Skip to main content

ഹരിതചട്ടം പാലിക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ  കര്‍ശന നടപടി എടുക്കും: ജില്ലാ കളക്ടര്‍

ജില്ലയില്‍ വിവാഹങ്ങള്‍ ഉള്‍പ്പടെയുള്ള പൊതുചടങ്ങുകള്‍ക്കും ഓഡിറ്റോറിയങ്ങളും കാറ്ററിംഗ് സ്ഥാപനങ്ങളും ഹരിതചട്ടം പാലിക്കണമെന്നും  ഇതു പാലിക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടി എടുക്കുമെന്നും ജില്ലാകളക്ടര്‍ ഡോ.ഡി.സജിത്ത് ബാബു പറഞ്ഞു. ജില്ലയെ മാലിന്യവിമുക്തമാക്കുന്നതിന് കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന  വിവിധ സംഘടനകള്‍, ക്ലബുകള്‍ എന്നിവയുടെ യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. 
   ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ തയ്യാറാക്കുന്ന ജില്ലാ ഡവലപ്‌മെന്റ് പ്ലാന്‍ നടപ്പിലാക്കുന്നതിന് റസിഡന്‍സ് അസോസിയേഷനുകള്‍, പീപ്പിള്‍സ് ഫോറം, ലയണ്‍സ് ക്ലബ്, റോട്ടറി ക്ലബ്  എന്നിവയ്ക്ക് സുപ്രധാന പങ്ക് വഹിക്കാനാകും. പൊതുസ്ഥലത്തോ ജലസ്രോതസിലോ മാലിന്യം തള്ളുന്നവരുടെ വിവരങ്ങള്‍ തരുന്നതിന് ഇത്തരം സംഘടനകളുടെ സഹകരണം ഉണ്ടാകണം.ഇതിനുവേണ്ടി റസിഡന്‍സ് അസോസിയേഷനുകളുടെ ഒരു അടിയന്തര യോഗം വിളിച്ച് ചേര്‍ക്കും. ജില്ലയിലെ മാലിന്യം നിറഞ്ഞ തോടുകളും പുഴകളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ ശുചിത്വമിഷന്‍ വൃത്തിയാക്കും. ഇതിനും എല്ലാ സംഘടനകളും സഹകരിക്കണമെന്ന് കളക്ടര്‍ അറിയിച്ചു.  പോലീസ് സ്റ്റേഷനുകളില്‍ പിടിച്ചെടുത്ത തൊണ്ടിയല്ലാത്ത വാഹനങ്ങള്‍ ലേലം ചെയ്യുമെന്നും ദേശീയ പാതയുടെ ഇരുവശത്തും അനാഥമായി കിടക്കുന്ന വാഹനങ്ങള്‍ പിടിച്ചടുക്കുമെന്നും കളക്ടര്‍ അറിയിച്ചു. 
    യോഗത്തില്‍ ശുചിത്വ മിഷന്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ സി.രാധാകൃഷ്ണന്‍, വിവിധ റസിഡന്‍സ് അസോസിയേഷന്‍ ഭാരവാഹികള്‍, ക്ലബ് സെക്രട്ടറിമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

date