Skip to main content

സംഘാടക സമിതി രൂപീകരിച്ചു വനിതാ മതില്‍ ചരിത്ര സംഭവമാകും; സ്ത്രീ ശക്തി അലയടിക്കും: മന്ത്രി കെ. രാജു

 

 കേരളത്തിന്റെ സാമൂഹിക പരിഷ്‌കരണവും, നവോഥാന മൂല്യങ്ങളും, സ്ത്രീ പുരുഷ സമത്വവും സംരക്ഷിക്കുന്നതിനുള്ള ആശയ പ്രചാരണത്തിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ ജനുവരി ഒന്നിന് സംഘടിപ്പിക്കുന്ന വനിതാ മതില്‍ ചരിത്രസംഭവമായി മാറുമെന്ന് വനം വകുപ്പ് മന്ത്രി അഡ്വ.കെ. രാജു പറഞ്ഞു. പത്തനംതിട്ട കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന സംഘാടക സമിതി യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. 

വനിതാ മതിലില്‍ കേരളത്തിലെ സ്ത്രീ ശക്തി അലയടിക്കുമെന്നും മന്ത്രി പറഞ്ഞു. 

നവോഥാന മൂല്യങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള ജനകീയ മുന്നേറ്റത്തിന്റെ ഭാഗമാണ് വനിതാ മതില്‍. സമൂഹ മനസാക്ഷിയെ ഉണര്‍ത്തുന്നതിനാണ് ഈ പ്രചാരണം. സമൂഹത്തിന്റെ നിലനില്‍പ്പിന് അനിവാര്യമായതിനാല്‍ സര്‍ക്കാര്‍ തല പരിപാടിയായാണ് വനിതാ മതില്‍ പ്രചാരണം നടത്തുന്നത്. നിരവധി സാമൂഹിക, സാംസ്‌കാരിക സംഘടനകള്‍ വനിതാ മതിലിന് പിന്തുണ വാഗ്ദാനം ചെയ്തിട്ടുണ്ട്. കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ 620 കിലോമീറ്റര്‍ നീളത്തില്‍ അണിനിരക്കുന്ന വനിതാ മതില്‍ ചരിത്രത്തില്‍ ഇടംപിടിക്കും. 

സാമൂഹികമായ ലക്ഷ്യം മുന്‍നിര്‍ത്തി നടത്തുന്ന വനിതാ മതിലില്‍ എല്ലാവരും പങ്കാളികളാകണം. വനിതാ മതില്‍ വിജയിപ്പിക്കുന്നതിന് വലിയ മുന്നൊരുക്കവും പ്രയത്‌നവും എല്ലാവരുടേയും ഭാഗത്തു നിന്നും ഉണ്ടാകണം. സമൂഹത്തിന് വലിയ ലക്ഷ്യബോധം നല്‍കുന്നതിന് വനിതാ മതില്‍ ഉപകരിക്കും. കേരളത്തെ ഭ്രാന്താലയമാക്കാന്‍ നടത്തുന്ന ഛിദ്ര പ്രവര്‍ത്തനങ്ങള്‍ക്ക് വനിതാ മതില്‍ തടയിടും. നവോഥാന സംഘടനകള്‍ ഉള്‍പ്പെടെ ചരിത്രത്തിന്റെ ഭാഗമാകാന്‍ ആഗ്രഹിക്കുന്ന എല്ലാവരും വനിതാ മതിലിനായി അണിനിരക്കണമെന്നും മന്ത്രി അഭ്യര്‍ഥിച്ചു.

കേരളത്തിന്റെ നവോഥാന മൂല്യങ്ങള്‍ തകര്‍ക്കുന്നതിനുള്ള ശ്രമങ്ങള്‍ക്കെതിരേ സ്ത്രീ ശക്തി തീര്‍ക്കുന്ന പ്രതിരോധമാണ് വനിതാ മതില്‍ എന്ന് വീണാ ജോര്‍ജ് എംഎല്‍എ പറഞ്ഞു. മതേതരത്വവും ജനാധിപത്യവും സംരക്ഷിക്കുന്നതിനുള്ള ഉത്തരവാദിത്വം ഓരോ വ്യക്തിക്കുമുണ്ടെന്നും എംഎല്‍എ പറഞ്ഞു. 

