Skip to main content

ശബരിമല തീര്‍ത്ഥാടനത്തിന് മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയാക്കി വനം-വന്യജീവി വകുപ്പ് പെരിയാര്‍ വെസ്റ്റ് ഡിവിഷന്‍

 

 

ശബരിമല തീര്‍ത്ഥാടകരെ വരവേല്‍ക്കാന്‍ പരമ്പരാഗത പാതകളും അവശ്യ സേവനങ്ങളും സജ്ജീകരിച്ച് കേരള വനം- വന്യ ജീവി വകുപ്പ് പെരിയാര്‍ വെസ്റ്റ് ഡിവിഷന്‍. ശബരിമല മണ്ഡലകാല തീര്‍ത്ഥാടന വേളയില്‍ ദിനംപ്രതി ആയിരകണക്കിന് തീര്‍ത്ഥാടകര്‍ കടന്നു പോകുന്ന പരമ്പരാഗത പാതകള്‍ തെളിച്ച് സഞ്ചാരയോഗ്യമാക്കിയതായി പെരിയാര്‍  ടൈഗര്‍ റിസര്‍വ് വെസ്റ്റ് ഡിവിഷന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ഹാബി സി.കെ.അറിയിച്ചു. ശബരിമല തീര്‍ത്ഥാടകരുടെ പരമ്പരാഗത പാതകളായ അഴുതക്കടവ്- ചെറിയാനവട്ടം, സത്രം - സന്നിധാനം പരമ്പരാഗത പാതകള്‍ വെട്ടിതെളിച്ച് സഞ്ചാരയോഗ്യമാക്കി. പമ്പ-സന്നിധാനം പരമ്പരാഗത പാത ദേവസ്വം ബോര്‍ഡിന്റെ നേതൃത്വത്തിലാണ് യാത്രാ സജ്ജമാക്കുന്നത്.

  ശബരിമല തീര്‍ത്ഥാടനത്തിന്റെ സുഗമമായ നടത്തിപ്പിന് വിപുലമായ സജ്ജീകരണമാണ്‌വനം-വന്യജീവി വകുപ്പ്  ഒരുക്കുന്നത്.അഴുതക്കടവ് -ചെറിയാനവട്ടം പരമ്പരാഗത പാതയിലെ അഴുതക്കടവ്, കല്ലിടാം കുന്ന്, വള്ളിത്തോട്, വെള്ളാരംചെറ്റ, പുതുശേരി, കരിമല, വലിയാനവട്ടം, ചെറിയാനവട്ടം എന്നീ താവളങ്ങളില്‍ അടുത്ത ദിവസം മുതല്‍ സേവന കേന്ദ്രങ്ങള്‍ പ്രവര്‍ത്തിച്ചു തുടങ്ങും. സേവന കേന്ദ്രങ്ങളില്‍ സൗജന്യ ഔഷധ കുടിവെള്ളം, ശൗചാലയങ്ങള്‍, വെളിച്ചം, ആഹാരം, വിരി എന്നിവ ലഭ്യമാക്കും. ജില്ലാ കലക്ടര്‍ അംഗീകരിക്കുന്ന വിലനിലവാര പട്ടിക പ്രകാരമായിരിക്കും സേവന കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. പരമ്പരാഗതപാതകളില്‍ വെയ്സ്റ്റ് ബിന്നുകള്‍ സ്ഥാപിക്കും. 

എല്ലാ താവളങ്ങളിലും സ്ട്രെച്ചര്‍ സംവിധാനവും അഴുതക്കടവില്‍ ആംബുലന്‍സ് സൗകര്യവും ഏര്‍പ്പെടുത്തും. അഴുതക്കടവ്, കല്ലിടാംകുന്ന്, മുക്കുഴി, പുതുശേരി, എന്നീ താവളങ്ങളില്‍ വൈദ്യസഹായം ക്രമീകരിക്കും. ബോധവത്ക്കരണത്തിന് ഉച്ചഭാഷിണി സൗകര്യം ഏര്‍പ്പെടുത്തും. മതിയായ ദിശാസൂചികകളും ബോധവത്ക്കരണ ബോര്‍ഡുകളും സ്ഥാപിക്കും.

പാതകളിലെ ആനത്താരകളില്‍ നിന്നും മൃഗങ്ങളെ വഴി തിരിച്ചുവിടുന്നതിന് എലിഫന്റ് സ്‌ക്വാഡുകള്‍ പ്രവര്‍ത്തിക്കും.  വന്യജീവി ആക്രമണം തടയുന്നതിനായി വൈല്‍ഡ് വാച്ച് എന്ന എസ് എം എസ് സംവിധാനം ആരംഭിക്കും.

പരമ്പരാഗത പാതയില്‍ വയര്‍ലെസ് സംവിധാനം കാര്യക്ഷമമാക്കും. 

സത്രം-സന്നിധാനം പരമ്പരാഗത പാതയിലെ സത്രം, സീതക്കുളം, സീറോ പോയിന്റ്, ഉപ്പുപാറ, കഴുതക്കുഴി എന്നീ സ്ഥലങ്ങളില്‍ സൗജന്യ കുടിവെള്ള സംവിധാനം ഒരുക്കും. ഉപ്പുപാറയില്‍ ഭക്ഷണം നല്‍കുന്നതിന് എക്കോ ഷോപ്പ് സജ്ജമാക്കും. സത്രത്തില്‍ ഇന്‍ഫര്‍മേഷന്‍ സെന്ററും ഉപ്പുപാറയില്‍ എലഫന്റ് സ്‌ക്വാഡും പ്രവര്‍ത്തിക്കും. ഉപ്പുപാറയിലും സത്രത്തിലും പ്രഥമ ശുശ്രൂഷാ സൗകര്യം ഉണ്ടായിരിക്കും.

മുക്കുഴി, ചെറിയാനവട്ടം, പമ്പ എന്നീ സ്ഥലങ്ങളിലും ഇന്‍ഫര്‍മേഷന്‍ സെന്ററുകള്‍ പ്രവര്‍ത്തിക്കും.  

date