Skip to main content

കാര്‍ഷിക മേഖലയ്ക്ക് കൈത്താങ്ങുമായി 2500 തൊഴിലുറപ്പ് തൊഴിലാളികള്‍

 

തേങ്കുറിശ്ശി ഗ്രാമപഞ്ചായത്തിലെ കാര്‍ഷിക മേഖലയ്ക്ക് കരുത്തും കൈത്താങ്ങുമായി തൊഴിലുറപ്പ് പദ്ധതി. കുടിവെള്ളത്തിനും ജലസേചനത്തിനുമായി പഞ്ചായത്തില്‍ 2018- 19 സാമ്പത്തിക വര്‍ഷത്തില്‍ നിര്‍മിച്ചത് ഇരുപതോളം കിണറുകളും കൊക്കര്‍ണികളുമാണ്. ജില്ലയിലെ പ്രധാനപ്പെട്ട കാര്‍ഷിക മേഖലകളിലൊന്നാണ് തേങ്കുറിശ്ശിയെങ്കിലും ജലദൗര്‍ലഭ്യം അനുഭവപ്പെടുന്ന മേഖല കൂടിയാണിത്. ഇതിനൊരു പരിഹാരമായാണ് ഗ്രാമപഞ്ചായത്തിനു കീഴിലുള്ള തൊഴിലുറപ്പ് പദ്ധതിയിലൂടെ പഞ്ചായത്തില്‍ കിണറുകളും കൊക്കര്‍ണികളും നിര്‍മിക്കാന്‍ തീരുമാനിച്ചത്. 73226 തൊഴില്‍ ദിനങ്ങള്‍ ഇതിലൂടെ സൃഷ്ടിക്കാന്‍ സാധിച്ചിട്ടുണ്ട്. രണ്ട് കോടി ഒമ്പത് ലക്ഷം രൂപയാണ് 2500 ഓളം തൊഴിലാളികള്‍ക്കായി പദ്ധതിയിലൂടെ വിതരണം ചെയ്തത്. 
കാര്‍ഷികാവശ്യത്തിന് ജലം സംഭരിക്കുന്ന വലിയ ജലസംഭരണികളാണ് കൊക്കര്‍ണികള്‍. ഗ്രാമസഭകളിലൂടെ ഉപഭോക്താക്കളെ കണ്ടെത്തി സൗജന്യമായാണ് ആവശ്യക്കാര്‍ക്ക് ഇവ നിര്‍മിച്ചു കൊടുത്തിരിക്കുന്നത്. നാലായിരത്തോളം തൊഴില്‍ദിനങ്ങള്‍ കൊണ്ടാണ് പ്രവൃത്തികള്‍ പൂര്‍ത്തികരിച്ചിരിക്കുന്നത്.  കിണര്‍, കൊക്കര്‍ണികള്‍ എന്നിവയ്ക്കു പുറമേ നാമാവശേഷമായ നിരവധി കുളങ്ങള്‍ പുനരുജ്ജീവിപ്പിക്കുകയും കൃഷിക്ക് ഉപയോഗപ്രദമാക്കുകയും ചെയ്തു. കൂടാതെ നിരവധി മണ്ണ്, ജലസംരക്ഷണ പ്രവൃത്തികളും തൊഴിലുറപ്പ് തൊഴിലാളികള്‍ ഏറ്റെടുത്ത് നടപ്പാക്കിയിട്ടുണ്ട്. കൃഷിസ്ഥലങ്ങളില്‍ മണ്‍കൈയാലകള്‍ നിര്‍മിക്കുകയും ചെയ്തിട്ടുണ്ട്. ജലസേചന കനാലുകള്‍ വൃത്തിയാക്കി ജലമൊഴുക്ക് സുഗമമാക്കി.  
കാര്‍ഷികാഭിവൃദ്ധിക്കായി ഏറ്റെടുത്തിട്ടുള്ള നിരവധി പ്രവൃത്തികള്‍ പുരോഗമിക്കുകയാണ്. പഞ്ചായത്തിന് കീഴില്‍ നാലായിരത്തോളം തൊഴിലാളികള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. തൊഴില്‍ ലഭ്യതയ്ക്കനുസരിച്ച് തൊഴില്‍ദിനങ്ങള്‍ നല്‍കിയിട്ടുള്ളതായി തൊഴിലുറപ്പ് പദ്ധതി അസി.എന്‍ജിനീയര്‍ രാജന്‍ പറഞ്ഞു. ഇതിനു പുറമെ പഞ്ചായത്തില്‍ റോഡ് നിര്‍മാണത്തിലും പങ്കുവഹിച്ചിട്ടുണ്ട്. 2200 തൊഴില്‍ദിനങ്ങളില്‍ നാല് റോഡുകളാണ് തൊഴിലുറപ്പ് പദ്ധതിക്കു കീഴില്‍ നിര്‍മിച്ചിരിക്കുന്നത്. ലൈഫ് പദ്ധതിയിലുള്ള വീടുകളുടെ നിര്‍മാണത്തിലും തൊഴില്‍ദിനങ്ങള്‍ സൃഷ്ടിക്കാന്‍ കഴിഞ്ഞിട്ടുണ്ട്.

date