 നവോഥാന മൂല്യങ്ങള്‍ സംരക്ഷിക്കുന്നതിനും സ്ത്രീ-പുരുഷ സമത്വം ഉയര്‍ത്തിപ്പിടിക്കുന്നതിനും സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന പ്രചാരണ പരിപാടിയാണ് വനിതാ മതിലെന്ന് ജില്ലാ കളക്ടര്‍ പി.ബി. നൂഹ് പറഞ്ഞു. ജനുവരി ഒന്നിന് നടക്കുന്ന വനിതാ മതിലില്‍ ജില്ലയില്‍ നിന്നും 60,000 പേരെ അരൂര്‍-ഓച്ചിറ ദേശീയ പാതയിലെ നിശ്ചിത സ്ഥലങ്ങളില്‍ അണിനിരത്തും. സ്ത്രീകളുടെയും കുട്ടികളുടെയും വകുപ്പ് മുഖ്യ സംഘാടനം നിര്‍വഹിക്കും. എല്ലാ സര്‍ക്കാര്‍ വകുപ്പുകളും സംഘാടനത്തിലും പങ്കാളിത്തത്തിലും പങ്ക് വഹിക്കും. ദേശീയ പാതയില്‍ വനിതാ മതിലിനായി വനിതകളെ എത്തിക്കുന്നതിന് വാഹനങ്ങള്‍ വികേന്ദ്രീകൃതമായി ലഭ്യമാക്കുന്ന സംവിധാനം സംഘടനകള്‍ ഉള്‍പ്പെടെ ഏര്‍പ്പെടുത്തണമെന്നും കളക്ടര്‍ പറഞ്ഞു. 

സമൂഹത്തിലെ വര്‍ധിച്ചു വരുന്ന ജീര്‍ണതകള്‍ക്കെതിരായാണ് വനിതാ മതില്‍ നിര്‍മിക്കുന്നതെന്ന് വനിതാ മതില്‍ സംസ്ഥാന കമ്മിറ്റി കണ്‍വീനര്‍ പുന്നല ശ്രീകുമാര്‍ പറഞ്ഞു. ഭാവിയിലേക്ക് മുന്നേറണമെങ്കില്‍ അവബോധമുള്ള സമൂഹം ആവശ്യമാണ്. നാടിന്റെ യശസ് ഇല്ലാതാകുന്നത് തടയേണ്ടതുണ്ട്. സമൂഹത്തിലെ എല്ലാവരും വനിതാ മതിലില്‍ പങ്കാളികളാകുകയും മറ്റു സംസ്ഥാനങ്ങള്‍ക്ക് മാതൃകയായി മാറുകയും വേണമെന്നും അദ്ദേഹം പറഞ്ഞു. 

ജനുവരി ഒന്നിന് നാലു മണിക്ക് അരൂര്‍-ഓച്ചിറ ദേശീയ പാതയില്‍ പത്തനംതിട്ട ജില്ലയില്‍ നിന്നുള്ളവര്‍ വനിതാ മതിലില്‍ അണിനിരക്കും. മൂന്നു മണിക്കു തന്നെ തീരുമാനിക്കപ്പെടുന്ന നിശ്ചിത സ്ഥലത്ത് വനിതകളെ എത്തിക്കണം. 3.45ന് റിഹേഴ്‌സല്‍ നടത്തും. വനിതാ മതില്‍ സംഘടിപ്പിച്ചതിനു ശേഷം പ്രതിജ്ഞയെടുക്കുകയും നിശ്ചിത സ്ഥലങ്ങളില്‍ യോഗങ്ങള്‍ ചേരുകയും ചെയ്യും. വനിതാ മതിലില്‍ ജില്ലയിലെ പ്രമുഖ വ്യക്തികളും അണിനിരക്കും. 

