ്ദേശമിത്രം  ഒന്നാം ഘട്ട പദ്ധതിയില്‍  എല്ലാ നഗരസഭകളും ഗ്രാമ പഞ്ചായത്തുകളിലുമായി 44,000 ത്തോളം  പദ്ധതികള്‍ ചെയ്തു തീര്‍ക്കുകയും 97 ശതമാനം ഫണ്ടും ഉപയോഗപ്പെടുത്തുകയും ചെയ്തു. അര്‍ബന്‍ സ്‌പെഷലിസ്റ്റ് ഹര്‍ഷ് ഗോയലിന്റെ നേതൃത്വത്തിലുള്ള സംഘത്തില്‍ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് നഹോഷിബുയാ, സംസ്ഥാന ലോക്കല്‍ ഗവണ്‍മെന്റ് സര്‍വ്വീസ് ഡെലിവറി പ്രൊജക്ട്  ഡെപ്യൂട്ടി പ്രൊജക്ട് ഡയറക്ടര്‍ ഡോ. വി.പി സുകുമാരന്‍ തുടങ്ങിയവര്‍ ഉണ്ടായിരുന്നു. രാമനാട്ടുകര, കൊടുങ്ങല്ലൂര്‍, ആലപ്പുഴ, നോര്‍ത്ത് പറവൂര്‍ എന്നിവിടങ്ങളിലാണ് ലോകബാങ്ക് ഇനി സന്ദര്‍ശിക്കുന്നത്.

 

date