Skip to main content

കൈത്തറി തൊഴിലാളികള്‍ക്കും മക്കള്‍ക്കുമുള്ള  ആനുകൂല്യങ്ങള്‍ വര്‍ധിപ്പിച്ചു പുത്തന്‍ ഉണര്‍വേകിയത് യൂനിഫോം പദ്ധതിയെന്ന്  ബോര്‍ഡ് ചെയര്‍മാന്‍

കൈത്തറി തൊഴിലാളി ക്ഷേമനിധി അംഗങ്ങള്‍ക്കുള്ള വിവിധ ആനുകൂല്യങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ വര്‍ദ്ധിപ്പിച്ചതായി ബോര്‍ഡ് ചെയര്‍മാന്‍ അരക്കന്‍ ബാലന്‍ അറിയിച്ചു. സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കിയ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് കൈത്തറി യൂനിഫോം പദ്ധതി ചക്രശ്വാസം വലിക്കുകയായിരുന്ന കൈത്തറി മേഖലയുടെ പുത്തനുണര്‍വിന് കാരണമായതായും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. 

കൈത്തറി മേഖലയെ ശക്തിപ്പെടുത്താന്‍ വിവിധ നടപടികളാണ് സംസ്ഥാന സര്‍ക്കാര്‍ കൈക്കൊണ്ടത്. ക്ഷേമനിധി അംഗങ്ങളായ കൈത്തറി തൊഴിലാളികള്‍ക്കുള്ള വിവിധ ആനുകൂല്യങ്ങളും അവരുടെ മക്കള്‍ക്കുള്ള വിദ്യാഭ്യാസ സഹായവും ഗണ്യമായ തോതില്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. ഈ വര്‍ഷം ജനുവരി മുതല്‍ വര്‍ധന പ്രാബല്യത്തില്‍ വരും. ഇതിന്റെ ഭാഗമായി വിവാഹ ധനസഹായം 3000 രൂപയില്‍ നിന്ന് 5000 രൂപയായും ചികില്‍സാ ധനസഹായം 5000 രൂപയില്‍ നിന്ന് 10000 രൂപയായും വര്‍ദ്ധിപ്പിച്ചു. മരണാനന്തര ധനസഹായം 5000 രൂപയായിരുന്നത് 25000 രൂപയാക്കി. പ്രസവാനുകൂല്യം 13500 രൂപയാക്കി. ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കുള്ള സഹായം 300ല്‍ നിന്ന് 500 രൂപയാക്കി ഉയര്‍ത്തിയിട്ടുണ്ട്. പ്രീഡിഗ്രി, ടിടിസി, ഐടിഐ വിദ്യാര്‍ഥികളുടേത് 450 രൂപയായിരുന്നത് 750 രൂപയാക്കി. ഡിഗ്രിക്കാരുടേത് 750 രൂപയും, ഡിപ്ലോമക്കാരുടേത് 1000 രൂപയും ആയി വര്‍ധിപ്പിച്ചു. പിജി, ബിഎഡുകാര്‍ക്ക് നിലവില്‍ നല്‍കിവരുന്ന 800ല്‍ നിന്ന് 1000 രൂപയും എല്‍എല്‍ബി-ബിഎസ് സി നഴ്‌സിംഗ് ചെയ്യുന്നവര്‍ക്ക് 1050ല്‍ നിന്ന് 2000 രൂപയും പ്രഫഷനല്‍ കോഴ്‌സുകള്‍ ചെയ്യുന്നവര്‍ക്ക് 2100ല്‍ നിന്ന് 5000 രൂപയായും ഉയര്‍ത്തിയതായും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് 51000 പേരാണ് ക്ഷേമനിധി അംഗങ്ങളായുള്ളത്. 10340 പേര്‍ പെന്‍ഷന്‍ വാങ്ങിവരുന്നവരാണ്. 

ബോര്‍ഡിനെ സാമ്പത്തികമായി ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി പ്രതിമാസം അംശദായം തൊഴിലാളിയുടേത് 10 രൂപയും തൊഴിലുടമയുടേത് 20 രൂപയും സ്വയംതൊഴില്‍ ചെയ്യുന്നവരുടേത് 30 രൂപയുമായും കഴിഞ്ഞ ഒക്ടോബര്‍ മുതല്‍ വര്‍ധിപ്പിച്ചിരുന്നു. 

വീടുകളില്‍ ജോലിചെയ്യുന്ന ഒറ്റത്തറി തൊഴിലാളികള്‍ക്ക് വര്‍ഷങ്ങളായി മുടങ്ങിക്കിടക്കുകയായിരുന്ന 3750 രൂപയുടെ ഇന്‍കം സപ്പോര്‍ട്ട് ഇന്‍സെന്റീവ് സര്‍ക്കാര്‍ അനുവദിച്ചതായും ചെയര്‍മാന്‍ അറിയിച്ചു. പെന്‍ഷന്‍ കുടിശ്ശിക തീര്‍ത്ത് സമയബന്ധിതമായി വിതരണം ചെയ്യാന്‍ സര്‍ക്കാരിന് സാധിച്ചു. 10 വര്‍ഷത്തിനു ശേഷം ആദ്യമായി തൊഴിലാളിക്ക് പ്രതിദിനം 100 രൂപ മുതല്‍ 110 രൂപ വരെ അധികം ലഭിക്കുന്ന രീതിയില്‍ മിനിമം വേതനം സര്‍ക്കാര്‍ പുതുക്കി നിശ്ചയിച്ചതായും അദ്ദേഹം പറഞ്ഞു. 

നിലവിലെ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം നടപ്പിലാക്കിയ സ്‌കൂള്‍ യൂനിഫോം പദ്ധതി തകര്‍ന്നുകിടക്കുകയായിരുന്ന കൈത്തറി മേഖലയ്്്ക്ക് പുത്തനുണര്‍വാണ് നല്‍കിയത്. തൊഴിലാളികളെ മേഖലയില്‍ പിടിച്ചുനിര്‍ത്താനും ഒഴിഞ്ഞുപോയവരെ തിരികെയെത്തിക്കാനും പദ്ധതി സഹായകമായി. പുതുതായി മേഖലയിലേക്ക് കടന്നുവരുന്നവര്‍ക്ക് പരിശീലനം നല്‍കുന്ന പദ്ധതിയും ആരംഭിച്ചിട്ടുണ്ട്. മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി സ്ത്രീകളാണ് കൈത്തറി മേഖലയിലേക്ക് കൂടുതലായി കടന്നുവരുന്നത്. കൈത്തറി ഉല്‍പ്പന്നങ്ങള്‍ക്ക് നല്‍കിവന്നിരുന്ന 10 ശതമാനം റിബേറ്റ്, നൂലിന് നല്‍കിയിരുന്ന സബ്‌സിഡി തുടങ്ങിയവ നിര്‍ത്തലാക്കിയ കേന്ദ്ര സര്‍ക്കാരിന്റെ നടപടിയാണ് കൈത്തറി മേഖലയെ പ്രതിസന്ധിയിലേക്ക് തള്ളിവിട്ടതെന്നും അദ്ദേഹം പറഞ്ഞു. പിആര്‍ഡി ചേംബറില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ ക്ഷേമനിധി ബോര്‍ഡ് സിഇഒ എഎന്‍ ബേബി കാസ്‌ട്രോയും പങ്കെടുത്തു. 

 

date