മന്ത്രി കെ. രാജു, ആന്റോ ആന്റണി എംപി, എംഎല്‍എമാരായ മാത്യു ടി തോമസ്, രാജു ഏബ്രഹാം, വീണാ ജോര്‍ജ്, ചിറ്റയം ഗോപകുമാര്‍, അടൂര്‍ പ്രകാശ് എന്നിവരാണ് മുഖ്യരക്ഷാധികാരികള്‍. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി സംഘാടക സമിതി ചെയര്‍പേഴ്‌സണും ജില്ലാ കളക്ടര്‍ പി.ബി. നൂഹ് ജനറല്‍ കണ്‍വീനറും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി. മണിലാല്‍ ജോയിന്റ് കണ്‍വീനറുമായി സംഘാടക സമിതി രൂപീകരിച്ചു. മുനിസിപ്പല്‍ ചെയര്‍മാന്‍മാര്‍, ഗ്രാമ-ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാര്‍, ജില്ലാ തല വകുപ്പ് മേധാവികള്‍, വിവിധ സംഘടനാ പ്രതിനിധികള്‍ എന്നിവരാണ് അംഗങ്ങള്‍. ഡിസംബര്‍ 20ന് മുന്‍പ് പഞ്ചായത്തുകളില്‍ സംഘാടക സമിതി ചേരും. തുടര്‍ന്ന് ഭവന സന്ദര്‍ശനം നടത്തിയും വിളംബര ജാഥ സംഘടിപ്പിച്ചും വനിതകളെയും കുട്ടികളെയും പരിപാടിയില്‍ അണിചേരാന്‍ ആഹ്വാനം ചെയ്യും. 

സ്‌കൂള്‍-കോളജ് വിദ്യാര്‍ഥികള്‍, അധ്യാപികമാര്‍, ആശ-അങ്കണവാടി വര്‍ക്കര്‍മാര്‍, തൊഴിലുറപ്പ് പ്രവര്‍ത്തകര്‍, കുടുംബശ്രീ, വനിതാ സഹകരണ സംഘങ്ങള്‍, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍, യുവജനകമ്മീഷന്‍, യുവജനസംഘടനകള്‍, തൊഴിലാളികള്‍, വിവര സാങ്കേതികരംഗത്തെ പ്രവര്‍ത്തകര്‍, വനിതാഗ്രൂപ്പുകള്‍, സാംസ്‌കാരിക രംഗത്തെ വനിതാ പ്രതിനിധികള്‍, ചലച്ചിത്ര, സാംസ്‌കാരിക, സാമൂഹിക രംഗങ്ങളിലുള്ളവര്‍, ഉന്നതപദവിയിലുള്ള വനിതകള്‍ തുടങ്ങിയവരെ പ്രചാരണ പരിപാടിയിലും വനിതാ മതിലിലും പങ്കെടുപ്പിക്കും. 

യോഗത്തില്‍ ഫോക്‌ലോര്‍ അക്കാദമി ചെയര്‍മാന്‍ സി.ജെ. കുട്ടപ്പന്‍, എഡിഎം പി.റ്റി. ഏബ്രഹാം, വനിതാ മതില്‍ സംസ്ഥാന കമ്മിറ്റി ജോയിന്റ് കണ്‍വീനര്‍ സി.പി. സുഗതന്‍, ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് പ്രൊഫ. ടി.കെ.ജി. നായര്‍, മൂലൂര്‍ സ്മാരകം പ്രസിഡന്റ് കെ.സി. രാജഗോപാലന്‍, സാമൂഹിക പ്രവര്‍ത്തക ഡോ. എം.എസ്. സുനില്‍, പിആര്‍ഡി മേഖലാ ഡെപ്യുട്ടി ഡയറക്ടര്‍ അബ്ദുള്‍ റഷീദ്, സാമൂഹിക നീതി വകുപ്പ് ജില്ലാ ഓഫീസര്‍ എല്‍. ഷീബ,  വിവിധ സംഘടനാ പ്രതിനിധികള്‍, സര്‍വീസ് സംഘടനാ പ്രതിനിധികള്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 

date