Skip to main content

ആനപ്പാറ ഗവണ്‍മെന്‍റ് എല്‍പിസ്കൂളിന്‍റെ അറ്റകുറ്റപ്പണികള്‍ ഉടന്‍ നടത്തണം ڊകോഴഞ്ചേരി താലൂക്ക് വികസന സമിതി

    ആനപ്പാറ ഗവണ്‍മെന്‍റ് എല്‍പി സ്കൂളിന്‍റെ അറ്റകുറ്റപ്പണികള്‍ ഉടന്‍ നടത്തണമെന്ന് കോഴഞ്ചേരി താലൂക്ക് വികസന സമിതിയില്‍ ആവശ്യമുയര്‍ന്നു. നൂറോളം കുട്ടികള്‍ പഠിക്കുന്ന സ്കൂള്‍ അപകടാവസ്ഥയിലായതിനാല്‍ പുനരുദ്ധാരണ പണികള്‍ അടിയന്തരമായി ഏറ്റെടുക്കേണ്ടത് അത്യാവശ്യമാണെന്ന് യോഗം വിലയിരുത്തി. ജില്ലാ വെറ്ററിനറി ഓഫീസിന് സമീപം മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നത് തടയുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും ഇലന്തൂര്‍ നെടുമുരുപ്പ് ഭാഗത്ത് പുറമ്പോക്ക് സ്ഥലം കണ്ടെത്തി പൊതുശ്മശാനം നിര്‍മിക്കണ മെന്ന് ഇലന്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സാംസണ്‍ തെക്കേതില്‍ ആവശ്യപ്പെട്ടു. കോഴഞ്ചേരി കുടിവെള്ള വിതരണ ട്രീറ്റ്മെന്‍റ് പ്ലാന്‍റിന്‍റെ നിര്‍മാണ നടപടി ഉടന്‍ പുനരാരംഭിക്കണമെന്നും ടിബി ജംഗ്ഷന്‍ മുതല്‍ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡ് വരെയുള്ള വണ്‍വേ റോഡിന്‍റെ വീതി കൂട്ടണമെന്നും തെക്കേമലയില്‍ സിഗ്ന ല്‍ ലൈറ്റ് സ്ഥാപിക്കണമെന്നും കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡന്‍റ് എംഎസ് പ്രകാശ്കുമാര്‍ ആവശ്യപ്പെട്ടു. ഊന്നുകല്‍ മുറിപ്പാറ റോഡില്‍ തയ്യില്‍ പടിയില്‍ അപകടകരമായ വളവില്‍ ഇന്‍റര്‍ലോക്കോ ഐറിഷ് ഓടയോ നിര്‍മിച്ച് അപകടങ്ങള്‍ ഒഴിവാക്കണമെന്നും കോഴഞ്ചേരി പത്തനംതിട്ട റോഡില്‍ സെന്‍റ് പീറ്റേഴ്സ് ജംഗ്ഷനില്‍ ട്രാഫിക് സിഗ്നലില്‍ ക്രമരഹിതമായി വാഹനങ്ങള്‍ നിര്‍ത്തിയിടുന്നത് ഇടതുവശത്തേക്ക് തിരിയുന്ന വാഹനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുമെന്നതിനാല്‍ ഇത് ഒഴിവാക്കണമെന്നും ആവശ്യമുയര്‍ന്നു. പത്തനംതിട്ടയിലും സമീപ സ്ഥലങ്ങളിലും സാധനങ്ങളുടെ വിലക്കയറ്റം നിയന്ത്രിക്കുന്നതിന് നടപടികള്‍ സ്വീകരിക്കണമെന്നും മത്സ്യവിപണനവുമായി ബന്ധപ്പെട്ട ക്രമക്കേടുകള്‍ സിവില്‍ സപ്ലൈസ് വകുപ്പും ലീഗല്‍ മെട്രോളജി വകുപ്പും സംയുക്ത പരിശോധന നടത്തി കണ്ടെത്തണമെന്നും ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് എം ബി സത്യന്‍ ആവശ്യപ്പെട്ടു. യോഗത്തില്‍ തഹസീല്‍ദാര്‍ ബി.ജ്യോതി, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ ആര്‍.എം.ജമാല്‍, റ്റിറ്റി ജോണ്‍സ് തുടങ്ങിയവര്‍ പങ്കെടുത്തു.                                            (പിഎന്‍പി 3658/17)

date